കൊച്ചി : മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള കരാർ കരണ്ട് കമ്പനികൾക്ക് കൈമാറി. മുംബയ് ആസ്ഥാനമായ എഡിഫൈസ്, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് ഫ്ലാറ്റുകൾ പൊളിക്കാനായി തിരഞ്ഞെടുത്തത്. തീരുമാനം നാളെ നഗരസഭ കൗൺസിലിനെ അറിയിക്കും . മരട് നഗരസഭയിൽ സബ് കളക്ടര്‍ സ്നേഹിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചർച്ചയിൽ കളക്ടർ അറിയിച്ചു.
നിയന്ത്രിത സ്ഫോടനത്തിലൂടെ സുരക്ഷിതമായി ഫ്ലാറ്റുകൾ പൊളിക്കും. നൂറ് മീറ്റർ ചുറ്റളവിൽ വരെ പൊടിപടലങ്ങളുണ്ടാകും. കമ്പനികളോട് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി പ്രതിനിധികളും ഇൻഡോറിൽ നിന്നെത്തിയ ഉപദേശകൻ ശരത് ബി സർവാതെയും ചർച്ചയിൽ പങ്കെടുത്തിരുന്നു.
രാവിലെ മരട് നഗരസഭയിൽ എത്തിയ ശരത് ബി സർവാതെ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടർ സ്നേഹിൽ കുമാറുമായും ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം ഫ്ലാറ്റുകൾ പരിശോധിക്കുകയായിരുന്നു. ഗോൾഡൻ കായലോരം ഫ്ലാറ്റ് ആണ് ആദ്യം പരിശോധിച്ചത്. പൊളിക്കൽ സംബന്ധിച്ച കാര്യങ്ങൾ സബ് കളക്ടർ നാളെ നഗരസഭ കൗൺസിലിൽ വിശദീകരിക്കും. അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്നതിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.