മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ജനങ്ങൾ കാണുന്നുണ്ടെന്നും അതാണ് പാലായിൽ കണ്ടെതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി കൂടുകയാണെന്നും വർഗീയ കാർഡ് ഇറക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയം പറയുന്നില്ല. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി വിശ്വാസിയായതാണ് ചിലരുടെ പ്രശ്നം. ഈ പരിപാടിയിൽ എത്തിയ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. എന്തിനാണ് ഇവർക്ക് വേവലാതി. വർഗീയ കാർഡിറക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി, ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയുടെ കക്ഷത്തിൽ ആരെങ്കലും വച്ച് നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചു.
വീട്ടിൽ ടിവിയിൽ വാർത്ത കാണാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു കേരളത്തിൽ. ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന നിലയിൽ നിന്നും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 30,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ഈ വർഷം നടപ്പാക്കുന്നത്. ബേക്കൽ കോവളം 600 കിലോമീറ്റർ ജലപാത അടുത്ത വർഷം പൂർത്തിയാകും, ഇത് വരുന്നതോടെ നാടിന്റെ മുഖച്ഛായ മാറും.
റെയിൽ യാത്രാദുരിതം ശാപമായി നിൽക്കുകയാണ് കേരളത്തിൽ. സെമി ഹൈ സ്പീഡ് റെയിൽവേ ലൈൻ വരുന്നതോടെ നാല് മണിക്കൂർ കൊണ്ട് കാസർകോട് നിന്നു തിരുവനന്തപുരം എത്തുമെന്നും എല്ലാ കാര്യങ്ങളും ധ്രുതഗതിയിൽ നീങ്ങുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.