kohli

പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സമ്പൂർണാധിപത്യം. ഡബിൾ സെഞ്ച്വറിയുമായി കളം നിറഞ്ഞ വിരാട് കൊഹ്‌ലിയുടെ (പുറത്താകാതെ 254) നേതൃത്വത്തിൽ ബാറ്റ്‌സ്മാൻമാർ മികവ് കാട്ടിയപ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 601/5 ഡിക്ലയേർഡ് എന്ന കൂറ്റൻ സ്കോർ നേടി. ക്യാപ്ടനെന്ന നിലയിൽ അമ്പതാം ടെസ്റ്റിനിറങ്ങിയ കൊഹ്‌ലി ഒരുപിടി റെക്കാഡുകളും സ്വന്തമാക്കിയാണ് പവലിയനിലേക്ക് മടങ്ങിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 3 വിക്കറ്റ് നഷ്‌ടത്തിൽ 36 റൺസ് എന്നനിലയിൽ പതറുകയാണ്.

തുടക്കത്തിലേ തകർച്ച

ഓപ്പണർമാരായ ഡീൻ എൽഗാർ (6), എയ്ഡൻ മർക്രം (0), നാലാമൻ ടെംബ ബവുമ (8) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. എൽഗറിനെ ക്ലീൻബൗൾഡാക്കിയും മർക്രത്തെ വിക്കറ്റിന് മുന്നിൽ കുടുക്കിയും ഉമേഷ് യാദവാണ് തുടക്കത്തിലേ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. ഓപ്പണർമാർ രണ്ടും പവലിയനിൽ തിരിച്ചെത്തുമ്പോൾ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൽ 13 റൺസ് ആയിട്ടേയുണ്ടായിരുന്നുള്ളൂ. ബവുമയെ ഷമി വിക്കറ്റ് കീപ്പർ സാഹയുടെ കൈയിൽ എത്തിച്ചു. 20 റൺസുമായി ഡി ബ്രൂയിനും 2 റൺസുമായി നൈറ്റ് വാച്ച്മാൻ നോർട്ട്‌ജെയുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ. 7 വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 565 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക.

ശ്രദ്ധയോടെ തുടക്കം

273/3 എന്ന നിലയിൽ ഇന്നലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കൊഹ്‌ലിയും രഹാനെയും ശ്രദ്ധയോടെയാണ് തുടങ്ങിയത്. മുപ്പതോവറോളം ഇന്നലെ ഈ കൂട്ടുകെട്ട് പിടിച്ചു നിന്നു. ഇതിനിടെ ഫിലാണ്ടറിനെ മനോഹരമായൊരു സ്ട്രെയ്റ്ര് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി കൊഹ്‌ലി കരിയറിലെ 26-ാം ടെസ്റ്റ് സെഞ്ച്വറി നേടി. അർദ്ധ സെഞ്ച്വറി നേടിയ രഹാനെയെ (59) വിക്കറ്റ് കീപ്പർ ഡികോക്കിന്റെ കൈയിൽ എത്തിച്ച് കേശവ് മഹാരാജാണ് കൂട്ടുകെട്ട് പൊളിച്ചത്. 168 പന്ത് നേരിട്ട് 8 ഫോറുൾപ്പെട്ടതാണ് രഹാനെയുടെ ഇന്നിംഗ്സ്. ഇരുവരും നാലാം വിക്കറ്റിൽ 178 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

വെടിക്കെട്ട്

പകരമെത്തിയ രവീന്ദ്ര ജഡേജ (91) വിരാട് കൊഹ്‌ലിക്കൊപ്പം ക്രീസിൽ ഉറച്ചു നിന്നതോടെ വമ്പൻ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. അഞ്ചാം വിക്കറ്രിൽ ഇരുവരും 225 റൺസാണ് അടിച്ചുകൂട്ടിയത്.

ഇന്ത്യൻ ഇന്നിംഗ്സിലെ 144-ാം ഓവറിലെ നാലാം പന്തിൽ മഹാരാജിനെ സ്‌ക്വയ‌ർ ലെഗിലേക്കടിച്ച് രണ്ട് റൺസ് നേടിയാണ് കെഹ്‌ലി ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയത്. 295 പന്തിലാണ് കൊഹ്‌ലി ടെസ്റ്രിലെ തന്റെ ഏഴാം ഡബിൾ സെഞ്ച്വറി നേടിയത്. കൊഹ്‌ലി ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം ഇന്ത്യയുടെ സ്കോറിംഗ് വേഗം ടോപ്പ് ഗിയറിലായി. തുടർന്നുള്ള 12.3 ഓവറിൽ ട്വന്റി-20 ശൈലിയിൽ ബാറ്ര്‌വീശിയ കൊഹ്‌ലിയും ജഡേജയും ഇന്ത്യൻ ഇന്നിംഗ്സിലേക്ക് 118 റൺസാണ് കൂട്ടിച്ചേർത്തത്. ജഡേജ തന്റെ രണ്ടാം ടെസ്റ്ര് സെഞ്ച്വറിക്ക് 9 റൺസകലെ പുറത്തായതോടെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ജഡേജയെ ഡിബ്രൂയിനാണ് മുത്തുസ്വാമിയുടെ പന്തിൽ പിടികൂടിയത്. 104 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ജഡേജയുടെ ഇന്നിംഗ്സ്. ടെസ്റ്റിലെ തന്റെ ഉയർന്ന വ്യക്തിഗത സ്കോർ കണ്ടെത്തിയ കൊ‌ഹ്‌ലിയുടെ ഇന്നിംഗ്സ് 336 പന്തിൽ 33 ഫോറും 2 സിക്സും ഉൾപ്പെട്ടതായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.