ചെന്നൈ: മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഹാഷ്‌ടാഗ് ക്യാമ്പെയിന് പിന്നിൽ പാകിസ്ഥാനാണെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. #gobackmodi എന്ന ഹാഷ്‌ടാഗ് ക്യാമ്പയിനാണ് വെള്ളിയാഴ്ച രാവിലെ മുതൽ ട്വിറ്ററിൽ ട്രെന്റിംഗായത്.
ഈ ഹാഷ് ടാഗിൽ ഭൂരിപക്ഷവും പ്രചരിച്ചിരിക്കുന്നത് പാകിസ്ഥാനിൽ നിന്നാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ, കാശ്മീർ വിഷയത്തിൽ പാകിസ്ഥാനിൽ നിന്നുള്ള 25 ട്വിറ്റർ അക്കൗണ്ടുകൾ ഇതേ ഹാഷ് ടാഗ് ഇന്ത്യക്കെതിരെ പ്രയോഗിച്ചിരുന്നു. ഇവ ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ വെള്ളിയാഴ്ച രാവിലെ മുതൽ തുടർച്ചയായി മോദിക്ക് എതിരെ ഹാഷ് ടാഗുകൾ പ്രയോഗിക്കുകയായിരുന്നു.
ഇതിന് മുമ്പ് മോദി തമിഴ്‌നാട് സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രിക്ക് എതിരെ വ്യാപക ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ ഡി..എം..കെ അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ നടന്നിരുന്നു.