കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിൽ കുടുംബാംഗങ്ങൾ ഒരോരുത്തരെയും ജോളി കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ പുറത്ത്. ഇതിൽ ആൽഫൈന്റെ കൊലപാതകം ജോളി നിഷേധിച്ചു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മയെ ഭക്ഷണത്തിൽ കീടനാശിനി ചേർത്താണ് കൊലപ്പെടുത്തിയത്. റോയ് തോമസിന്റെ അച്ഛൻ ടോം തോമസിനും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്കും വൈറ്റമിൻ കാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകി. റോയിക്കും അന്നമ്മയുടെ സഹോദരൻ മഞ്ചാടി മാത്യുവിനും മദ്യത്തിലും, ഷാജുവിന്റെയും സിലിയുടെയും മകൾ ആൽഫൈൻ ഭക്ഷണത്തിലും വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് വിവരം.
കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളിൽ ജോളിയടക്കമുള്ള മൂന്ന് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. പൊന്നാമറ്റം വീട്ടിൽ ജോളിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിനുപയോഗിച്ച പൊട്ടാസ്യം സയനൈഡ് അടക്കമുള്ള തെളിവുകൾ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. തുടർന്ന് മഞ്ചാടി മാത്യുവിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. പിന്നീട് പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലും താമരശേരിയിൽ സിലി കൊല്ലപ്പെട്ട ദന്തൽ ക്ലിനിക്കിലും തെളിവെടുപ്പ് നടന്നു. ദന്തൽ ക്ലിനിക്കിൽ സിലിയുടെ സഹോദരൻ സിജോയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
താൻ അധ്യാപികയാണെന്ന് ജോളി പ്രചരിപ്പിച്ച എൻ.ഐ.ടി പരിസരത്താണ് അവസാനം തെളിവെടുപ്പ് നടന്നത്. സുലേഖയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ബ്യൂട്ടി പാർലറിലും സമീപത്തുള്ള പള്ളിയിലും ജോളിയെ പൊലീസ് കൊണ്ടുപോയി. എൻ.ഐ.ടിയുടെ ക്യാന്റീനിൽ ജോളിയെ പല തവണ കണ്ടിട്ടുണ്ടെന്നും എന്നാൽ നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരൻ ഭീംരാജ് പറഞ്ഞു. 100 ലേറെ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് പ്രതികളെ വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം ജോളിയുടെ ഭർത്താവ് ഷാജുവിനെയും അച്ഛന്‍ സക്കറിയയെയും പൊലീസ് ചോദ്യം ചെയ്തു. എല്ലാ മരണങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നുവെന്ന് രണ്ടാം പ്രതി മാത്യു പൊലീസിന് മൊഴി നല്‍കി.