തിരുവനന്തപുരം: 'തിരഞ്ഞെടുപ്പ് ചൂടോ...ആർക്ക്?"- വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ ഒരറ്റമായ കണ്ണമ്മൂലയ്ക്കും മുളവനയ്ക്കും ഇടയ്ക്കുള്ള വടയക്കാട് ജംഗ്ഷനിൽ ചെറിയൊരു കട നടത്തുന്ന സതീശന്റെ ചോദ്യമാണിത്. ''ഇവിടെ ആർക്കും ചൂടില്ല. അതൊക്കെ രാഷ്ട്രീയക്കാർക്കല്ലേ, നമ്മൾ പതിവുപോലെ ഇങ്ങനെ കട തുറന്ന് വല്ലതും കച്ചവടം ചെയ്തു ജീവിക്കുന്നു. ആ ചൂടൊന്നും എന്നെ പോലത്തെ സാധാരണക്കാർക്കില്ല''. പുത്തൻപാലത്തിനു സമീപം കുടയും പിടിച്ച് ഒരു ചരുവം മീനുമായി ഇരിക്കുന്ന മരിയാമ്മയോട് തിരഞ്ഞെടുപ്പിനെ പറ്റി ചോദിച്ചപ്പോൾ മറുപടി വേറെ ലെവൽ. - ''നിങ്ങ മീനിന്റെ വില ചോദിക്കീൻ സാറെ, ഞാൻ പറയാം''. പൈപ്പിടാൻ വെട്ടിക്കുഴിച്ചതിനെ തുടർന്ന് തകർന്ന മുളവന - കണ്ണമ്മൂല റോഡിലൂടെ പോകുന്ന ആട്ടോറിക്ഷയിലിരുന്നു മണികണ്ഠനെന്ന യാത്രക്കാരൻ പറയുന്നത് - 'ഈ റോഡൊക്കെ എന്ന് ശരിയാക്കി തരും. ഇതുവഴി പോയാൽ നടുവൊടിയും ചേട്ടാ...' എന്നാണ്. ഇവിടെ മാത്രമല്ല ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിന്റെ ഏതുമൂലയിൽ ചെന്നും തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചാൽ രാഷ്ട്രീയ പക്ഷപാതമില്ലാത്തവരാണെങ്കിൽ ഏതാണ്ടിതുപോലെ മാത്രമെ ഉത്തരം ലഭിക്കൂ.
വോട്ടർമാർക്കിടയിൽ പൊതുവെ ഒരു നിസംഗതയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ദിവസം അടുത്തു വരുമ്പോൾ മണ്ഡലത്തിൽ നിറയുന്ന വിഷയങ്ങൾ നിരവധിയാണ്. റോഡുകളുടെ ശോചനീയാവസ്ഥ, നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ, പാലിക്കാത്ത വാഗ്ദാനങ്ങൾ, പാൽ - പച്ചക്കറി വിലക്കയറ്റം എല്ലാം ചർച്ചയാകുന്നു. അവസാന റൗണ്ടിൽ ശബരിമല വിഷയം കൂടി ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങിയിട്ടുണ്ട്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിൽ മാറിമാറി വരുന്ന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ജംഗ്ഷന് സമീപത്തെ പച്ചക്കറി കടയിലെത്തിയ കോൺഗ്രസ് അനുഭാവി രാജുവിന്റെ കമന്റ് വിലക്കയറ്റത്തിനു കാരണം കേന്ദ്ര, സംസ്ഥാന സർക്കാരുകളാണെന്നാണ്. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൊണ്ടാണ് ഇവിടെ വില കുറഞ്ഞതെന്നാണ് ഇടതനായ രമിത്തിന്റെ വാദം. മാർക്കറ്റുകളിലും ചായക്കടകളിലുമൊക്കെ രാഷ്ട്രീയവും കൂടി വിറ്റു പോകുന്നുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴയിലും ഒപ്പമുള്ള ഇടിമിന്നലിലും തിരഞ്ഞെടുപ്പ് ചൂട് ആറി തണുത്തു പോകുമോ എന്ന ആശങ്ക മൂന്നു മുന്നണിയിൽ പെട്ടവർക്കുമുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള പ്രചാരണ പരിപാടിയെയും പൊതുയോഗങ്ങളെയും ഇന്നലെ വൈകിട്ട് പെയ്തിറങ്ങിയ മഴ മുക്കിക്കളഞ്ഞു.
