തമിഴ് സൂപ്പർ താരം വിജയ്ക്കെതിരെ വിവാദ ആരോപണങ്ങളുമായി സംവിധായൻ സാമി രംഗത്ത്. വിജയ് സിനിമയിലല്ല ജീവിതത്തിലാണ് അഭിനയിക്കുന്നതെന്നും ആരാധകർക്ക് കൈ കൊടുത്ത ശേഷം ഡെറ്റോൾ ഉപയോഗിച്ച് വിജയ് കൈ കഴുകാറുണ്ടെന്നുമാണ് സാമി ആരോപിക്കുന്നത്. ഇക്കാര്യം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും സാമി വീഡിയോ പങ്കുവച്ച് പറയുന്നു. ഉയിർ,മൃഗം, കങ്കാരു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സാമി.
രജനികാന്തിനെപ്പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുത്. ഒരാൾ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നും അതിനെക്കുറിച്ച് പറയാൻ വിജയ് ആരുമല്ലെന്നും ബിഗിൽ ഓഡിയോ ലോഞ്ചിലെ വിജയുടെ പ്രസംഗത്തെ കുറ്റപ്പെടുത്തി സാമി പറഞ്ഞു. ‘നിങ്ങൾ ജീവിതത്തിൽ വലിയ നടനാണ്. വർഷാവർഷം നിങ്ങൾ ആരാധകർക്കൊപ്പം ഫോട്ടോഷൂട്ട് നടത്താറുണ്ട്. എൻ നെഞ്ചിൽ കുടിയിറിക്കും മക്കളേ എന്നാണ് അവരെ വിശേഷിപ്പിക്കുന്നതും. ഇവർക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയ്യും കൊടുക്കുന്ന നിങ്ങൾ അകത്തുചെന്ന് ഡെറ്റോൾ ഉപയോഗിച്ച് ആ കൈ കഴുകുന്നു. ഇത് ഞാൻ തന്നെ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാർഥ അഭിനയം.’ സാമി പറഞ്ഞു.
‘താങ്ങൾ എന്തു മേന്മകൊണ്ടാണ് 50 കോടി രൂപ നിങ്ങൾ പ്രതിഫലം വാങ്ങുന്നത്. 60 ദിവസം അഭിനയിക്കുന്നു. 50 കോടി ശമ്പളം മേടിക്കുന്നു. എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇങ്ങനെയുള്ള ആൾ ജനങ്ങളെ പറ്റിക്കുകയാണ്. എത്രനാൾ തമിഴ്നാടിനെ പറ്റിക്കും. ദയവ് ചെയ്ത സ്റ്റേജിൽ എത്തി ആളുകളെ പറ്റിക്കരുത്. സാമി കൂട്ടിച്ചേർത്തു. എന്നാൽ സാമിയുടെ പ്രസ്താവനയ്ക്കെതിരെ ആരാധകരുടെ പ്രതിഷേധം ഉയരുകയാണ്. മാദ്ധ്യമശ്രദ്ധ പിടിച്ചു പറ്റാനാണ് സംവിധായകൻ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു.