jolly-

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിന്റെ ആദ്യഭാര്യ സിലിയെ മൂന്ന് തവണ കൊലപ്പെടുത്താൻ ശ്രമം നടത്തിയതായി ജോളി അന്വേഷണസംഘത്തിന് മൊഴി നൽകി.. ഇക്കാര്യം ഷാജുവിനറിയാമായിരുന്നു. ഒരു തവണ ഭക്ഷണത്തിൽ സയനൈഡ് കലർത്താൻ ഷാജു സഹായിച്ചതായും ജോളി മൊഴി നൽകിയിട്ടുണ്ട്. അന്വേഷണ സംഘം ഷാജുവിനെയും അച്ഛൻ സക്കറിയെയും ചോദ്യം ചെയ്തു.

2016ൽ ജോളിക്കൊപ്പം ദന്താശുപത്രിയിൽ പോയ സിലി അവിടെവെച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സിലിയ്ക്ക് പച്ചവെള്ളത്തിൽ സയനൈഡ് കലർത്തി നൽകുകയായിരുന്നുവെന്നാണ് പൊലീസിന് ജോളി മൊഴി നൽകിയിരിക്കുന്നത്.


പ്രതികളെ പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് മൂന്ന് മണിയോടെ പൂർത്തിയാക്കിയിരുന്നു. പൊന്നാമറ്റത്തു നിന്ന് കേസിലെ നിർണായക തെളിവുകൾ കിട്ടിയതായാണ് സൂചന. നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടിൽ നടന്നത്.

ഇതിനിടെ, ജോളി കോയമ്പത്തൂരിൽ പോയത് ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസണെ കാണാനാണെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ടവർ പരിശോധനയിലൂടെയാണ് ഇക്കാര്യം പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരിൽ താമസിച്ചുവെന്നും ഇരുവരും ബംഗളൂരുവിൽ പോയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്