koodathayi-1

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി ഉൾപ്പെടെ അറസ്റ്റിലായ മൂന്നു പ്രതികളുമായി അന്വേഷണസംഘത്തിന്റെ മാരത്തോൺ തെളിവെടുപ്പ്. ആദ്യത്തെ മൂന്നു കൊലപാതകങ്ങൾ നടന്ന പൊന്നാമറ്റത്ത് വീട്ടിലെ തെളിവെടുപ്പ് രണ്ടര മണിക്കൂറോളം നീണ്ടു.

രാവിലെ 11 മണിയോടെ മുഖ്യപ്രതി ജോളിയെയും രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരെയും വൻ സുരക്ഷാ സന്നാഹത്തോടെ പൊന്നാമറ്റത്ത് എത്തിച്ചപ്പോൾ കൂവിവിളിച്ചാണ് ജനക്കൂട്ടം എതിരേറ്റത്. വഴിയിൽ കൂടിനിന്ന പരിസരവാസികളെ മാറ്റിയശേഷം ആദ്യം ജോളിയെ വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടുവന്നു. തൊട്ടുപിന്നിലെ വാഹനത്തിൽ മറ്റു രണ്ട് പ്രതികളെയും. വീട് പൂട്ടി മുദ്ര വച്ചിരുന്നത് പൊളിച്ച് പ്രതികളുമായി അകത്തുകയറിയ അന്വേഷണസംഘത്തിനൊപ്പം ഫോറൻസിക് വിദഗ്ദരുമുണ്ടായിരുന്നു. വീടിനു പുറത്തും പരിസരത്തുമായി സുരക്ഷയൊരുക്കി നൂറോളം പൊലീസുകാരും.

സമയമെടുത്ത് അന്വേഷണസംഘം വീടിനകത്തും പുറത്തും അരിച്ചുപെറുക്കി. കൊലകൾക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൊന്നാമറ്റത്തെ തെളിവെടുപ്പ് തത്കാലം അവസാനിപ്പിച്ചത്.

നാലാമത്തെ മരണം നടന്ന മഞ്ചാടിയിൽ മാത്യുവിന്റെ വീട്ടിലായിരുന്നു അടുത്ത തെളിവെടുപ്പ്. ജോളിയുടെ ആദ്യഭർത്താവ് റോയിയുടെ അമ്മാവനാണ് മാത്യു. പിന്നീട് ഷാജുവിന്റെ വീട്ടിലും സിലിയുടെ മരണം നടന്ന ഡെന്റൽ ക്ലിനിക്കിലും പ്രതികളുമായി പൊലീസ് സംഘമെത്തി. ജോളി നിത്യേനയെന്നോണം എത്തിയിരുന്ന എൻ.ഐ.ടി കാന്റീനിലായിരുന്നു ഇന്നലെ ഒടുവിലത്തെ തെളിവെടുപ്പ്. കാന്റീൻ ജീവനക്കാരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. എൻ.ഐ.ടിയിൽ പ്രൊഫസറാണെന്നാണ് ജോളി ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ ധരിപ്പിച്ചിരുന്നത്.

പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് പൊന്നാമറ്റം വീടിന്റെ ഭാഗത്തേക്ക് രാവിലെ തന്നെ ദൂരദിക്കുകളിൽ നിന്ന് ഉൾപ്പെടെ ജനങ്ങളുടെ ഒഴുക്കായിരുന്നു. പൊന്നാമറ്റം വീടിന്റെയും പരിസരത്തെ വീടുകളുടെയും മതിലുകളിൽ വരെ ആളുകൾ സ്ഥാനം പിടിച്ചു. പ്രതികളെ കൊണ്ടുവന്നതോടെ പരക്കെ കൂവിവിളിയും ചീത്തവിളികളുമായി.

രാവിലെ വനിതാ സെല്ലിൽ നിന്ന് വടകരയിലെ എസ്.പി ഓഫീസിൽ എത്തിച്ച ശേഷമാണ് ജോളിയുമായി അന്വേഷണസംഘം കൂടത്തായിയിലേക്കു തിരിച്ചത്.