പ്രതീക്ഷകൾക്കുമപ്പുറമുള്ള വിജയമാണ് 2015-ലെ പാർലെമെന്റ് തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോ നേതൃത്വം നൽകിയ ലിബറൽ പാർട്ടിക്ക് കാനഡയിലെ വോട്ടർമാർ നൽകിയത്. 338 അംഗ പാർലമെന്റിൽ 184 സീറ്റുകളാണ് ലിബറൽ പാർട്ടിക്ക് ലഭിച്ചത്. ജനങ്ങളുമായി ഇഴുകിചേർന്ന് അവരിലൊരാളായി മാറിക്കൊണ്ടുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് വോട്ടർമാർ നൽകിയ അംഗീകാരമായിരുന്നു നാല്പത്തിരണ്ടുകാരനായ ട്രൂഡോയ്ക്ക് അന്ന് ലഭിച്ചത്.
നാലുവർഷ കാലാവധി പൂർത്തിയാക്കിയ ട്രൂഡോ സർക്കാർ ഒക്ടോബർ 21 ന് വീണ്ടും പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. 2015 ൽ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഉണ്ടായിരുന്ന ആത്മവിശ്വാസം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവാണ് സംഭവിച്ചത്. 2015-ൽ ട്രൂഡോയെ അംഗീകരിച്ചവർ 62 ശതമാനമായിരുന്നു. എന്നാൽ ഭൂരിപക്ഷം വോട്ടർമാർ അദ്ദേഹത്തെ അംഗീകരിക്കുന്നില്ലെന്നാണ് 2019 ആഗസ്റ്റ് ആദ്യവാരത്തിൽ നടത്തിയ ആൻഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് സർവേ ഫലങ്ങൾ വ്യക്തമാക്കിയത്. ലോകത്തിലെ വൻ സാമ്പത്തിക ശക്തികളിലൊന്നായ കാനഡയുടെ ആഭ്യന്തരരംഗം പൊതുവേ ശാന്തമാണ്. തൊഴിലില്ലായ്മ, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.6 ശതമാനം മാത്രമാണ്. സമ്പദ് വ്യവസ്ഥയും ആരോഗ്യകരമായ അവസ്ഥയിലാണ്. തന്റെ മന്ത്രിസഭയിൽ അമ്പത് ശതമാനം വനിതാമന്ത്രിമാരെ ഉൾപ്പെടുത്തി, ലിംഗസമത്വത്തിന് ചരിത്രം സൃഷ്ടിച്ച നേതാവാണ്, മുൻ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോയുടെ മകനായ ജസ്റ്റിൻ ട്രൂഡോ. ജനപ്രീതിയിൽ മുന്നിൽ നിന്ന അദ്ദേഹത്തിന് എവിടെയാണ് പിഴച്ചത് ?
തുടക്കം ഇന്ത്യാ സന്ദർശനത്തിൽ
ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ നാലുപേരാണുള്ളത്. അതിൽ മൂന്നുപേർ സിക്ക് വംശജരാണ്. ജനസംഖ്യയുടെ 1.4 ശതമാനം വരുന്ന സിക്ക് വംശജരുടെ ശക്തമായ പിന്തുണയോടെയാണ് ട്രൂഡോ അധികാരത്തിലെത്തിയത്. അതുകൊണ്ട് കൂടിയാകാം പ്രതിരോധവും സാമ്പത്തിക വികസനവും ഉൾപ്പെടെയുള്ള കാബിനറ്റ് മന്ത്രിസ്ഥാനങ്ങൾ സിക്ക് വംശജരായ മന്ത്രിമാർക്ക് അദ്ദേഹം നൽകിയത്. ഇന്ത്യാ വിരുദ്ധരും ഖാലിസ്ഥാൻ വാദികളുമായ സിക്കുകാരെ ട്രൂഡോ പിന്തുണയ്ക്കുന്നതായി വ്യാപകമായ ആക്ഷേപം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഖാലിസ്ഥാൻ വാദികളായ സിക്ക് ഖൽസായുടെ നേതൃത്വത്തിൽ രണ്ട് വർഷം മുമ്പ് കാനഡയിൽ നടത്തിയ പരേഡിൽ ട്രൂഡോ മുഖ്യാതിഥിയായി പങ്കെടുത്തപ്പോൾ, ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഇന്ത്യയുടെ അനിഷ്ടം കാനഡാ സർക്കാരിനെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരിക്കാം, ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കാനായാണ് 2018 ഫെബ്രുവരിൽ എട്ടുദിവസം നീണ്ടുനിന്ന ഇന്ത്യാ സന്ദർശനത്തിന് അദ്ദേഹം ഇന്ത്യയിലെത്തിയത്. വിരോധാഭാസമെന്ന് പറയട്ടെ കല്ലുകടിയോടെയാണ് അദ്ദേഹത്തിന്റെ സന്ദർശനം ആരംഭിച്ചത്. സിക്ക് ഭീകരവാദിയായ ജസ്പാൽ അത്വാലിനെ ഡൽഹിയിലെ ഔദ്യോഗിക അത്താഴ വിരുന്നിൽ പങ്കെടുക്കാൻ ക്ഷണിച്ചത് വലിയ വിവാദമായി. 1986-ൽ കാനഡ സന്ദർശിച്ച, പഞ്ചാബ് സംസ്ഥാന മന്ത്രിസഭാംഗമായിരുന്ന മൽക്കിയത് സിംഗ് സിദ്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാനഡ കോടതി ശിക്ഷിച്ച വ്യക്തിയായിരുന്നു അത്വാൽ. കാനഡയുടെ ഔദ്യോഗിക സംഘാംഗമായാണ് അത്വാൽ ഇന്ത്യയിലെത്തിയത്. ഈ വാർത്ത പുറത്തു വന്നപ്പോൾ, അത്താഴവിരുന്നിനുള്ള ഔദ്യേഗിക ക്ഷണിതാക്കളുടെ ലിസ്റ്റിൽ നിന്നും അത്വാലിനെ ഒഴിവാക്കാൻ ഇന്ത്യ ആവശ്യപ്പെടുകയും, കാനഡ സർക്കാരിന് അത്വാലിനെ ഒഴിവാക്കേണ്ടി വരികയും ചെയ്തു. ഇന്ത്യ-കാനഡ ബന്ധങ്ങളിൽ കൂടുതൽ അകൽച്ചയുണ്ടാകാനിടയായ ഈ സംഭവം പത്രമാദ്ധ്യമങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രചരിപ്പിച്ചത് ട്രൂഡോയ്ക്ക് മാത്രമല്ല, കാനഡാ സർക്കാരിനും നാണക്കേടായി മാറി. കാനഡയിലെ പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും ട്രൂഡോയ്ക്കെതിരെ ഈ സംഭവം ആയുധമാക്കി.
ട്രംപിന് മുന്നിൽ അടിയറവ് പറയുന്നു
1992 ൽ അമേരിക്കയും കാനഡയും മെക്സിക്കോയും ചേർന്ന് തയ്യാറാക്കിയ 'നാഫ്റ്റ കരാർ"ഡൊണാൾഡ് ട്രംപ് തള്ളിപ്പറഞ്ഞത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. പാലുത്പന്നങ്ങൾ ഉൾപ്പെടെ അമേരിക്കയിൽ നിന്നുളള പല ഉത്പന്നങ്ങൾക്കും അമിത നികുതി ചുമത്തുന്നതിനൊപ്പം, പല കനേഡിയൻ ഉത്പന്നങ്ങൾക്കും പ്രത്യേക പരിരക്ഷ നൽകുന്നു എന്നാരോപിച്ചാണ് 'നാഫറ്റ് "യ്ക്കെതിരെ ട്രംപ് തിരിഞ്ഞത്. ഒടുവിൽ, ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി, പുതിയ കരാറിൽ കാനഡ ഒപ്പുവച്ചു. ഈ കരാർ പ്രകാരം, കാനഡയുടെ പാലുത്പാദന മേഖല അമേരിക്കയ്ക്ക് തുറന്നു കൊടുത്തു. അതോടൊപ്പം കാനഡയുടെ കാർ ഉത്പാദന മേഖലയിൽ പുതിയ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തി. കാനഡയുടെ താത്പര്യങ്ങൾ ബലികഴിച്ചു കൊണ്ടുണ്ടാക്കിയ ഈ കരാറുകളിലൂടെ ട്രംപിന് മുമ്പിൽ, ട്രൂഡോ കീഴടങ്ങുകയായിരുന്നെന്നാണ് കാനഡയിലെ പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
