olga-

ഇംഗ്ലീഷിൽ രണ്ടുനോവലുകൾ മാത്രമേ പോളിഷ് നോവലിസ്റ്റ് ഓൾഗ തൊകാർചുക്കിന്റേതായി പ്രസിദ്ധീകരിച്ചിട്ടുള്ളൂ. എന്നാൽ ആ എഴുത്തുകാരിയെ തേടി ലോകത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനം തന്നെ എത്തി.. 2018ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം തേടിയെത്തിയത് വഞ്ചകിയെന്ന് പോളണ്ടിലെ ദേശീയവാദികൾ വിശേഷിപ്പിച്ച ഓൾഗ തൊകാർചുക്കിനാണ്.

ഇപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നോവൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത് കാത്തിരിക്കുകയാണ് ഓൾഗ.. ലോകമെങ്ങുമുള്ള ഇംഗ്ലീഷ് വായനക്കാരും ആ പുസ്തകത്തിനായി കാത്തിരിക്കുന്നുണ്ട്. ബുക്സ് ഓഫ് ജേക്കബ് എന്ന ആ പുസ്തകം പോളിഷിൽനിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത് 2021ൽ പ്രസിദ്ധീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. പക്ഷേ രണ്ടുവർഷത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല വിവർത്തകയ്ക്ക് പോലുമില്ല. 1000 പേജുണ്ട് ബുക്സ് ഓഫ് ജേക്കബിന്. തന്റെ പ്രിയപ്പെട്ട പുസ്തകമായിട്ടും അത് ലോകമെങ്ങുമുള്ള വായനക്കാർക്ക് വായിക്കാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടമാണ് എഴുത്തുകാരിക്ക്.

ഒരു വർഷം മുമ്പ് 'ഫ്ലൈറ്റ്സ്' എന്ന നോവലിന് ബുക്കർ സമ്മാനം നേടിയതിലൂടെയാണ് ഓൾഗ ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തൊട്ടടുത്ത വർഷവും ബുക്കറിന്റെ ചുരുക്കപ്പട്ടികയിൽ ഓൾഗ എത്തി. 'പ്ലോ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ്' എന്ന നോവലിലൂടെ.

തന്റെ പുസ്തകങ്ങൾ ഇംഗ്ലിഷിൽ പ്രസിദ്ധീകരിക്കുന്നതു കാണാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുള്ളതായി അവർ പറയുന്നു. ലോകത്തിന്റെ ഭാഷ ഇംഗ്ലിഷാണ്. ആ ഭാഷയിൽ വായിക്കപ്പെട്ടാൽ മാത്രമേ ലോകത്തിന്റെ അംഗീകാരവും ലഭിക്കൂ എന്നാണ് 57കാരിയായ ഓൾഗ മുൻപ് പറഞ്ഞത്.

2009 ൽ പോളണ്ടിൽ പ്രസിദ്ധീകരിച്ച നോവലാണ് 'ഡ്രൈവ് യവർ പ്ലോ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ്'. 10 വർഷം കഴിഞ്ഞാണ് ഇംഗ്ലിഷിൽ എത്തുന്നത്. പ്രശസ്ത ഇംഗ്ലിഷ് കവി വില്യം ബ്ളേക്കിന്റെ കവിതയിൽ നിന്ന് കടം കൊണ്ടതാണ് നോവലിന്റെ പേര്. നോവലിലെ പ്രധാന കഥാപാത്രമായ ജാനിന എന്ന മാനസിക അസ്വാസ്ഥ്യമുള്ള യുവതിക്ക് പ്രിയപ്പെട്ട കവിയാണ് ബ്ളേക്ക്. മനുഷ്യരേക്കാൾ മൃഗങ്ങളുടെ സൗഹൃദം ഇഷ്ടപ്പെടുന്ന ജാനിന തന്റെ രണ്ടുനായകളുടെ തിരോധാനത്തെക്കുറിച്ച് പറയുന്നിടത്താണ് നോവൽ തുടങ്ങുന്നത്. പശ്ചാത്തലം പോളണ്ടിലെ വിദൂരമായ ഒരു ഗ്രാമം. നായ്ക്കളുടെ തിരോധാനത്തിനുശേഷം കൊലപാതകങ്ങൾ കൂടി നടക്കുന്നതോടെ നോവൽ ക്രൈം ത്രില്ലറിന്റെ സ്വഭാവത്തിലേക്കു മാറുന്നു. നോവൽ ഇതേപേരിൽ ചലച്ചിത്രവുമായിട്ടുണ്ട്; വിവാദം സൃഷ്ടിക്കുകയും ചെയ്തു. 2009–ൽ ബെർലിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം ക്രിസ്തുമതത്തിന് എതിരാണെന്നും പാരിസ്ഥിതിക തീവ്രവാദം വളർത്തുന്നതാണെന്നും വിമർശനങ്ങൾ ഉയർന്നു.

അറിയപ്പെടുന്ന ഫെമിനിസ്റ്റാണ് ഓൾഗ.. 2007–ൽ പോളണ്ടിൽ പ്രസിദ്ധീകരിച്ച നോവലായിരുന്നു ഫ്ലൈറ്റ്സ്. 11 വർഷത്തിനുശേഷമാണ് ആ നോവൽ ബുക്കർ സമ്മാനത്തിന് അർഹമാകുന്നത്. ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത പ്രമേയത്തിന്റെയും ഭാഷയുടെയും പേരിൽ.

വിദ്യാർഥിപ്രക്ഷോഭത്തെത്തുടർന്ന് ജൻമനാട്ടിൽനിന്നു പലായനം ചെയ്യേണ്ടിവന്ന കുടുംബത്തിലെ അംഗമാണ് ഓൾഗ. ഇപ്പോൾ ഉക്രൈനിലുള്ള പ്രദേശത്തുനിന്ന് അഭയാർഥികളായി പോളണ്ടിലേക്ക് ജീവിതം പറിച്ചുനട്ടു ഓൾഗയുടെ പിതാവിന്റെ കുടുംബം. വാഴ്സോ സർവകലാശാലയിൽ മനഃശാസ്ത്രമായിരുന്നു ഓൾഗയുടെ പഠനവിഷയം.. പഠനശേഷം ആശുപത്രിയിൽ ലഹരിയുടെ അടിമകളായവരെ ചികിൽസിക്കുന്ന ജോലി ഏറ്റെടുത്തു. സഹപ്രവർത്തകനായ മനശാസ്ത്രജ്ഞനെ വിവാഹം കഴിച്ചു. ഒരു മകനു ജൻമം കൊടുത്തു.

അഞ്ചുവർഷമേ ദീർഘിച്ചുള്ളൂ ഓൾഗയുടെ ആശുപത്രിജീവിതം.

ചികിൽസക്കിടെ രോഗിയേക്കാൾ ചികിൽസ വേണ്ടതു തനിക്കാണെന്ന ചിന്തയിൽ നിന്ന് 30–ാം വയസ്സിനുശേഷം നാടുവിട്ട് ഏകാന്തയാത്രയ്ക്കിറങ്ങി. തായ്‍വാനിൽനിന്നു ന്യൂസിലൻഡിലേക്ക്. പിന്നീട് പോളണ്ടിൽനിന്നു മകനെയും കൂട്ടി മലേഷ്യയിലേക്ക്. അപ്രതീക്ഷിതവും നാടകീയവുമായ യാത്രകളാണ് ഓൾഗ എന്ന എഴുത്തുകാരിയെ രൂപപ്പെടുത്തിയതും പ്രതിഭാശാലിയാക്കിയതും.