koodathayi

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ നിർണായ മൊഴി. ഭർത്താവ് ഷാജുവിന്റെ മകൾക്ക് സയനൈഡ് നൽകിയിട്ടില്ലെന്ന് ജോളി പറഞ്ഞതായി റിപ്പോർട്ട്. കുട്ടിക്ക് ഭക്ഷണം നൽകിയത് ഷാജുവിന്റെ സഹോദരി ഷീനയെന്നും ജോളി പറഞ്ഞു. അതേസമയം ഭർത്താവ് ഷാജുവിന്റേയും സക്കറിയയുടേയും മൊഴിയെടുക്കൽ പൂർത്തിയായി. ഭർതൃമാതാവായ അന്നമ്മയെ കീടനാശിനി നല‍്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി നേരത്തെ മൊഴി നൽകിയിരുന്നു.

ഷാജുവിന്റെ ആദ്യഭാര്യ സിലിയെ മൂന്ന് തവണ കൊലപ്പെടുത്താൻ ശ്രമം നടത്തിയതായി ജോളി അന്വേഷണസംഘത്തിന് മൊഴി നൽകി.. ഇക്കാര്യം ഷാജുവിനറിയാമായിരുന്നു. ഒരു തവണ ഭക്ഷണത്തിൽ സയനൈഡ് കലർത്താൻ ഷാജു സഹായിച്ചതായും ജോളി മൊഴി നൽകിയിട്ടുണ്ട്.പ്രതികളെ പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് മൂന്ന് മണിയോടെ പൂർത്തിയാക്കിയിരുന്നു. പൊന്നാമറ്റത്തു നിന്ന് കേസിലെ നിർണായക തെളിവുകൾ കിട്ടിയതായാണ് സൂചന. നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടിൽ നടന്നത്.

ഇതിനിടെ, ജോളി കോയമ്പത്തൂരിൽ പോയത് ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസണെ കാണാനാണെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ടവർ പരിശോധനയിലൂടെയാണ് ഇക്കാര്യം പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരിൽ താമസിച്ചുവെന്നും ഇരുവരും ബംഗളൂരുവിൽ പോയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ രണ്ടാംഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പേരാമ്പ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇൻസ്പെക്ടര്‍മാര്‍ക്കാണ് ഈ കേസുകളിൽ അന്വേഷണച്ചുമതല.