കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആറ് മരണങ്ങളിൽ അഞ്ചെണ്ണത്തിന്റെ തിരക്കഥ വെളിപ്പെടുത്തി മുഖ്യപ്രതി ജോളി. ഇന്നലെ പൊന്നാമറ്റത്ത് വീട്ടിലും ഭർത്താവായ ഷാജുവിന്റെ വീട്ടിലും നടത്തിയ തെളിവെടുപ്പുകൾക്കു ശേഷം അന്വേഷണസംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് അഞ്ചു പേരെ കൊലപ്പെടുത്തിയത് എങ്ങനെയെല്ലാമെന്ന് ജോളി അക്കമിട്ടു പറഞ്ഞത്. ഷാജുവിന്റെയും ആദ്യഭാര്യ സിലിയുടെയും മകൾ ആൽഫൈൻ മരിച്ചതിന്റെ ഉത്തരവാദിത്വം ജോളി നിഷേധിച്ചു.
ജോളി, മറ്റു പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരെ ഇന്ന് പൊന്നമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പ് രണ്ടര മണിക്കൂറിലധികം നീണ്ടു. തെളിവെടുപ്പിന് എത്തിച്ച പ്രതികളെ കൂവിവിളിച്ചാണ് ജനക്കൂട്ടം എതിരേറ്റത്. പൊന്നാമറ്റം വിടിന്റെ കിടപ്പുമുറിയിൽ നിന്നും വീട്ടു പരിസരത്തു നിന്നും രണ്ട് കീടനാശിനി കുപ്പികൾ അന്വേഷണസംഘം കണ്ടെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും. ഉച്ചകഴിഞ്ഞ് ഷാജുവിന്റെ വീട്ടിലും, താൻ ജോലി ചെയ്തിരുന്നതായി ജോളി പ്രചരിപ്പിച്ച എൻ.ഐ.ടി കാമ്പസിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തി.
അഞ്ചു കൊലകൾ ഇങ്ങനെ:
ഇര 1: അന്നമ്മ തോമസ്
പൊന്നാമറ്റത്ത് റോയി തോമസിന്റെ അമ്മ
മരണം: 2002 ആഗസ്റ്റ് 22
കൊല നടത്തിയത്: ആട്ടിൻസൂപ്പിൽ കീടനാശി കലർത്തി നൽകി
ഇര 2:: ടോം തോമസ്
റോയി തോമസിന്റെ അച്ഛൻ
മരണം: 2008 ആഗസ്റ്റ് 26
കൊല നടത്തിയത്: വൈറ്റമിൻ ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകി
ഇര 3: റോയ് തോമസ്
ജോളിയുടെ ആദ്യ ഭർത്താവ്
മരണം: 2011 സെപ്തംബർ 30
കൊല നടത്തിയത്: മദ്യത്തിൽ സയനൈഡ് ചേർത്തു നൽകി.
ഇര 4: മാത്യു മഞ്ചാടി
അന്നമ്മയുടെ സഹോദരൻ
മരണം: 2014 ഫെബ്രുവരി 24
കൊല നടത്തിയത്: മദ്യത്തിൽ വിഷം ചേർത്ത് നൽകി.
ഇര 5: ആൽഫൈൻ ഷാജു
ഷാജുവിന് ആദ്യഭാര്യ സിലിയിലെ മകൾ
മരണം: 2014 മേയ് 03
കൊല നടത്തിയത്: മരണത്തിൽ പങ്കില്ലെന്ന് ജോളി
ഇര 6: സിലി ഷാജു
ഷാജുവിന്റെ ആദ്യഭാര്യ
മരണം: 2016 ജനുവരി 11
കൊല നടത്തിയത്: വൈറ്റമിൻ ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ചു നൽകി