കോഴിക്കോട് : കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി കൊലപാതകങ്ങൾക്ക് ഉപയോഗിച്ച ,സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടിൽവച്ചെന്ന് കൂട്ടുപ്രതി എം.എസ്. മാത്യു. പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മാത്യു ഇക്കാര്യം സമ്മതിച്ചത്. പൊന്നാമറ്റത്ത് വച്ച് രണ്ടുതവണ സയനൈഡ് നൽകിയതായി മാത്യു പറഞ്ഞു. ഒരു കുപ്പിയിലെ സയനൈഡ് ഉപയോഗിച്ചെന്നും ഒന്നിലേത് ഒഴുക്കിക്കളഞ്ഞെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തി.
ജോളിയുടെ ആദ്യഭർത്താവ് റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിലിന് മദ്യത്തിൽ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്‍കി. മാത്യു മഞ്ചാടിയിലിനൊപ്പം പലപ്പോഴും മദ്യപിച്ചിരുന്നുവെന്ന് ജോളി സമ്മതിച്ചു.
കൊലപാതകപരമ്പരയിൽ ആദ്യമൂന്നുമരണം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്.പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. എന്നാൽ ജോളിയെ എത്തിച്ചപ്പോൾ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ കൂകി വിളിച്ചു. ഗൃഹനാഥനായ ടോം ജോസ്, ഭാര്യ അന്നാമ്മ, ഇവരുടെ മകനും ജോളിയുടെ ആദ്യ ഭർത്താവുമായ റോയി എന്നിവരാണ് ഈ വീട്ടിൽ കൊല്ലപ്പെട്ടത്. റോയിയെ കൊലപ്പെടുത്താൻ നാലു കാരണങ്ങളാണ് ജോളി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷയിൽ പരാമർശിക്കുന്നുണ്ട്. പരപുരുഷബന്ധം ആരോപിച്ച് റോയി നിരന്തരം ചോദ്യംചെയ്തു, റോയിയുടെ അമിതമദ്യപാനം, അന്ധവിശ്വാസം, റോയിക്ക് സ്ഥിരവരുമാനം ഇല്ലാത്തതിനാൽ തനിക്കുണ്ടായ കടുത്ത നിരാശ എന്നിവ കൊലയ്ക്കു പ്രേരണയായെന്ന് ജോളി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ജോളിയുടെ വിദ്യാഭ്യാസരേഖകൾ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആധാർ, റേഷൻകാർഡ് തുടങ്ങിയവയും വീട്ടിൽ ഇല്ലെന്നാണ് ജോളി അറിയിച്ചത്. ഒന്നരയോടെ ജോളിയെ സമീപത്തെ മാത്യു മഞ്ചാടിയിലിന്റെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു.