തിരുവനന്തപുരം: സെമി-ഹൈസ്പീഡ് റെയിൽവേ വരുന്നതോടെ 3 മണിക്കൂർ 52 മിനിട്ടു കൊണ്ട് തലസ്ഥാനത്തു നിന്ന് കാസർകോട് വരെയെത്താം. നിലവിൽ പതിമ്മൂന്ന് മണിക്കൂറിലേറെ വേണ്ട ട്രെയിൻയാത്രയാണ് ഇത്രയും കുറഞ്ഞ സമയത്തിലേക്ക് ചുരുങ്ങുന്നത്. തലസ്ഥാനത്തു നിന്ന് ഏറ്റവുമധികം യാത്രക്കാരുള്ള എറണാകുളത്തേക്ക് ഒരു മണിക്കൂർ 26 മിനിട്ട് മതി. നാലരമണിക്കൂറെടുക്കും നിലവിലെ യാത്രയ്ക്ക്. സെമി-ഹൈസ്പീഡ് ട്രെയിൻ വരുന്നതോടെ ഏറ്റവുമധികം വികസിക്കുന്നതും തിരുവനന്തപുരം നഗരമായിരിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സെമി-ഹൈസ്പീഡ് ട്രെയിനിന് കണക്ഷനുണ്ടാവും. ചരക്കുലോറികൾ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ (റോൾ ഓൺ റോൾ ഓഫ്) സംവിധാനമുള്ളത് വിഴിഞ്ഞം തുറമുഖത്തിന് കുതിപ്പു പകരും.
സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് ഉടൻ കേന്ദ്രസർക്കാരിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കും. അന്തിമ അലൈൻമെന്റ് നിശ്ചയിക്കാനും സ്ഥലമെടുപ്പിനുമായുള്ള ആകാശ സർവേക്ക് ഒരാഴ്ചയ്ക്കകം അനുമതിയാവും. അഹമ്മദാബാദ്-മുംബയ് ബുള്ളറ്റ് ട്രെയിൻ പാതയ്ക്ക് സർവേ നടത്തിയ ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ കമ്പനിയാണ് 531.45 കിലോമീറ്ററിൽ ആകാശസർവേ നടത്തുന്നത്. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആകാശസർവേ 25 കിലോമീറ്റർ വിസ്തൃതിയിലാണെങ്കിലും 100 മീറ്ററിലെ വിവരങ്ങളേ ശേഖരിക്കുന്നുള്ളൂ. 20 മുതൽ 25 മീറ്റർ വീതിയിൽ വരെയാവും ഭൂമിയേറ്റെടുക്കുക. നാലുവരി ദേശീയപാത 45 മീറ്ററിലാണ്. ഇതിന്റെ പകുതി വിസ്തൃതിയിലുള്ള ഭൂമി മാത്രമേ സെമി-ഹൈസ്പീഡ് റെയിൽവേക്കായി ഏറ്റെടുക്കൂ. സർവേ പൂർത്തിയാക്കി, വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) കേന്ദ്രത്തിന് സമർപ്പിക്കും. പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് തത്വത്തിലുള്ള അനുമതി ലഭിച്ചാൽ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങാനാവും.
നിലവിലുള്ള ഇരട്ട റെയിൽപാതയിൽ നിന്ന് മാറി കൊച്ചുവേളി മുതൽ മലപ്പുറത്തെ തിരുനാവായ വരെ പുതിയ അലൈൻമെന്റിൽ രണ്ട് റെയിൽപാതകൾ നിർമ്മിക്കുകയാണ് ചെയ്യുക. ഇതിനായാണ് ഭൂമിയേറ്റെടുക്കുന്നത്. ഏറ്റെടുക്കേണ്ട 1226.45 ഹെക്ടർ ഭൂമിയിൽ 1074.19 ഹെക്ടർ സ്വകാര്യഭൂമിയും 107.98 ഹെക്ടർ സർക്കാർ ഭൂമിയുമാണ്. 44.58 ഹെക്ടർ റെയിൽവേയുടെ കൈവശത്തിലുള്ള ഭൂമിയാണ്. 200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കേണ്ടതിനാൽ പാളങ്ങൾക്ക് വളവുകൾ ഒഴിവാക്കും. പരമാവധി ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് പാതയ്ക്കായി സ്ഥലമെടുക്കുക. കാസർകോട് വരെ 2000 കെട്ടിടങ്ങളേ പൂർണമായി പൊളിക്കേണ്ടതുള്ളൂ. കൊച്ചുവേളിയിൽ നിലവിലെ സ്റ്റേഷന് വലതുഭാഗത്തായി പുതിയ സ്റ്റേഷൻ നിർമ്മിക്കും. സ്റ്റേഷനോട് അനുബന്ധമായി ഉപഗ്രഹനഗരം (സാറ്റലൈറ്റ് സിറ്റി ) ഉയരും. ലോകനിലവാരമുള്ള പുതിയ സ്റ്റേഷനുകളോട് ചേർന്ന് ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, പാർപ്പിട സമുച്ചയങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, ഐ.ടി പാർക്കുകൾ എന്നിവ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായുള്ള കൺസൾട്ടൻസിയെ കണ്ടെത്താൻ കേരള റെയിൽവേ വികസന കോർപറേഷൻ (കെ.ആർ.ഡി.സി.എൽ) ടെൻഡർ വിളിച്ചിട്ടുണ്ട്. 66,405 കോടി ചെലവുള്ള സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതി ലാഭകരമാക്കാനാണ് സ്റ്റേഷനുകൾക്കടുത്ത് ഉപഗ്രഹനഗരങ്ങൾ സ്ഥാപിക്കുന്നത്. ഉപഗ്രഹനഗരങ്ങളോടനുബന്ധിച്ച് വൈദ്യുതി വാഹനങ്ങളുടെ പൊതുഗതാഗത ശൃംഖലയുണ്ടാവും. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനവുമുണ്ടാവും.