വട്ടിയൂർക്കാവിൽ നടന്ന വികസന പ്രവർത്തനങ്ങൾ നഗരസഭ കൊണ്ടു വന്നതു മാത്രമാണ്. ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവരുടെ ഭാഗത്തു നിന്ന് അടുത്തകാലത്തൊന്നും ഒരു വികസനവും ഉണ്ടായിട്ടില്ല. രാഷ്ട്രീയ ഭേദമില്ലാതെ ഒരുപാട് ചെറുപ്പക്കാർ എനിക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. - വി.കെ. പ്രശാന്ത്, എൽ.ഡി.എഫ് സ്ഥാനാർത്ഥി
യു.ഡി.എഫ് സംവിധാനങ്ങൾ ഉണർന്നു കഴിഞ്ഞു. എൽ.ഡി.എഫ് ഭരണത്തിൻ കീഴിൽ പൊതുവെ ജനങ്ങൾക്ക് എതിർപ്പുണ്ട്. ബി.ജെ.പിയോടും എതിർപ്പുണ്ട്. യു.ഡി.എഫ് വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കെ. മോഹൻകുമാർ, യു.ഡി.എഫ് സ്ഥാനാർത്ഥി
ആദ്യത്തെ കൺഫ്യൂഷനൊക്കെ മാറി. എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം നയിക്കുന്നത് കുമ്മനമാണ്. അദ്ദേഹമാണ് തിരഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ. വട്ടിയൂർക്കാവിൽ ഇത്തവണം വിജയം നേടാൻ കഴിയും . എസ്. സുരേഷ്, എൻ.ഡി.എ സ്ഥാനാർത്ഥി
പ്രചാരണ രംഗത്ത് ആദ്യ നാളുകളിൽ കിട്ടിയ മുൻതൂക്കം മുതലാക്കി പരമാവധി വോട്ടുകൾ ഉറപ്പിക്കാനാണ് എൽ.ഡി.എഫ് ശ്രമം. രണ്ടു പ്രളയത്തിലും സഹായ പ്രവർത്തനങ്ങൾ നടത്തി കേരളത്തിന്റെ കൈയടി നേടിയ മേയർ എന്ന ഇമേജ് തന്നെയാണ് എൽ.ഡി.എഫ് പ്രവർത്തകർ വി.കെ. പ്രശാന്തിനു വേണ്ടി പ്രയോഗിക്കുന്ന ആയുധം. ഒപ്പം നഗരസഭ നടത്തിയ വികസന പ്രവർത്തനങ്ങളും എണ്ണിയെണ്ണി പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ 14ന് വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും.
വി.കെ. പ്രശാന്തിന്റെ വ്യക്തിപ്രഭാവത്തെ മറികടക്കാൻ മറുവഴികൾ തേടുകയാണ് യു.ഡി.എഫും ബി.ജെപിയും. ആദ്യ റൗണ്ടിൽ പിന്നിലായെങ്കിലും പ്രധാനപ്പെട്ട നേതാക്കളെയെല്ലാം അണിനിരത്തി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറും കളം നിറഞ്ഞു കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും എം.പിമാരായ ശശി തരൂർ, കെ. മുരളീധരൻ എന്നിവരും, പദ്മജാ വേണുഗോപാലും യു.ഡി.എഫിനായി രംഗത്തിറങ്ങി.
ഇഞ്ചോടിഞ്ച് പോരാട്ടം, പ്രധാനനേതാക്കൾ രംഗത്ത്
കുടുംബയോഗങ്ങളിലുൾപ്പെടെ സുരേഷ് ഗോപി എം.പിയെ രംഗത്തിറക്കിക്കൊണ്ടാണ് എൻ.ഡി.എ ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗം ഉഷാറാക്കിയത്. 2016ൽ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂർക്കാവിൽ ഇത്തവണ വിജയം ഉറപ്പിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനു വേണ്ടി കൂടുതൽ സംസ്ഥാന നേതാക്കൾ വരുംദിവസങ്ങളിലെത്തും.