
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിൽ നിർണായക വിവരങ്ങളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. അഞ്ചുകൊലപാതകങ്ങൾ നടത്തിയത് സയനൈഡ് ഉപയോഗിച്ചാണെന്നും എങ്ങനെയാണ് നടത്തിയതെന്നുമുള്ള ജോളിയുടെ വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു..
ഇതിനിടെ മുഖ്യപ്രതി ജോളിയുടെ സ്വഭാവവും അവരെ കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളും വിശകലനം ചെയ്തു വിദഗ്ധ പഠനം. ഓരോ കൊലപാതകത്തിലും ജോളിക്കു പ്രേരണയായ ഘടകങ്ങളെപ്പറ്റി മുംബയ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് മുൻ ഡീനും പ്രഫസറുമായ ഡോ. വർഗീസ് വയലാമണ്ണിൽ ദേവസ്യയാണ് പഠനറിപ്പോർട്ട് പുറത്തിറക്കിയത്. അധികാരവും സ്വാധീനവും മറ്റുള്ളവരിൽനിന്നു ബഹുമാനവും സ്വന്തമാക്കണമെന്ന ജോളിയുടെ ആഗ്രഹമായിരിക്കാം ക്രൂരമായ നീക്കങ്ങൾക്കു പ്രേരിപ്പിച്ചതെന്നു പഠനത്തിൽ പറയുന്നു.
ജോളിയുടെ മാനസികനില വിവിധ സാമൂഹിക ഘടകങ്ങളുമായി ചേർത്തു താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. പഠനത്തിൽ ഡോ. വർഗീസ് വയലാമണ്ണിൽ വെളിപ്പെടുത്തുന്ന കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്..
സീരിയൽ കില്ലർമാരായ ജോൺ ബോഡ്കിൻ ആഡംസ്, ഡോ.ഹാരൾഡ് ഷിപ്മെൻ തുടങ്ങിയവരോടാണ് ജോളിയെ പൊലീസ് താരതമ്യം ചെയ്യുന്നത്. 2002നും 2016നും ഇടയ്ക്ക് ആറു കൊലപാതകം നടന്നതായി വ്യക്തമായിട്ടുണ്ട്. പ്രതിസ്ഥാനത്ത് നിലവിൽ ജോളിയുമാണ്. സംഭവം നടന്നതിനു പിന്നാലെ ജോളിയുമായി ബന്ധപ്പെട്ടാണു ചർച്ചകളെല്ലാം. സൈക്യാട്രിസ്റ്റുകളും ക്രിമിനോളജിസ്റ്റുകളും വിക്റ്റിമോളജിസ്റ്റുകളെല്ലാം അവരുടെ സ്വഭാവത്തെപ്പറ്റിയും കൊലയിലേക്കു നയിച്ച കാരണങ്ങളെപ്പറ്റിയും പഠിക്കാൻ ആരംഭിച്ചിരിക്കുന്നു. കൂടത്തായി
കൊലപാതകങ്ങളെക്കുറിച്ചു മനസ്സിലാക്കണമെങ്കിൽ ജോളിയുടെയും അവർ ചെയ്ത കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലവും അറിയേണ്ടതുണ്ട്. ലഭിച്ച വിവരം പ്രകാരം ഇടുക്കിയിലെ ഒരു ഉൾപ്രദേശത്താണു ജോളി ജനിച്ചത്. സാമ്പത്തിക നിലവാരം പിന്നിൽ. പഠനത്തിൽ ശരാശരി മാത്രമായിരുന്ന ജോളി, അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം പാലായിലെ പാരലൽ കോളജിലാണ് തുടർപഠനം നടത്തിയത്. 1993 ൽ തുടങ്ങിയ കൊമേഴ്സ് പഠനം 1996ൽ അവസാനിച്ചു. ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ താമരശേരി കൂടത്തായിയിൽ പോയപ്പോഴായിരുന്നു ജോളി റോയിയെ ആദ്യമായി കാണുന്നത്. പിൽക്കാലത്ത് ജോളിയുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ച ഒരു വ്യക്തിക്കൊപ്പമായിരുന്നു കൂടത്തായിയിലേക്കുള്ള അവരുടെ ആദ്യയാത്ര.
ധനിക കുടുംബത്തിലെ അംഗമായിരുന്നു റോയി. മാതാപിതാക്കൾ അധ്യാപകർ, കുടുംബക്കാരെല്ലാം ഉയർന്ന വിദ്യാഭ്യാസം നേടിയവർ, വലിയ വീടും കാറുകളും മറ്റ് ആഡംബരങ്ങളുമെല്ലാം ജോളിക്ക് പുതിയ അനുഭവമായിരുന്നു. പെട്ടെന്നൊരുനാൾ കുടുംബത്തിലെ മറ്റുള്ളവരുമായി ജോളി സ്വയം താരതമ്യം ചെയ്യാൻ തുടങ്ങി. അതോടെ താൻ ജനിച്ചു വളർന്ന കുടുംബപശ്ചാത്തലത്തോട് അസ്വസ്ഥത തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. ഈ അപകർഷതാബോധം മറികടക്കാനാണ് ജോളി കോഴിക്കോട് എൻ.ഐ.ടിയിൽ അധ്യാപികയാണെന്നു സ്വയം പ്രഖ്യാപിച്ചത്. രാവിലെ കാറിൽ സ്വയം ഡ്രൈവ് ചെയ്ത് എൻ.ഐ.ടിയിലേക്കാണെന്ന മട്ടിൽ യാത്ര ചെയ്യുന്നതിൽ അവർ ഏറെ ആനന്ദം കണ്ടെത്തുകയും ചെയ്തു.
ഭർത്താവിന്റെ വീട്ടിൽ ജോളി അസൂയയോടെ കണ്ട വ്യക്തികളിൽ മുന്നിൽ റോയിയുടെ മാതാവ് അന്നമ്മയായിരുന്നു. ജോളിക്കും അധികാരവും സ്വാധീനവും മറ്റുള്ളവരിൽനിന്നു ബഹുമാനവും സ്വന്തമാക്കണമെന്നുണ്ടായിരുന്നു. പക്ഷേ അന്നമ്മ വലിയ തടസ്സമായി. അങ്ങനെയാണ് അവരെ ഇല്ലായ്മ ചെയ്യാൻ പദ്ധതി തയാറാക്കുന്നത്. ഒരു സാധാരണ പെൺകുട്ടിക്ക്, അവളെ സംബന്ധിച്ചിടത്തോളം ഏറെ ഉയരെയുള്ള ഒരു പദവിയിലേക്ക് ഉയർന്നു വരാനുള്ള ആഗ്രഹത്തിൽ നിന്നായിരുന്നു ആദ്യ കൊലപാതകം.
2002 ലെ ജോളിയുടെ ആദ്യ കൊലപാതകത്തെ അധികാരത്തിനു വേണ്ടിയുള്ള ‘അട്ടിമറിശ്രമ’മെന്നു വിളിക്കേണ്ടി വരും. ആദ്യമായാണെന്നതിനാൽ ചില ഉത്കണ്ഠയും മാനസിക സംഘർഷങ്ങളും കുറച്ചു സങ്കടവുമെല്ലാം ജോളിക്കു തോന്നിയിട്ടുണ്ടാകാം. പക്ഷേ ആ കുറ്റകൃത്യത്തിൽ ജോളി സന്തോഷിച്ചിരിക്കാം. ഏറെ നാൾ കൊതിച്ച, താൻ ആഗ്രഹിച്ച അധികാര പദവിയിലേക്ക് എത്താൻ സഹായകരമായതാണ് ആ കൊലപാതകം എന്നതാവാം അതിനു കാരണം. മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവൃത്തിക്കു പിന്നിലും അത്തരമൊരു സന്തോഷമോ സങ്കടമോ ചാലകശക്തിയായുണ്ടാകുമെന്ന് ബ്രിട്ടിഷ് ക്രിമിനോളജിസ്റ്റ് ജെറോമി ബേൻതം വ്യക്തമാക്കിയിട്ടുണ്ട്. എത്രമാത്രം അധികം സന്തോഷമുണ്ടോ അത്രയേറെ കരുത്തോടെ തന്റെ ലക്ഷ്യം നേടാനുള്ള ആഗ്രഹവും ആ വ്യക്തിക്കുണ്ടാകും.
2008 ലായിരുന്നു ജോളിയുടെ അടുത്ത നീക്കം. ജോളിയും ഭർത്താവ് റോയിയും താമസിച്ചിരുന്ന പുരയിടം റോയിയുടെ പിതാവ് ടോം ജോസിന്റെ പേരിലായിരുന്നു. ആ സ്വത്ത് തന്റെ പേരിൽ സ്വന്തമാക്കുന്നിന്റെ ആനന്ദമായിരുന്നു ജോളിയുടെ അടുത്ത ലക്ഷ്യം. അങ്ങനെയാണ് ടോം ജോസിനെ ഇല്ലാതാക്കാൻ തീരുമാനിക്കുന്നത്.
ഒരാൾക്കു കൈവരുന്ന അധികാരവും സ്വത്തുമെല്ലാം ലൈംഗിക താൽപര്യങ്ങളിലും മാറ്റം വരുത്താന്‍ പോന്നതാണ് (ലൈംഗിക വ്യതിചലനം അഥവാ സെക്‌ഷ്വൽ ഡീവിയൻസ് എന്നാണിതിനെ വിളിക്കുക. സമൂഹം അനുശാസിക്കുന്ന പരമ്പരാഗത രീതികളിൽനിന്നു വഴിമാറിയുള്ള ചിന്തയെന്നോ പ്രവൃത്തിയെന്നോ ആണ് ഈ വ്യതിചലനത്തെ സോഷ്യോളജിയിൽ നിർവചിക്കുന്നത്). ജോളിയും റോയിയും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നുവെന്നാണു പറയപ്പെടുന്നത്. ടോം തോമസിന്റെ ബന്ധുവും റോയിയുടെ കസിനുമായ ഷാജുവായിരുന്നു ജോളിയുടെ മനസ്സിൽ. അതിനാൽത്തന്നെ റോയിയുടെ ഭക്ഷണത്തിൽ സയനൈഡ് കലർത്തുന്നതിൽ യാതൊരു പശ്ചാത്താപവുമുണ്ടായിരുന്നില്ല ജോളിക്ക്.
അന്നമ്മയുടെ സഹോദരൻ മാത്യുവായിരുന്നു ജോളിയുടെ അടുത്ത ലക്ഷ്യം. മാത്യുവുമൊത്താണ് ആദ്യമായി ജോളി കൂടത്തായിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്. അങ്ങനെയാണ് റോയിയെ പരിചയപ്പെടുന്നതും. റോയിയുടെ മരണത്തിൽ മാത്യുവിനു സംശയങ്ങളുണ്ടായിരുന്നു. അദ്ദേഹമാണ് പോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യപ്പെടുന്നതും. ഇത് ജോളിയെ കോപാകുലയാക്കി. ഷാജുവിനൊപ്പം എന്നെന്നും സന്തോഷജീവിതം ആഗ്രഹിച്ചു കാര്യങ്ങൾ മുന്നോട്ടു നീക്കിയ ജോളിക്കു മാത്യുവിനെ ഇല്ലാതാക്കേണ്ടത് അനിവാര്യമായി.
ലൈംഗികവ്യതിചലനം കോപത്തിലേക്കു വഴിമാറുന്നതാണ് മാത്യുവിന്റെ കൊലപാതകത്തിൽ കണ്ടത്. ഷാജുവിനെ സ്വന്തമാക്കാനുള്ള വഴിയായാണ് അദ്ദേഹത്തിന്റെ ഒരു വയസ്സുള്ള കുഞ്ഞ് ആൽഫൈനെയും ജോളി കൊലപ്പെടുത്തുന്നത്. 2014ലെ ആ മരണത്തിനു ശേഷം 2016ൽ ഷാജുവിന്റെ ഭാര്യ സിലിയും കൊല്ലപ്പെട്ടു. ഷാജുവിനെ സ്വന്തമാക്കാനുള്ള അവസാന വഴിയായിരുന്നു ജോളിയെ സംബന്ധിച്ചിടത്തോളം ആ കൊലപാതകം. ജോളിയുടെ മടിയിൽ കിടന്നായിരുന്നു സിലിയുടെ മരണം.
കുടുംബത്തിന്റെ ഭാഗമായിരുന്നു താനെന്ന് ഒരിക്കലും സ്വയം കരുതിയിരുന്നില്ല ജോളിയെന്നു വേണം അനുമാനിക്കാൻ. മറ്റുള്ളവരുടെ കാഴ്ചപ്പാടും താൽപര്യങ്ങളും അവരുടെ ജീവിതമൂല്യങ്ങളുമെല്ലാം മനസ്സിലാക്കുന്നതിൽ ജോളി പരാജയപ്പെടുകയാണുണ്ടായത്. തനിക്ക് അവകാശപ്പെട്ട അധികാരങ്ങളും സ്ഥാനവും പണവും മറ്റു സന്തോഷങ്ങളുമെല്ലാം തന്നിൽനിന്നു മാറ്റി നിർത്തപ്പെടുകയാണെന്നായിരിക്കാം ജോളി ചിന്തിച്ചിരുന്നത്. തന്റെ വഴിയിൽ തടസ്സമായി നിന്നവരെല്ലാം ‘പോയിന്റ് ബ്ലാങ്കി’ൽ നിർത്തി അവരില്ലാതാക്കി.
വിവാഹജീവിതത്തിന്റെ ആരംഭം മുതൽക്കുതന്നെ റോയിയും അദ്ദേഹത്തിന്റെ മാതാപിതാക്കളും ജോളിക്ക് തികച്ചും അപരിചിതരെപ്പോലെയായിരുന്നു. സ്വന്തം വ്യക്തിത്വവും വ്യക്തിയെന്ന നിലയ്ക്കുള്ള സമൂഹത്തിലെ സ്ഥാനത്തെപ്പറ്റിയുള്ള അവബോധവുമെല്ലാം പതിയെപ്പതിയെ ജോളിക്ക് നഷ്ടമാവുകയായിരുന്നു. എന്നാൽ ചില കാര്യങ്ങളും സ്ഥാനങ്ങളും ബന്ധങ്ങളുമെല്ലാം വിലപ്പെട്ടതാണെന്ന് അവർക്ക് അറിയാമായിരുന്നു. അങ്ങനെയാണ് സ്വയം എൻ.ഐ.ടിയിലെ അധ്യാപികയായി പ്രഖ്യാപിക്കുന്നതും വ്യാജ ഒസ്യത്ത് തയാറാക്കുന്നതും ഷാജുവിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതും. എ
ന്തിനു വേണ്ടിയാണു താൻ ജീവിച്ചിരിക്കുന്നതെന്ന ചോദ്യം പലപ്പോഴും ജോളി സ്വയം ചോദിച്ചിട്ടുണ്ടാകാം. ഇടയ്ക്ക് ഷാജുവിന്റെ ഭാര്യ സിലിയുമായും അവർ സ്വയം താരതമ്യം ചെയ്തു. തന്റെ ജീവിതത്തിലെ അർഥമില്ലായ്മയ്ക്കു കാരണം സിലിയും ഷാജുവും തമ്മിലുള്ള ദാമ്പത്യജീവിതമാണെന്നും ജോളി കരുതിയിരുന്നിരിക്കാം. ഈ സാഹചര്യങ്ങൾക്കും കുടുംബഘടനയ്ക്കും മാറ്റം വരുത്താനുള്ള സ്ഥാനത്തല്ല താനെന്നും ഇവർ ആരംഭത്തിൽ കരുതിയിട്ടുണ്ടാകും. ഏതെങ്കിലും ലക്ഷ്യം മുന്നിൽക്കണ്ട് അതു പൂർത്തിയാക്കാനുള്ള ശേഷി (personal efficacy) തനിക്കില്ലെന്നും ജോളി കരുതിയിട്ടുണ്ടാകണം. പക്ഷേ ഈ തോന്നലുകൾക്കെല്ലാം ആറു മരണങ്ങളോടെ അവസാനമായി. 2017ൽ, സിലിയുടെ മരണത്തിനു മൂന്നു മാസത്തിനപ്പുറം, ജോളി ഷാജുവിനെ വിവാഹവും ചെയ്തു
വേദനകളിൽ നിന്നുള്ള മോചനവും കരുത്തും അധികാരവും പദവിയും സ്വത്തും പണവും ലൈംഗികതയുമെല്ലാം ഉൾപ്പെട്ട സന്തോഷം തേടുന്നവരിലാണ് കൊലപാതക സ്വഭാവം ഏറ്റവും ശക്തമായി കേന്ദ്രീകരിച്ചിട്ടുണ്ടാവുക.
