50എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം
തിരുവനന്തപുരം:അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ രണ്ട് വർഷം കൊണ്ട് അടച്ചുപൂട്ടിയ ഇടുക്കി ഗവ.മെഡിക്കൽ കോളേജിന് ഉടൻ കേന്ദ്രാനുമതി ലഭിക്കും.
മെഡിക്കൽ കൗൺസിൽ നിർദ്ദേശിച്ച എല്ലാ സൗകര്യങ്ങളുമൊരുക്കിയ ശേഷം ആരോഗ്യസർവകലാശാലയുടെ അഫിലിയേഷൻ, സർക്കാരിന്റെ ശുപാർശ, ഭൂരേഖകൾ, പാരിസ്ഥിതികാനുമതി എന്നിവ സഹിതം വീണ്ടും അപേക്ഷിക്കുകയായിരുന്നു. മുൻവർഷങ്ങളിൽ അപേക്ഷ അതേപടി തിരിച്ചയയ്ക്കന്നതായിരുന്നു പതിവ്. സ്വന്തം ഭൂമിയില്ലെന്നതായിരുന്നു ഏറ്റവും വലിയ പിഴവ്. ആരോഗ്യ ഡയറക്ടറുടെ പേരിലായിരുന്ന ആശുപത്രിയും ഭൂമിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാക്കിയതിന്റെ രേഖകളും സമർപ്പിച്ചു. 73 ഡോക്ടർമാരെ പുതിയ തസ്തികകളുണ്ടാക്കിയും ആരോഗ്യവകുപ്പിലെ 31ഡോക്ടർമാരെ ഡെപ്യൂട്ടേഷനിലും നിയമിച്ചു. 50എം.ബി.ബി.എസ് സീറ്റുകളിലേക്ക് പ്രവേശനമാണ് സർക്കാർ ആവശ്യപ്പെടുന്നത്. ആദിവാസി, മലയോരമേഖലയിൽ മെഡിക്കൽകോളേജിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2014സെപ്തംബർ ഒന്നിന് പ്രവർത്തനം തുടങ്ങിയ ഇടുക്കി മെഡിക്കൽകോളേജ് അടച്ചുപൂട്ടിയതിനെ തുടർന്ന് രണ്ട് ബാച്ചുകളിലെ 100 എം.ബി.ബി.എസ് വിദ്യാർത്ഥികളെ തിരുവനന്തപുരം,കോഴിക്കോട്, തൃശൂർ,ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലേക്ക് മാറ്റിയിരുന്നു. 50കുട്ടികൾ വീതമുള്ള രണ്ടുബാച്ചുകൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോൾ കോളേജിൽ സജ്ജമാക്കി. അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക് പൂർത്തിയായി. 100കുട്ടികൾക്കാവശ്യമായ അക്കാഡമിക് ബ്ലോക്ക്, ലക്ചർഹാളുകൾ,ഹോസ്റ്റൽ, ക്വാർട്ടേഴ്സ് എന്നിവയും നിർമ്മിച്ചു. ജില്ലാആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി, 300 കിടക്കകൾ സജ്ജമാക്കി. സർജിക്കൽ ബ്ലോക്ക്, ലിഫ്‌റ്റ്,റാമ്പ്, ഫോറൻസിക് ലാബ് എന്നിവയും തയ്യാറാവുന്നു. മെഡിക്കൽകോളേജ് കാമ്പസിൽ വൈദ്യുതി സബ്‌സ്റ്റേഷൻ, ജലവിതരണസംവിധാനം എന്നിവയും സജ്ജമാക്കും.
പരിസ്ഥിതി ദുർബലപ്രദേശമായ ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ കോളേജിനായി കൂറ്റൻകെട്ടിടങ്ങൾ നിർമ്മിക്കാനാവില്ല. മൂന്നുനിലകളുള്ള ചെറിയകെട്ടിടങ്ങളാണ് നിർമ്മിച്ചത്. ഇതോടെ പരിസ്ഥിതി ആഘാതപഠന അതോറിട്ടിയുടെ ക്ലിയറൻസും ലഭിച്ചു. വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റ് മെഡിക്കൽകോളേജുകളിൽ ജോലിചെയ്തിരുന്ന, ഇടുക്കിയിലെ ഡോക്ടർമാരെ അവിടേക്ക് തിരിച്ചയച്ചു. അടുത്തയാഴ്ച മെഡിക്കൽവിദ്യാഭ്യാസ ഡയറക്ടറുടെ സംഘം കോളേജിൽ ഇൻസ്പെക്ഷൻ നടത്തും. ഒന്നാംവർഷ എം.ബി.ബി.എസ്. കോഴ്‌സിനാവശ്യമായ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, സർജറി വിഭാഗങ്ങളും പ്രവർത്തനസജ്ജമാണ്. രണ്ടാംവർഷ ക്ലാസിന് ആവശ്യമായ പത്തോളജി, മൈക്റോബയോളജി, ഫോറൻസിക് മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ എന്നീ വിഭാഗങ്ങളുമൊരുക്കുന്നു. ആശുപത്രി ബ്ലോക്ക്, പുതിയ അത്യാഹിതവിഭാഗം, എമർജൻസി ഓപ്പറേഷൻ തീയറ്റർ, പൂർണസജ്ജമായ മെഡിക്കൽ, സർജിക്കൽ ഐ.സി.യുകൾ, കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം, ബ്ലഡ്ബാങ്ക്, വിപുലമായ ലബോറട്ടറി സംവിധാനം, ആധുനിക മോർച്ചറി എന്നിവയുമുണ്ട്.
ഇടുക്കി മെഡിക്കൽ
കോളേജിന്റെ ദുരന്തകഥ
2013:ഇടുക്കി മെഡി.കോളേജ് അനുവദിച്ചു
2014:സെപ്തംബറിൽ ആദ്യബാച്ച് പ്രവേശനം
2014:നബാർഡ് 48കോടി ധനസഹായം നൽകി
2015:21ന്യൂനത ചൂണ്ടിക്കാട്ടി രണ്ടാംബാച്ച് തടഞ്ഞു
2015:3മാസത്തിനകം ന്യൂനത പരിഹരിക്കാമെന്ന് സർക്കാർ
2015:സത്യവാങ്മൂലം പരിഗണിച്ച് പ്രവേശനം അനുവദിച്ചു
2015:നവംബർ9ന് മെഡി.കോളേജ് അംഗീകാരം പിൻവലിച്ചു
2015:ഡിസംബർ30ന് അംഗീകാരം റദ്ദാക്കി ഉത്തരവിറക്കി
2016:37ന്യൂനത പരിഹരിക്കാൻ ഒരുമാസം സമയംനൽകി
2016:മേയ്16ന് 100കുട്ടികളെ മറ്റ് മെഡി.കോളേജുകളിലേക്ക് മാറ്റി
''എല്ലാ സൗകര്യങ്ങളുമൊരുക്കി. ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ചു. അടുത്തവർഷം എം.ബി.ബി.എസ് പ്രവേശനം നടത്തുകയാണ് ലക്ഷ്യം.''
- കെ.കെ.ശൈലജ
ആരോഗ്യമന്ത്രി