തിരുവനന്തപുരം: പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും ഗതാഗത നിയന്ത്രണങ്ങളും കാരണം മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിനുള്ളിലും ആശുപത്രിക്ക് മുന്നിലെ പ്രധാന റോഡിലും രോഗികളും വ്യാപാരികളും വാഹന യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്നിലെ റോഡു വികസനവുമായി ബന്ധപ്പെട്ട് അമ്മയും കുഞ്ഞും പ്രതിമയ്ക്ക് മുന്നിൽ റോഡ് അടച്ചതോടെ ആശുപത്രി വളപ്പിൽ പാർക്കിംഗിന് ഇടമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
സൂപ്പർ സ്പെഷ്യാലിറ്റി - മോർച്ചറി ബ്ളോക്കുകളിൽ നിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾ മെയിൻ റോഡിലെത്തുമ്പോൾ റോഡു മുറിച്ച് അപ്പുറത്തെ ട്രാക്കിലേക്ക് തിരിയുന്നത് ട്രാഫിക് പൊലീസ് വിലക്കിയതോടെ ആശുപത്രിയിൽ നിന്നു പുറത്തേക്ക് പോകുന്ന വാഹനയാത്രികരാകെ ബുദ്ധിമുട്ടിലായിട്ടുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് പോകുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ് - ഉള്ളൂർ റോഡിൽ നിന്നു വാഹനം വലത്തേക്ക് തിരിയുന്നത് നിരോധിച്ചതിനാൽ ഉള്ളൂർ ഇളങ്കാവിൽ ക്ഷേത്രത്തിന് സമീപമെത്തി തിരിഞ്ഞു പോകണമെന്നതാണ് അവസ്ഥ.
മെഡിക്കൽ കോളേജിൽ ഭാഗികമായി നിർമ്മിച്ച പുതിയ കാഷ്വാലിറ്റി ബ്ളോക്കിന്റെയും ആശുപത്രിക്കുള്ളിലെ റോഡുകളുടെയും നിർമ്മാണം പൂർത്തിയായാലേ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ അവസാനിക്കൂ. അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള റോഡിലൂടെ വാഹനങ്ങൾക്ക് അകത്തേക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. എസ്.എ.ടിയിലും ശ്രീചിത്രയിലും ആർ.സി.സിയിലും എത്തുന്ന വാഹനങ്ങൾക്ക് പുറത്തു കടക്കണമെങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന് മുന്നിലുള്ള റോഡ് വഴി പുറത്തിറങ്ങി ഉള്ളൂർ ജംഗ്ഷൻ കറങ്ങേണ്ട അവസ്ഥയാണ്.
മെഡിക്കൽ കോളേജിനുള്ളിൽ റോഡ് പണി നടക്കുന്നതിനാൽ ആശുപത്രി പരിസരത്ത് വാഹന പാർക്കിംഗിനു കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുകാരണം രോഗികളുമായി വരുന്ന വാഹനങ്ങൾ അവരെ ഇറക്കിയശേഷം ആശുപത്രി കോമ്പൗണ്ടിന് പുറത്തിറങ്ങി മെയിൻ റോഡിലെവിടെയെങ്കിലും പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. തിരികെ രോഗിയെ കൊണ്ടുപോകേണ്ട വാഹനങ്ങളാണെങ്കിൽ ഡ്രൈവർമാർ തക്കം കിട്ടുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്ത് ദൂരെ മാറിനിൽക്കണം. പേ വാർഡിന് മുന്നിലെ എ.സി.ആർ ലാബിന്റെ പരിസരത്തുള്ള ചെറിയ സ്ഥലമാണ് നിലവിൽ ആശുപത്രിയുടെ ആകെ പാർക്കിംഗ് ഏരിയ. ഇവിടെ ഇരുചക്ര വാഹനങ്ങൾക്കും വിരലിലെണ്ണാവുന്ന മറ്റുവാഹനങ്ങൾക്കുമാണ് പാർക്ക് ചെയ്യാനാവുക.
ഇവിടെ എത്തുന്ന ഭൂരിപക്ഷം വാഹനങ്ങളും എ.സി.ആർ ലാബിലോ, കാർഡിയാക് ഐ.സി.യുവിലോ വരുന്നവരാണ്. കെ.എച്ച്. ആർ.ഡബ്ലിയു.എസ് പേവാർഡ്, മോർച്ചറി തുടങ്ങിയിടങ്ങളിൽ വരുന്ന വാഹനങ്ങൾക്കൊന്നും പാർക്ക് ചെയ്യാൻ സൗകര്യമില്ല. മെഡിക്കൽ കോളേജിന് മുൻവശത്തെ റോഡ് നോപാർക്കിംഗ് മേഖലയാക്കിയതോടെ മരുന്നോ ആഹാര സാധനങ്ങളോ വാങ്ങാൻപോലും വാഹനം നിറുത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇത് കച്ചവടക്കാരെയും കൂട്ടിരുപ്പുകാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.