bdjs-
ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അളകാപുരി ഓഡിറ്റോറിയത്തിലെ സ്വീകരണച്ചടങ്ങിലേക്ക് ആനയിക്കുന്നു. ഒപ്പം സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ്.

കോഴിക്കോട്: എൻ.ഡി.എ ശക്തിപ്പെടുത്താൻ മുൻകൈ എടുക്കേണ്ട ബി.ജെ.പി സംസ്ഥാന നേതൃത്വം അതിന് തയ്യാറാകാത്തതിനാൽ വന്നുപെടുന്ന കുഴപ്പങ്ങളിൽ ബി.ഡി.ജെ.എസിന് ഉത്തരവാദിത്വമില്ലെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി അളകാപുരി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണത്തോടനുബന്ധിച്ചുള്ള പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമല്ല. ഏതെങ്കിലും സ്ഥാനവുമായി ബന്ധപ്പെട്ടുമല്ല. ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. എൻ.ഡി.എയുടെ സംഘടനാസംവിധാനം ശക്തമല്ലെന്നതിനെച്ചൊല്ലിയാണ് അഭിപ്രായഭിന്നത. ബൂത്ത് തലം മുതൽ കമ്മിറ്റികളുണ്ടാക്കി പ്രവർത്തിക്കണമെന്നതാണ് ബി.ഡി.ജെ.എസിന്റെ ആവശ്യം. അതിനു ബി.ജെ.പി നേതൃത്വം ഇനിയും മുതിർന്നിട്ടില്ലെന്നത് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുകയാണ് ചെയ്തത്. അതിനുള്ള സ്വാതന്ത്ര്യവും ബാദ്ധ്യതയുമുണ്ട് ബി.ഡി.ജെ.എസിന്. കാരണം, കേരളത്തിലല്ല കേന്ദ്ര തലത്തിലാണ് ബന്ധം സ്ഥാപിച്ചത്. ബി.ഡി.ജെ.എസിന്റെ പ്രസക്തിയും പ്രാധാന്യവും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അറിയാം. എൻ.ഡി.എയിൽ ഉറച്ച് നിന്നു തന്നെ ബി.ഡി.ജെ.എസ് പ്രവർത്തിക്കും.

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ബിഡി.ജെ.എസിന് നല്ല വേരോട്ടമുണ്ട്. അൻപത് വയസായ കേരള കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ അത്രയും വോട്ട് ബി.ഡി.ജെ.എസിന് ലഭിച്ചു. ബി.ജെ.പിയുടെ വോട്ട് ശതമാനം ആറു ശതമാനത്തിൽ നിന്ന് 16 ശതമാനത്തിലേക്ക് ഉയർന്നത് ബി.ഡി.ജെ.എസിന്റെ പിന്തുണയിലാണ്.

പാലായിൽ വോട്ട് കച്ചവടം നടന്നതിന് ബി.ഡി.ജെ.എസ് എങ്ങനെ ഉത്തരവാദിയാകും?​. അവിടെ അവരുടെ നിയോജകമണ്ഡലം പ്രസിഡന്റാണ് വോട്ട് വിറ്റത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി അഭിപ്രായം പറഞ്ഞതുകൊണ്ട് വോട്ട് തിരിഞ്ഞുപോയി എന്ന് പറയുന്നതിൽ കാര്യമില്ല. യോഗം രാഷ്ട്രീയ പാർട്ടിയല്ല. സമുദായ സംഘടനയാണ്.

യു.എ.ഇയിലെ കള്ളക്കേസിൽ നിരപരാധിത്വം തെളിയിച്ച് തനിക്ക് രക്ഷപ്പെടാനായത് ഗുരുദേവന്റെ അനുഗ്രഹം കൊണ്ടാണെന്ന് തുഷാർ പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും തന്നെ സഹായിച്ചിട്ടുണ്ട്. ഭൂരിപക്ഷം മാദ്ധ്യമങ്ങളും വ്യക്തിപരമായി ആക്രമിച്ചിട്ടുമില്ല. കള്ളക്കേസിൽ കുടുക്കിയ ആൾക്കെതിരെ താൻ കേസ് കൊടുത്താൽ 15 വർഷമെങ്കിലും അയാൾ അകത്ത് കിടക്കേണ്ടിവരും.

പാർട്ടി ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. മഞ്ചേരി രാജൻ സംഘടനാനയം വിശദീകരിച്ചു. ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ സ്വാഗതം പറഞ്ഞു.

ജില്ല വൈസ് പ്രസിഡന്റുമാരായ പി.എം. രവീന്ദ്രൻ, സുനിൽകുമാർ പുത്തൂർമഠം, പി.സി. അശോകൻ, ജില്ലാ സെക്രട്ടറിമാരായ സുകുമാരൻ നായർ, ഹരിദാസൻ പേരാമ്പ്ര, ജില്ല ജോയിന്റ് സെക്രട്ടറിമാരായ ടി.പി. ബാബു, ഉണ്ണി കരിപ്പാലി, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് ജയേഷ് വടകര, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ രാധാരാജൻ എന്നിവർ ആശംസയർപ്പിച്ചു.