കൊച്ചുവേളിയിൽ ഒരുസമയം ആയിരം കാറുകൾക്ക് പാർക്കിംഗിന് സൗകര്യമൊരുങ്ങും. കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 4.35 കിലോമീറ്ററിൽ എക്സ്റ്രൻഷൻ ലൈൻ സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ ഫീഡർ സ്റ്റേഷനുമുണ്ടാവും. സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതിയിൽ, മുടക്കുമുതലിന്റെ 8.1 ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും. നഗരവികസനം കൂടിയാവുമ്പോൾ ഇത് 16 ശതമാനമാവും. യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിനു പുറമെ, ചരക്കുലോറികൾ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ-റോ(റോൾ റോ-റോ (റോൾ ഓൺ റോൾ ഓഫ്) സർവീസുമുണ്ടാവും. ചെറുനഗരങ്ങളിൽ 27 ഫീഡർസ്റ്റേഷനുകൾക്ക് പുറമെ, ദേശീയപാതയിൽനിന്ന് സെമി-ഹൈസ്പീഡ് റെയിൽവേ സ്റ്റേഷനുകളിലേക്ക് കണക്ടിവിറ്റിയുണ്ടാക്കുന്നതും പരിഗണനയിലാണ്.
ഭൂവികസനത്തിലൂടെ വരുമാനമുണ്ടാക്കാൻ ഹൈദരാബാദ് മെട്രോയ്ക്ക് 200 ഏക്കറാണ് ആന്ധ്ര സർക്കാർ നൽകിയത്. 2030 വരെ 50 ലക്ഷം കോടിയുടെ വികസന പദ്ധതികളാണ് റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിൽ. സെമി-ഹൈസ്പീഡ് പദ്ധതിക്കായി റെയിൽവേ മുടക്കേണ്ടത് 7720 കോടി രൂപ മാത്രമേയുള്ളൂ.
തിരുവനന്തപുരം - കൊല്ലം
55 കി.മീ, സമയം - 24 മിനിട്ട്
തിരുവനന്തപുരം - ചെങ്ങന്നൂർ
109 കി.മീ, സമയം - 48 മിനിട്ട്
തിരുവനന്തപുരം - കോട്ടയം
149 കി.മീ, സമയം - 1 മണിക്കൂർ 3 മിനിട്ട്
തിരുവനന്തപുരം - എറണാകുളം
195 കി.മീ, സമയം -1 മണിക്കൂർ 26 മിനിട്ട്
തിരുവനന്തപുരം - തൃശൂർ
259 കി.മീ, സമയം -1 മണിക്കൂർ 54 മിനിട്ട്
തിരുവനന്തപുരം - തിരൂർ
317 കി.മീ, സമയം - 2 മണിക്കൂർ 19 മിനിട്ട്
തിരുവനന്തപുരം - കോഴിക്കോട്
358 കി.മീ, സമയം - 2 മണിക്കൂർ 37 മിനിട്ട്
തിരുവനന്തപുരം - കണ്ണൂർ
449 കി.മീ, സമയം - 3 മണിക്കൂർ 16 മിനിട്ട്
തിരുവനന്തപുരം - കാസർകോട്
532 കി.മീ, സമയം - 3 മണിക്കൂർ 52 മിനിട്ട്
പ്രതിദിനം ഇത്രയും യാത്രക്കാർ
2024-ൽ 67,740
2028-ൽ 82,266
2040-ൽ 1,16,000
2051-ൽ 1,47,000
നാലുവരി റോഡിനു വേണ്ട സ്ഥലത്തിന്റെ പകുതി മാത്രമേ ഏറ്റെടുക്കൂ. ഭൂമി നൽകുന്നവർക്ക് ആകർഷകമായ നഷ്ടപരിഹാരം നൽകും. പദ്ധതി പൂർത്തിയാകുമ്പോൾ 11,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. വി. അജിത്കുമാർ (മാനേജിംഗ് ഡയറക്ടർ, റെയിൽ വികസനകോർപറേഷൻ)