ചിത്രയ്ക്ക് സ്വർണം , ജിൻസണ് വെള്ളി
റാഞ്ചി: 59ാമത് ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം ഝാർഖണ്ഡിലെ ബിർസാ മുണ്ടാ സ്‌റ്റേഡിയത്തിൽ മലയാളികൾ മിന്നിത്തിളങ്ങി. ഇന്നലെ നടന്ന ഫൈനലുകളിൽ മലയാളി താരങ്ങളായ പി.യു.ചിത്ര സ്വർണവും ജിൻസൺ ജോൺസൺ വെള്ളിയും മെയ്‌മോൻ പൗലോസ് വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 1500 മീറ്ററിൽ റെയിൽവേയ്ക്കായിറങ്ങിയ ചിത്ര4 മിനിട്ട് 17.39 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണ നേടിയത്. റെയിൽവേയുടെ തന്നെ ലിലി ദാസിനാണ് വെള്ളി. 4:18.52 മിനിട്ടിലാണ് ലിലി ഫിനിഷ് ചെയ്തത്. ഡൽഹിയുടെ ചന്ദയ്ക്കാണ് ( 4:19.94 മിനിട്ട്) വെങ്കലം.
ഇന്ത്യയുടെ രാജ്യാന്തര താരങ്ങൾ ഏറ്റുമുട്ടിയ പുരുഷന്മാരുടെ ഇതേ വിഭാഗത്തിൽ മലയാളി താരം ജിൻസൺ ജോൺസണെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി അജയ്‌കുമാർ സരോജ് സ്വർണം നേടി.
റെയിൽവേയ്ക്കായി മത്സരിച്ച അജയ്കുമാർ 3:43.97 മിനിട്ടിൽ ഫിനിഷ് ചെയ്തപ്പോൾ അത്‌ലറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജഴ്സിയിൽ മത്സരിച്ച ജിൻസണ് 3:44.37 മിനിട്ടിൽ രണ്ടാമനായി ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളു. 3:45.94 മിനിട്ടിൽ ഫിനിഷ് ചെയ്ത ഗുജറാത്തിന്റെ അജീത്കുമാറിനാണ് വെങ്കലം.
പുരുഷന്മരാുടെ 110 മീറ്റർ ഹർഡിൽസിലാണ് മെയ്‌മോൻ വെങ്കലം നേടിയത്. ഒ.എൻ.ജി.സിയ്ക്കായി ഇറങ്ങിയ സിദ്ധാന്ത് തിങ്കളായ 13.88 സെക്കൻഡിൽ സ്വർണവും തമിഴ്നാടിന്റെ സരേന്ദർ ജയകുമാർ 14.03 സെക്കൻഡിൽ വെള്ളിയും നേടിയപ്പോൾ സർവീസസ് താരമായ മെയ്‌മോൻ 14.11 സെക്കൻഡിലാണ് വെങ്കലം നേടിയത്.
വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ദ്യുതി ചന്ദ് ദേശീയ റെക്കാഡ് തകർത്തു. 11.22 സെക്കൻഡിൽ ഓടിയെത്തിയാണ് ദ്യുതി റെക്കോഡ് തിരുത്തിയത്.താനും 2000ൽ രചന മിസ്ത്രിയും സ്ഥാപിച്ച 11.26 സെക്കൻഡ് എന്ന സമയമാണ് ദ്യുതി തിരുത്തിയത്.