മോസ്കോ: ആദ്യമായി ബഹിരാകാശത്ത് കൂടി നടന്ന വ്യക്തിയായ അലക്സി ലിയനോവ് അന്തരിച്ചു. 85 വയസായിരുന്നു. 1965 മാർച്ചിൽ വോസ്ഖോഡ് 2 എന്ന വാഹനത്തിൽ ബഹിരാകാശത്ത് എത്തിയ അദ്ദേഹം 12 മിനിട്ടും ഒമ്പത് സെക്കന്റും ബഹിരാകാശത്തിലൂടെ നടന്നു. ആദ്യമായി ബഹിരാകാശത്ത് പോയ യൂറി ഗഗാറിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. ദേശീയ - അന്താഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. എഴുത്തുകാരൻ, ചിത്രകാരൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. മോസ്കോയിലെ ബർഡെങ്കോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരിയായ ടമാര വോളിനോവയാണ് ഭാര്യ. ഒക്സാവ, വിക്ടോറിയ എന്നിവരാണ് മക്കൾ.