തിരുവനന്തപുരം: കുറെക്കാലമായി തലസ്ഥാന നഗരിയുടെ പല പ്രധാന കേന്ദ്രങ്ങളും ട്രാഫിക് തിരക്കിൽ വല്ലാത്ത വീർപ്പുമുട്ടലിലാണ്. റോഡുകളുടെ ഇരുവശങ്ങളിലും ലക്കും ലഗാനുമില്ലാതെ വാഹനങ്ങൾ പാർക്കു ചെയ്തിട്ട് ഉടമകളും ഡ്രൈവർമാരും പോകുമ്പോൾ പലദിക്കുകളിലേക്ക് പോകേണ്ട വാഹനയാത്രക്കാരാണ് നട്ടംതിരിയുന്നത്. ഏതായാലും ചില പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതോടെ കാര്യങ്ങൾക്ക് തീർപ്പുണ്ടാവുന്ന മട്ടുണ്ട്. അസിസ്റ്റന്റ് ട്രാഫിക് കമ്മിഷണർക്ക് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ് ലഭിച്ചതോടെ ട്രാഫിക് പൊലീസ് ഫലപ്രദമായി പ്രശ്നത്തിൽ ഇടപെടാനുള്ള നടപടി തുടങ്ങി. ഇത്രയൊക്കെയാണെങ്കിലും പല കേന്ദ്രങ്ങളിലും ഇന്നലെയും ജനത്തെ ബുദ്ധിമുട്ടിക്കും വിധമുള്ള പാർക്കിംഗ് കാണാനായി.
ഭക്ഷണ ശാലകൾക്ക് മുന്നിലാണ് പ്രധാനമായും വാഹനബാഹുല്യം. മാർക്കറ്റ് പരിസരങ്ങളിലും ചില സമയങ്ങളിൽ വല്ലാത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെടുക. എം.എൽ.എ ഹോസ്റ്റലിന് സമീപത്ത്, യൂണിവേഴ്സിറ്റി ലൈബ്രറി പരിസരത്തെ അനധികൃത പാർക്കിംഗിനെതിരെയാണ് മനുഷ്യാവകാശ കമ്മിഷന് രേഖാമൂലം പരാതി ലഭിച്ചത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ എപ്പോഴും ഓടുന്ന റൂട്ടാണ് ഇത്. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്താണ് മിക്കപ്പോഴും വാഹനങ്ങൾ നിരത്തിയിടുന്ന കാഴ്ച. ഓൺലൈൻ സംവിധാനത്തിലൂടെ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലെ വിതരണക്കാരുടെ ഇരുചക്രവാഹനങ്ങളുടെ നീണ്ട നിരയാവും ഉച്ചയ്ക്കും വൈകിട്ടും റോഡിന്റെ മറ്റൊരു വശത്ത്.
ഈ രണ്ട് പാർക്കിംഗുകളുടെയും ഇടയിലൂടെ വേണം വാഹനയാത്രക്കാരും കാൽനട യാത്രക്കാരും തട്ടിമുട്ടി പോകാൻ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചാണ് മനുഷ്യാവകാശ കമ്മിഷൻ സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. സ്റ്റാച്യുവിൽ നിന്ന് പാളയത്തേക്കുള്ള റോഡിൽ, വി.ജെ.ടി ഹാളിന് സമീപത്ത് റോഡിന്റെ വശങ്ങളിലും ചില സമയങ്ങളിൽ ഫുട്പാത്ത് മറച്ചുപോലും വാഹനങ്ങൾ കാണാം. ബേക്കറി ജംഗ്ഷന് സമീപത്തെ ചില റോഡുകളുടെ വശങ്ങളും വാഹന ഉടമകളുടെ പ്രിയപ്പെട്ട പാർക്കിംഗ് മേഖലയാണ്. പാർക്കിംഗ് നിയന്ത്രിക്കാൻ കോർപറേഷൻ ട്രാഫിക് വാർഡന്മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവരും നിസഹായരാവും. ഏറെ തിരക്കുള്ള ഹോട്ടലുകാരും മറ്റു വ്യാപാരസ്ഥാപനങ്ങളും സ്വന്തമായി പാർക്കിംഗ് സംവിധാനം ഉണ്ടാക്കുന്നുമില്ല.
മൾട്ടിലെവൽ പാർക്കിംഗ് വരുന്നതോടെ പരിഹാരമാവും
തിരുവനന്തപുരം നഗരസഭ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം തയ്യാറാക്കുകയാണ്. നഗരസഭാ കോമ്പൗണ്ട്, പുത്തരിക്കണ്ടം എന്നിവിടങ്ങളിൽ മൾട്ടിലെവൽ പാർക്കിംഗ് ഒരുങ്ങുന്നതോടെ എം.ജി റോഡിലെ പാർക്കിംഗ് പ്രശ്നത്തിന് അറുതിയാവും. മെഡിക്കൽ കോളേജ് പരിസരത്താണ് മൂന്നാമത്തെ മൾട്ടിലെവൽ പാർക്കിംഗ്. ബാംഗ്ളൂർ ആസ്ഥാനമായുള്ള സ്ഥാപനമാണ് ഇതിന്റെ നിർമ്മാണം നടത്തിവരുന്നത്. വലിയ താമസമില്ലാതെ ഇത് പ്രവർത്തന സജ്ജമാവും.
- പാളയം രാജൻ, നഗരാസൂത്രണ സമിതി അദ്ധ്യക്ഷൻ