forbs

ന്യൂ‌ഡൽഹി: ഫോബ്‌സ് മാഗസിന്റെ 2019ലെ അതിസമ്പന്നരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പട്ടികയില്‍ ഞെട്ടിപ്പിക്കുന്ന നേട്ടം കൈവരിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിയാണ്.തുടർച്ചയായി 12-ാം വർഷവും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാമൻ. 51.4 ബില്യൺ ഡോളറാണ് മുകേഷിന്റെ ആസ്തി.

പത്താം സ്ഥാനത്ത് നിന്ന് ഒറ്റയടിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ തോഴനായ അദാനി രണ്ടാമതെത്തിയത്. 4.8 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഒറ്റ വര്‍ഷത്തില്‍ അദാനി സ്വന്തമാക്കിയത്. 15.7 ബില്യൺ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. ചുരുങ്ങിയ സമയം കൊണ്ട് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയ വ്യക്തിയാണ് ഗൗതം അദാനി. കഴിഞ്ഞ നാല് വർഷത്തിനിടെ ഗുജറാത്തിൽ നിന്നുള്ള അദാനിയുടെ ആസ്തിയിൽ ഏകദേശം മൂന്നിരട്ടിയുടെ വർധനവാണ് ഉണ്ടായത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി നരേന്ദ്ര മോദി ഉപയോഗിച്ചത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററുകളായിരുന്നു. അതിന്റെ പണം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോദി അധികാരത്തിൽ വന്നശേഷം ബിസിനസിൽ വൻ കുതിച്ചുകയറ്റമാണ് അദാനി ഗ്രൂപ്പ് നടത്തിയത്.

അതേസമയം സമ്പന്നർക്ക് ഇടിവുണ്ടായ വർഷമാണിത്. ഫോർബ്സ് പട്ടികയിൽ ഇടംനേടിയ മുൻനിരക്കാർക്ക് സമ്പത്തിൽ എട്ട് ശതമാനത്തോളം ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം 68-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനിയുടെ സഹോദരൻ അനില്‍ അംബാനി ഇത്തവണ പട്ടികയില്‍ ഇടം നേടിയില്ല. കൂടാതെ ടെക് വ്യവസായി അസിം പ്രേംജി ഇത് രണ്ടാം സ്ഥാനത്ത് നിന്ന് 17-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സമ്പത്തിൽ ഭീമമായ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുകയായിരുന്നു പ്രേംജി”-ഫോബ്‌സ് പറഞ്ഞു.

അശോക് ലെലാന്റിന്റെ ഹിന്ദുജ സഹോദരങ്ങളാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്ത് പല്ലോഞ്ജി മിശ്രിയാണ്. ചരിത്രത്തില്‍ ആദ്യമായി കൊടാക് മഹീന്ദ്ര ഉടമ ഉദയ് കൊടാക് അഞ്ചാം സ്ഥാനത്തെത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യത്തെ സമ്പന്നർ ദാരിദ്ര്യം കുറയ്ക്കാൻ സഹായിക്കുന്നുവെന്നും ബഹുമാനവും പ്രോത്സാഹനവും അർഹിക്കുന്നുവെന്നും പറഞ്ഞിരുന്നു.