jolly

വടകര: കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി ഉൾപ്പെടെ അറസ്റ്റിലായ മൂന്നു പ്രതികളുമായി അന്വേഷണസംഘത്തിന്റെ മാരത്തോൺ തെളിവെടുപ്പിന്റെ ഒന്നാം ദിനം ഇന്നലെ പൂർത്തിയായി. ആദ്യത്തെ മൂന്നു കൊലപാതകങ്ങൾ നടന്ന പൊന്നാമറ്റത്ത് വീട്ടിലെ തെളിവെടുപ്പ് രണ്ടര മണിക്കൂറോളം നീണ്ടു നിന്നിരുന്നു. രാവിലെ 11 മണിയോടെ മുഖ്യപ്രതി ജോളിയെയും രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരെയും വൻ സുരക്ഷാ സന്നാഹത്തോടെ പൊന്നാമറ്റത്ത് എത്തിച്ചപ്പോൾ കൂവിവിളിച്ചാണ് ജനക്കൂട്ടം എതിരേറ്റത്. തെളിവെടുപ്പിനായി പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലെത്തിയപ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നു.

തെളിവെടുപ്പിന് ശേഷം താമരശേരി ഡി.വൈ.എസ്.പി ഓഫീസിൽ എത്തിയ ജോളിക്ക് ഉച്ചഭക്ഷണമായി ബിരിയാണിയാണ് പൊലീസ് വാങ്ങിച്ചു നൽകിയത്. ഉച്ചയ്ക്ക് ഈ ബിരിയാണി കഴിച്ചതിന് ശേഷമാണ് ജോളിയെയും കൊണ്ട് അന്വേഷണ സംഘം പുലിക്കയത്ത് തെളിവെടുപ്പിനായി പോയത്. കൂടാതെ തെളിവെടുപ്പിന് വെള്ളിയാഴ്ച പുറപ്പെടുന്നതിന് മുമ്പ് ജോളിക്ക് പൊലീസുകാർ പുതിയ വസ്ത്രം നൽകി. ബന്ധുക്കൾ വസ്ത്രം എത്തിച്ചു നൽകാതിരുന്നതിനെ തുടർന്ന് അറസ്റ്റിലായതു മുതൽ ആറുദിവസം ജോളി ധരിച്ചത് ഒരേ വസ്ത്രമായിരുന്നു.

വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പിനു പുറപ്പെടും മുമ്പ് വടകര സി.ഐ. പി.എം. മനോജിന്റെ നിർദേശപ്രകാരം വനിതാ പൊലീസുകാരാണ് പുതിയ ചുരിദാർ വാങ്ങിനൽകിയത്. ഈ വസ്ത്രവും ധരിച്ചാണ് തെളിവെടുപ്പിനു പോയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജോളി അറസ്റ്റിലായത്. അന്നു ധരിച്ച വസ്ത്രമാണ് വെള്ളിയാഴ്ച രാവിലെവരെ ധരിച്ചിരുന്നത്. സഹോദരനെ വിളിച്ച് ജോളി വസ്ത്രം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും വസ്ത്രവവുമായി ആരും എത്തിയില്ല. ഈ സാഹചര്യത്തിലാണ് പോലീസ് തന്നെ പുതിയ വസ്ത്രം വാങ്ങിനൽകിയത്.