ട്രൂഡോയുടെ ഇരുണ്ട മുഖം
പൊതുതിരഞ്ഞെടുപ്പിന്റെ തീരശ്ശീല ഉയരുന്ന സമയത്താണ് ട്രൂഡോയ്ക്കെതിരെ വംശീയ അധിക്ഷേപ വിവാദം ഉയർന്നത്. ട്രൂഡോയുടെ 29-ാം വയസിൽ അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സ്കൂളിൽ നടത്തിയ ഒരു പാർട്ടിയിൽ നിന്നുമുള്ള ചിത്രമാണ് വംശീയ അധിക്ഷേപ വിവാദത്തിലേക്ക് നയിച്ചത്. മുഖത്തും കഴുത്തിലും കൈകളിലും കറുത്ത നിറം തേച്ചുപിടിപ്പിച്ച് ട്രൂഡോ, കറുത്ത വർഗക്കാരെ ആക്ഷേപിക്കുകയായിരുന്നുവെന്നതാണ് ആരോപണം. തുടർന്ന് അദ്ദേഹം മാപ്പുപറഞ്ഞ്, വിവാദത്തിൽ നിന്നും തലയൂരി.
പ്രധാനമന്ത്രിയായ ശേഷം, ഉയർന്ന ഈ വിവാദങ്ങളാണ് അദ്ദേഹത്തിന്റെ ജനസമ്മതി കാര്യയായി കുറയാൻ ഇടയാക്കിയത്. 2019 ആദ്യപാതിയിൽ നടന്ന അഭിപ്രായ സർവേകളിലെല്ലാം ട്രൂഡോയുടെയും സർക്കാരിന്റെയും ജനസമ്മതി കുറയുകയും കൺസർവേറ്റീവ് പാർട്ടി മുന്നിലെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രധാന എതിരാളി ആൻഡ്രു ഷീറും അദ്ദേഹം നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയുമാണ്. അഴിമതിരഹിതനായ നേതാവെന്ന ട്രൂഡോയുടെ പ്രതിച്ഛായ ഇന്നില്ല. ജനങ്ങൾ അദ്ദേഹത്തെ സംശയദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങി. എത്തിക്സ് കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്ന ശേഷം, തനിയ്ക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. തെറ്റു തിരുത്തുമെന്നും ഭാവിയിൽ ആവർത്തിക്കില്ലെന്നും അദ്ദേഹം ജനങ്ങൾക്ക് വാഗ്ദാനം നൽകി. തെറ്റുപറ്റിയെന്ന പരസ്യ പ്രഖ്യാപനത്തിന് ശേഷം, നടന്ന അഭിപ്രായ സർവേകളിൽ അദ്ദേഹവും ലിബറൽ പാർട്ടിയും തുടർച്ചയായി നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും വ്യത്യസ്തമായി കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ട്രൂഡോ പിന്തുടരുന്നത്.
ഒക്ടോബർ ആദ്യം നടന്ന അഭിപ്രായ സർവേയിൽ കൺസർവേറ്റീവ് പാർട്ടിയെക്കാൾ ഒരു ശതമാനത്തിന്റെ കുറവേ ലിബറൽ പാർട്ടിക്കുള്ളൂ. കൺസർവേറ്റീവ് പാർട്ടിക്കോ, ലിബറൽ പാർട്ടിക്കോ തനിച്ച് ഭൂരിപക്ഷം ലഭിക്കാനുള്ള സാദ്ധ്യത ഇപ്പോഴത്തെ സാഹചര്യത്തിൽ കുറവാണ്. കൂടുതൽ സീറ്റ് ലഭിക്കുന്ന പാർട്ടി, ഏതെങ്കിലും ചെറിയ പാർട്ടിയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് സഖ്യസർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യതയാണ് നിലവിലുള്ളത്.
(ലേഖകന്റെ ഫോൺ : 9847173177 )