തന്റെ ഭർത്താവിനോടും ബന്ധുക്കളോടുമെല്ലാം ഒപ്പം പിടിച്ചു നിൽക്കാനുള്ള ശ്രമമായിരുന്നു ജോളിയുടെ നീക്കങ്ങളെല്ലാം. ജോളിയെ സംബന്ധിച്ച് അവിടെ മറ്റു വഴികളെല്ലാം അടഞ്ഞു, അല്ലെങ്കിൽ സമൂഹം അംഗീകരിച്ച വഴികളിലൂടെ തന്റെ സ്ഥാനം മെച്ചപ്പെടുത്താൻ ജോളിക്ക് ആഗ്രഹമുണ്ടായിരുന്നില്. തന്റെ ഉറക്കം കളയുന്ന ആഗ്രഹങ്ങൾ വഴിയുണ്ടായ പ്രശ്നങ്ങളിൽ നിന്നുള്ള രക്ഷയായി ജോളി കണ്ടത് കൊലപാതകങ്ങളായിരുന്നു. സോഷ്യോളജിസ്റ്റിനെ സംബന്ധിച്ചിടത്തോളം, സമൂഹവുമായി ഒരു വ്യക്തി നടത്തുന്ന കൊടുക്കൽവാങ്ങലുകളിൽ നിന്നുണ്ടാകുന്ന ഉപോൽപന്നമാണ് കൊലപാതകം.
ഇന്ത്യയിൽ പുരുഷ കൊലയാളികളെ അപേക്ഷിച്ച് വനിതാ കൊലയാളികൾ വളരെ കുറവാണ്. എന്നാൽ വനിതകൾ കൊലയാളികളാകുമ്പോൾ കൊടുംകുറ്റവാളികളെന്ന നിലയ്ക്കാണ് അവരോടുള്ള സമീപനം. കൊലപാതകങ്ങൾക്കു പിന്നിലെ കാരണവും അതിന്റെ രീതിയുമെല്ലാം മനസ്സിലാക്കിയെടുക്കാൻ പൊലീസിനു ബുദ്ധിമുട്ട് നേരിട്ടേക്കാം. നിയമത്തിനു കൃത്യമായ തെളിവുകളാണു വേണ്ടത്. കൂടത്തായി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശകലനം ചെയ്തെടുക്കാനുള്ള പൊലീസിന്റെ കഴിവും ബൗദ്ധിക നീക്കങ്ങളുമെല്ലാം ഇവിടെ വിലയിരുത്തപ്പെടും. വൻ വെല്ലുവിളികളാണ് പൊലീസിനു മുന്നിലെന്നു ചുരുക്കം. നിയമത്തിനു മുന്നിൽ തെറ്റുകാരിയെന്നു തെളിയിക്കപ്പെടും വരെയെങ്കിലും ജോളി നിരപരാധിയായി തുടരും. ഡോ.വർഗീസ് പഠനത്തിൽ വ്യക്തമാക്കുന്നു.