ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്കായുടെ വേദിയായി ചെന്നൈയിലെ മഹാബലിപുരം തിരഞ്ഞെടുത്തതിന് പിന്നിൽ ചെറുതല്ലാത്ത കാരണങ്ങളാണ് ഉള്ളത്. ഇതിൽ ഒന്നാമത്തേത്, തമിഴ്‌നാടിന് പ്രധാനമന്ത്രിയും ബി.ജെ.പിയും നൽകുന്ന പ്രാധാന്യമാണ്. ഇതിനേറ്റവും തെളിവാർന്ന ഉദാഹരണം ഇന്നലെ ഷീ ചിൻപിംഗുമായി ചരിത്രസ്മാരകങ്ങൾ സന്ദർശിക്കവെ മോദി ധരിച്ചിരുന്ന അരക്കൈയ്യൻ ഷർട്ടും മുണ്ടും വേഷ്ടിയും തന്നെ.
രണ്ടാമത്തേത്, ചെന്നൈക്കും മഹാബലിപുരത്തിനും ചൈനയുമായുള്ള ചരിത്രപരമായ ബന്ധം. കിഴക്കൻ ചൈന നഗരമായ ഫൂജിയനുമായി ഏഴാം നൂറ്റാണ്ടിൽ വ്യാപാരബന്ധമുണ്ടായിരുന്ന പല്ലവ രാജാക്കന്മാരുടെ രാജധാനിയായിരുന്നു മഹാബലിപുരം. ഷി ചിൻപിങ് നേരത്തേ ഫൂജിയൻ ഗവർണറായിരുന്നു. മഹാബലിപുരത്തു നിന്നു അഞ്ചാംനൂറ്റാണ്ടിൽ ചൈനയിലേക്ക് പോയ പോയ തമിഴ് രാജകുമാരൻ ബോധിധർമനാണു സെൻ ബുദ്ധിസം ചൈനയിൽ പ്രചരിപ്പിച്ചത്. സെൻ ബുദ്ധിസം മാത്രമല്ല, ചികിത്സയുടെയും ആയോധനകലയുടെയും നൂതന പാഠങ്ങൾ പകർന്നുകടുത്തതും ബോധിധർമ്മൻ തന്നെ. അദ്ദേഹത്തിന്റെ പേരിൽ കാന്റൻ പ്രവിശ്യയിൽ ക്ഷേത്രമുണ്ട്. ഏഴാം നൂറ്റാണ്ടിൽ മഹാബലിപുരം സന്ദർശിച്ച ചൈനീസ് സഞ്ചാരി ഹുവാൻ സാംഗ് തന്റെ യാത്രയെക്കുറിച്ചു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ ആരോവില്ലിൽ ഏറെക്കാലം താമസിച്ചിട്ടുള്ള ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവ സാഹുയ് ആണു മഹാബലിപുരത്തിന്റെ പേര് ഉച്ചകോടിക്കായി നിർദേശിച്ചതെന്നാണു സൂചന.
തെളിവുകൾ ഉറങ്ങുന്നയിടം
ചൈനയുടെയും പേർഷ്യയുടെയും റോമിന്റെയും നാണയങ്ങൾ മഹാബലിപുരത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് മഹാബലിപുരത്തിന്റെ രാജ്യാന്തര വ്യവസായ ബന്ധങ്ങൾക്ക് തെളിവാണ്. കലകളോടും ശില്പവിദ്യയോടും മാമല്ലനുണ്ടായിരുന്ന അടുപ്പത്തിന്റെ അടയാളങ്ങൾ ഇന്നും മഹാബലിപുരത്തുണ്ട്. 2004ലെ സുനാമിയിൽ മഹാബലിപുരത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന കൂടുതൽ തെളിവുകൾ കണ്ടെടുക്കപ്പെട്ടിരുന്നു.