നവംബർ മാസം കാത്തിരിക്കുന്നത് വൻ റിലീസുകളാണ്.മേജർ ചിത്രങ്ങൾ ഉൾപ്പെടെ 14 സിനിമകൾ തിയേറ്ററിൽ എത്തും. മമ്മൂട്ടിയുടെ മാമാങ്കം, നിവിൻ പോളിയുടെ മൂത്തോൻ ,ബിജു മേനോൻ-ലാൽ ജോസ് ടീമിന്റെ 41,ആസിഫ് അലിയുടെ അണ്ടർവേൾഡ്, വിനയൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ആകാശഗംഗ 2, ഷെയ്ൻ നിഗമിന്റെ വലിയ പെരുന്നാൾ, സൗബിൻ ഷാഹിറിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.2 എന്നിവയാണ് മേജർ റിലീസുകൾ.
വിനയൻ സംവിധാനം ചെയ്യുന്നആകാശഗംഗ 2 കേരളപിറവി ദിനത്തിൽ തിയേറ്ററിലെത്തും. ആകാശഗംഗ 2ൽ രമ്യ കൃഷ്ണൻ, സിദ്ധിഖ്, ശ്രീനാഥ് ഭാസി, ശെന്തിൽ കൃഷ്ണ, വിഷ്ണു വിനയ്, സലിംകുമാർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, സുനിൽ സുഖദ, ഇടവേള ബാബു, റിയാസ്, നസീർ സംക്രാന്തി, പ്രവീണ, ശരണ്യ, കനകലത, വീണ നായർ, നിഹാരിക എന്നിവരാണ് പ്രധാന താരങ്ങൾ. പുതുമുഖം ആതിരയാണ് നായിക. ആകാശ് ഫിലിംസിന്റെ ബാനറിൽ വിനയൻ തന്നെയാണ് രചനയും നിർമ്മാണവും നിർവഹിക്കുന്നത്.കാമറ പ്രകാശ് കുട്ടി.
ആസിഫ് അലി, ഫർഹാൻ ഫാസിൽ, ജീൻ പോൾ ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടർവേൾഡ് നവംബർ ഒന്നിന് എത്തും. സംയുക്ത മേനോനാണ് നായിക. ആസിഫ് അലിയുടെ മകൻ ആദം അലിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്ന ചിത്രം അലി ആഷിഖ്, ഡി 14 എന്റർടെയ്ൻമെന്റ്സുമായി ചേർന്നാണ് നിർമ്മിക്കുന്നത്.
ആനന്ദത്തിനുശേഷം ഹാബിറ്റ് ഒഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന ഹെലനും നവംബർ ഒന്നിനാണ് എത്തുന്നത്. നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്ന ബെന്നാണ് നായിക. ആൽഫ്രെഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് രചന.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം മൂത്തോൻ നവംബർ 8ന് തിയേറ്ററിലെത്തും. നിവിൻ പോളിയാണ് നായകൻ. ദിലീഷ് പോത്തനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
ബിജു മേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാൽജോസ് ചിത്രം 41 നവംബർ 8ന് തിയേറ്ററിൽ എത്തും.നിമിഷ സജയനാണ് നായിക.ഇതാദ്യമായാണ് ബിജു മേനോൻ ലാൽജോസ് ചിത്രത്തിൽ നായകനാവുന്നത്. ലാൽ ജോസിന്റെ 25-ാമത്തെ സിനിമ കൂടിയാണിത്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, വിജിലേഷ് എന്നിവരാണ് മറ്റു താരങ്ങൾ. സിഗ് നേചർ സ്റ്റുഡിയോസിന്റെ ബാനറിൽ ജി.പ്രജിത്ത്, അനുമോദ് ബോസ്, ആദർശ് നാരായണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പി.ജി പ്രഗീഷ് രചന നിർവഹിക്കുന്നു.
സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 നവംബർ എട്ടിന് തിയേറ്ററിലെത്തും. മൂൺഷോട്ട് എന്റർടെയ്ൻ മെന്റിന്റെ ബാനറിൽ സന്തോഷ്.ടി. കുരുവിള നിർമ്മിക്കുന്ന ചിത്രം നവാഗതനായ രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്നു. മാലപാർവതി, മേഘ എന്നിവരാണ് മറ്റു താരങ്ങൾ. കാമറ സാനു ജോൺ വർഗീസ്, സംഗീതം ബിജിബാൽ.
രജീഷ വിജയനും നിമിഷ സജയനും നായികമാരായി എത്തുന്ന സ്റ്റാൻഡ് അപ്പ് നവംബർ രണ്ടാം വാരം പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന ചിത്രം ബി.ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് നിർമ്മിക്കുന്നത്. അർജുൻ അശോക്, വെങ്കിടേശ്, സീമ, നിസ് താർ, സജിത മഠത്തിൽ, രാജേഷ് ശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ. സൗണ്ട് ഡിസൈനർ രംഗനാഥ് രവിയടക്കം സംസ്ഥാന സിനിമ അവാർഡ് നേടിയ അഞ്ചുപേർ ചിത്രത്തിനു പിന്നിലുണ്ട്.
ഒരു അഡാറ് ലവിനുശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക 15ന് തിയേറ്ററിൽ എത്തും. അരുൺ,നിക്കി ഗൽറാണി,മുകേഷ്, ഉർവശി , ധർമ്മജൻ ബോൾഗാട്ടി, നേഹ സക് സേന, സാബു മോൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഒരു കളർഫുൾ കോമഡി എന്റർടെയ്നറായിരിക്കും ധമ്മാക്ക. ഗുഡ് ലൈൻ പ്രൊഡ ക് ഷൻസിന്റെ ബാനറിൽ എം. കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കാമറ സിനോജ് .പി. അയ്യപ്പൻ.
ഗോൾഡൻ പിക് ചേഴ്സിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാം കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയ്യുന്നു. മിഥുൻ രമേശാണ് നായകൻ. ദിവ്യ പിള്ള നായികയായി എത്തുന്ന ചിത്രത്തിൽ ജോയ് മാത്യു, സുരാജ് വെഞ്ഞാറമൂട്, ജോണി ആന്റണി, ശശി കലിംഗ, സുനിൽ സുഖദ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി എന്നിവരാണ് മറ്റു താരങ്ങൾ. ഒക്ടോബർ 15ന് ചിത്രം തിയേറ്ററിൽ എത്തും.
കേരളവർമ്മ പഴശ്ശിരാജയ്ക്കുശേഷം മമ്മൂട്ടി അഭിനയിക്കുന്ന പീരിയഡ് സിനിമയായ മാമാങ്കം നവംബർ 21ന് എത്തും. ഉണ്ണി മുകുന്ദൻ, പ്രാച്ചി തെഹ് ളാൻ, കനിഹ, അനു സിതാര, ഇനിയ, മണിക്കുട്ടൻ, സുദേവ് നായർ, സിദ്ദിഖ്, തരുൺരാജ് അറോറ, നിലമ്പൂർ ആയിഷ, ഇടവേള ബാബു, മാസ്റ്റർ അച്യുത് എന്നിവരാണ് പ്രധാന താരങ്ങൾ. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന മാമാങ്കത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിർവഹിക്കുന്നു. അജു വർഗീസിനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന കമല നവംബർ 29ന് തിയേറ്ററിൽ എത്തും. ഒരു ത്രില്ലർ ചിത്രമാണ് കമല. രഞ്ജിത് ശങ്കർ- ജയസൂര്യ ടീമിന്റെ ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിലാണ് നിർമ്മാണം. അജുവും രഞ്ജിത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.
നവാഗതനായ ഡിമൽ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാൾ നവംബർ റിലീസായി എത്തും. ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ജോജു ജോർജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമ്മിക്കുന്ന ചിത്രത്തിൽ ഹിമിക ബോസാണ് നായിക. സ്രിൻഡയാണ് മറ്റൊരു താരം.ഷെഹിൻ സിദ്ധിഖ് നായകനായി എത്തുന്ന ഒരു കടത്ത് നാടൻ കഥയും നവംബർ റിലീസായി ഒരുങ്ങുന്നുണ്ട്.പ്രദീപ് റാവത്താണ് പ്രതിനായകൻ.