
കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കേസ് അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസിലെ സമർത്ഥരായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുകയെന്നും ഡി.ജി.പി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് വിഷാംശത്തിന്റെ തെളിവുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കിൽ വിദേശത്തേക്ക് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമാവധി സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കും. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും ഡി.ജി.പി പറഞ്ഞു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ അന്വേഷണം വിലയിരുത്താൻ കൂടത്തായിൽ എത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആറ് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഒരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17 വർഷം മുമ്പാണ് ആദ്യ കൊലപാതകം നടക്കുന്നത്. അവസാന കൊലപാതകം നടന്നത് മൂന്ന് വർഷം മുമ്പും. അതിനാൽ തെളിവുകൾ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഇത്രയും കാലമെടുത്തതിനാൽ കേസിൽ ദൃക്‌സാക്ഷിയൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.