iip

ന്യൂഡൽഹി: സമ്പദ്‌രംഗത്ത് മാന്ദ്യം അതിരൂക്ഷമെന്ന് വ്യക്തമാക്കി വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി)​ ആഗസ്‌റ്രിൽ 1.1 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2013 പെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്‌ന്ന വളർച്ചയാണിത്. 2018 ആഗസ്‌റ്റിൽ 4.8 ശതമാനവും കഴിഞ്ഞ ജൂലായിൽ 4.3 ശതമാനവുമായിരുന്നു വളർച്ച.

ഐ.ഐ.പിയിൽ 77 ശതമാനം പങ്കുവഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച 2018 ആഗസ്‌റ്രിലെ 5.2 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 1.2 ശതമാനത്തിലേക്ക് ഇടിഞ്ഞു. 4.2 ശതമാനമായിരുന്നു ഈവർഷം ജൂലായിലെ വളർച്ച. ഖനന മേഖലയുടെ വളർച്ച ജൂലായിലെ 4.9 ശതമാനത്തിൽ നിന്ന് 0.1 ശതമാനത്തിലേക്കും വൈദ്യുതോത്പാദനം 4.8 ശതമാനത്തിൽ നിന്നും നെഗറ്റീവ് 0.9 ശതമാനത്തിലേക്കും കാപ്പിറ്റൽ ഗുഡ്‌സ് മേഖലയുടെ വളർച്ച നെഗറ്റീവ് 7.1 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 21 ശതമാനത്തിലേക്കും തളർന്നു.

പ്രാഥമിക ഉത്‌പന്നങ്ങളുടെ വളർച്ച 3.5 ശതമാനത്തിൽ നിന്ന് 1.1 ശതമാനത്തിലേക്ക് താഴ്‌ന്നു. മദ്ധ്യവർഗ ഉത്‌പന്ന വളർച്ച ഏഴ് ശതമാനമാണ്. ജൂലായിൽ വളർച്ച 13 ശതമാനമായിരുന്നു. കൺസ്യൂമർ ഡ്യൂറബിൾസ് നെഗറ്റീവ് 2.7 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 9.1 ശതമാനത്തിലേക്കും കൺസ്യൂമർ നോൺ-ഡ്യൂറബിൾസ് 8.3 ശതമാനത്തിൽ നിന്ന് 4.1 ശതമാനത്തിലേക്കും ഉത്‌പാദന ഇടിവ് രേഖപ്പെടുത്തി.

2.4%

നടപ്പു സാമ്പത്തിക വർഷം (2019-20)​ ഏപ്രിൽ-ആഗസ്‌റ്രിൽ വ്യാവസായിക ഉത്‌പാദന വളർച്ച 2.4 ശതമാനമാണ്. 2018-19ലെ സമാന കാലയളവിൽ വളർച്ച 5.3 ശതമാനമായിരുന്നു.