മാമല്ലപുരം: ബംഗാൾ ഉൾക്കടലിന്റെ തീരപട്ടണമായ മാമല്ലപുരത്ത്, പല്ലവസാമ്രാജ്യത്തിന്റെ ശിലാശേഷിപ്പുകളായ ക്ഷേത്രങ്ങളും
ശില്പങ്ങളും ദീപപ്രഭയിൽ തിളങ്ങിനിന്ന ഇന്നലത്തെ സായാഹ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും സുപ്രധാന ഉച്ചകോടിക്ക് എത്തി. ഇന്നാണ് പ്രധാന ചർച്ചകൾ.
ഇരുവരും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിയാണിത്. ആദ്യത്തേത് കഴിഞ്ഞ വർഷം ചൈനയിലെ വൂഹാനിലായിരുന്നു. അന്ന് ദോക്‌ലാം പ്രതിസന്ധിക്ക്
പിന്നാലെയായിരുന്നു ചർച്ചയെങ്കിൽ ഇപ്പോൾ കാശ്‌മീർ പ്രശ്നത്തിന് പിന്നാലെയാണ്.
ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ചൈനയുമായുള്ള പൗരാണിക ബന്ധത്തിന്റെയും പ്രതീകമെന്ന നിലയിൽ മാമല്ലപുരം ഉച്ചകോടിക്ക് വേദിയായി തിരഞ്ഞെടുത്തത് മോദി തന്നെയാണ്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മാമല്ലപുരത്ത് എത്തിയ ഷി ജിൻ പിംഗിനെ മോദി ഹസ്‌തദാനം ചെയ്ത് സ്വീകരിച്ചു. യുനെസ്‌കോയുടെ ലോകപൈതൃക കേന്ദ്രമായ മാമല്ലപുരത്തെ ആയിരത്തി മുന്നൂറ് വർഷം പഴക്കമുള്ള തീരക്ഷേത്രവും മറ്റ് ശിലാസ്‌മാരകങ്ങളും ഇരുവരും ചുറ്റിനടന്നു കണ്ടു. മുക്കാൽ മണിക്കൂർ നീണ്ട സഞ്ചാരത്തിനിടെ മോദിയും പിങും സ്വകാര്യ സംഭാഷണം നടത്തുന്നുണ്ടായിരുന്നു. പാശുപതാസ്‌ത്രം ലഭിക്കാൻ അർജുനൻ ശിവനെ തപസ് ചെയ്യുന്ന കൂറ്റൻ ശില്പം,
പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ട പഞ്ചരഥം, തീരക്ഷേത്രം എന്നിവയാണ് ഇരുവരും സന്ദർശിച്ചത്. രണ്ട് ദ്വിഭാഷികളും സ്‌മാരകങ്ങളുടെ പ്രത്യേകതകൾ വിശദീകരിക്കാൻ ഒരു ആർക്കിയോളജി വിദഗ്ദ്ധനും മാത്രമാണ് ഒപ്പം ഉണ്ടായിരുന്നത്.
തുടർന്ന് ഇരു നേതാക്കളും കലാക്ഷേത്ര അവതരിപ്പിച്ച കലാപരിപാടി കണ്ടു.
രാത്രി പിങിനായി ക്ഷേത്രത്തിലെ കൂടാരത്തിൽ മോദി അത്താഴ വിരുന്ന് ഒരുക്കി. ഒരു മേശ പങ്കിട്ട ഇരുവർക്കും ഒപ്പം ദ്വിഭാഷികൾ മാത്രമാണുണ്ടായിരുന്നത്. ഭക്ഷണവേളയിലും ഇരുവരും സ്വകാര്യ സംഭാഷണം നടത്തി. പ്രാദേശിക വിഭവങ്ങളാണ് വിളമ്പിയത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മോദി ഡൽഹിയിൽ നിന്ന് എത്തിയത്. വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പട്ട് ഷാളുകൾ അണിയിച്ച് മോദിയെ സ്വീകരിച്ചു. അവിടെ നിന്ന് ഹെലികോപ്ടറിലാണ് അദ്ദേഹം മാമല്ലപുരത്തേക്ക് പോയത്.
ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ചെന്നൈ വിമാനത്താവളത്തിൽ എത്തി. ചുവപ്പ് പരവതാനി വിരിച്ച് പൂർണകുഭം നൽകി പാട്ടും കലാരൂപങ്ങളുമായാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഗവർണറും സ്പീക്കറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഐ.ടി.സി ഗ്രാൻഡ് ചോള ഹോട്ടലിലേക്ക് പോയ പിങ് മൂന്ന് മണിയോടെ 50 കിലോമീറ്റർ അകലെയുള്ള മാമല്ലപുരത്തേക്ക് റോഡ് മാർഗം തിരിച്ചു. പാതയുടെ വശങ്ങളിൽ ചൈനീസ് പൗരന്മാരും നാട്ടുകാരും നാടൻ കലാകാരന്മാരും ഉൾപ്പെടെ നിരന്നു നിന്നിരുന്നു.
പിങിനൊപ്പം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേച്ചി എന്നിവരും ഉണ്ട്. ഇവർ ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരുമായി ചർച്ച നടത്തും.
തമിഴ്‌മന്നനായി
മുണ്ടുടുത്ത് മോദി
കരയുള്ള വെള്ളമുണ്ട് ഇടത്തോട്ട് ഉടുത്ത് വെള്ള അരക്കൈയൻ ഷർട്ടും ഇടതു തോളിൽ ഷാളുമായി തനി തമിഴ് ശൈലിയിലാണ് മോദി എത്തിയത്. വെള്ള ഫുൾക്കൈ ഷർട്ടും
കറുത്ത പാന്റ്സുമായിരുന്നു ഷി ജിൻ പിങിന്റെ വേഷം.
കാശ്‌മീരിന്റെ കയ്‌പുമായി ചൈന
കാശ്‌മീർ പ്രശ്നത്തിൽ പാകിസ്ഥാന് അനുകൂലമായി ചാഞ്ചാടി നിൽക്കുന്ന ചൈനയ്‌ക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയതിന് പിന്നാലെയാണ് മാമല്ലപുരം ഉച്ചകോടി നടക്കുന്നത്. കാശ്‌മീർ പ്രശ്നത്തിൽ മറ്റ് രാജ്യങ്ങൾ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നാണ് ഇന്ത്യ കടുപ്പിച്ച് പറഞ്ഞത്. ചൈനയുടെ ഭാഗത്ത് നിന്ന് കാശ്മീർ പ്രശ്നം ഉന്നയിക്കുമോ എന്ന് വ്യക്തമല്ല. ഉന്നയിച്ചാൽ പ്രധാനമന്ത്രിയുടെ മറുപടി ഉണ്ടാവും എന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാപാരം, അതിർത്തി തർക്കം, ഭീകരപ്രവർത്തനം എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയങ്ങൾ.