കോഴിക്കോട്: കൂടത്തായി കേസിലെ നിർണായക തെളിവായ സയനൈഡ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. പൊന്നാമറ്റം വീട്ടിൽ സയനൈഡെന്ന് സംശയിക്കുന്ന പൊടിയാണ് കണ്ടെത്തിയത്. ജോളിയുടെ മുറിയിൽ ഗുളികയുടെ കുപ്പിയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ജോളിയാണ് ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് എടുത്തു കൊടുത്തത്.
ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മയെ ഭക്ഷണത്തിൽ കീടനാശിനി ചേർത്താണ് കൊലപ്പെടുത്തിയത്. റോയ് തോമസിന്റെ അച്ഛൻ ടോം തോമസിനും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്കും വൈറ്റമിൻ കാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകി. റോയിക്കും അന്നമ്മയുടെ സഹോദരൻ മഞ്ചാടി മാത്യുവിനും മദ്യത്തിലും, ഷാജുവിന്റെയും സിലിയുടെയും മകൾ ആൽഫൈൻ ഭക്ഷണത്തിലും വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് വിവരം.
കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളിൽ ജോളിയടക്കമുള്ള മൂന്ന് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. പൊന്നാമറ്റം വീട്ടിൽ ജോളിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിനുപയോഗിച്ച പൊട്ടാസ്യം സയനൈഡ് അടക്കമുള്ള തെളിവുകൾ കണ്ടെത്തിയത്. തുടർന്ന് മഞ്ചാടി മാത്യുവിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. പിന്നീട് പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലും താമരശേരിയിൽ സിലി കൊല്ലപ്പെട്ട ദന്തൽ ക്ലിനിക്കിലും തെളിവെടുപ്പ് നടന്നു. ദന്തൽ ക്ലിനിക്കിൽ സിലിയുടെ സഹോദരൻ സിജോയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.