dog

ജീവനുള്ള ഒരു നായക്കുട്ടിയുടെ മൂക്ക് മുറിഞ്ഞ് തറയിൽ വീഴുമോ. കേൾക്കുമ്പോൾ കൗതുകം തോന്നിയേക്കാം. അത്തരത്തിൽ വളർത്ത് നായയുടെ 'മൂക്ക് മുറിഞ്ഞ് നിലത്ത് വീണെന്ന' ജേഡ് മുറേ എന്ന പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കുറിപ്പിന്റെ അവസാനം ഒരു ട്വിസ്റ്റുണ്ട്.


കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. യു.കെയിലെ കാവൻട്രിയിൽ താമസിക്കുന്ന ജേഡ് മുറേയുടെ അമ്മയ്ക്ക് ലെന്നി എന്ന് പേരുള്ള ഒരു പട്ടിക്കുട്ടിയുണ്ട്. അമ്മയുടെ അരുമയായ പട്ടിക്കുട്ടിയെ കുറച്ചുസമയം നോക്കാനിരുന്നതാണ് ജേഡ്. ലെന്നിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തറയിൽ ഒരു സാധനം കിടക്കുന്നത് കണ്ടു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അത് പട്ടിക്കുട്ടിയുടെ മൂക്കാണെന്ന് പെൺകുട്ടിക്ക് മനസിലായത്.

ലെന്നിക്ക് വേദനിക്കുന്നുണ്ടാകും,​ ഈ സംഭവം എങ്ങനെ അമ്മയോട് പറയും എന്നിങ്ങനെയുള്ള നിരവധി ചിന്തകൾ ജേഡിനെ അലട്ടിക്കൊണ്ടിരുന്നു. എന്തായാലും തറയിൽ കിടക്കുന്ന മൂക്ക് കൈയിലെടുക്കാൻ തന്നെ പെൺകുട്ടി തീരുമാനിച്ചു. ധൈര്യം സംഭരിച്ച് അത് കൈയിലെടുത്തപ്പോഴാണ് അക്കാര്യം തിരിച്ചറിഞ്ഞത്.

അത് യഥാർത്ഥത്തിലുള്ള മൂക്കല്ല. ശേഷം ലെന്നിയുടെ അടുത്തേക്ക് പോയി പരിശോധിച്ചപ്പോൾ അതിന്റെ മൂക്കിന് ഒരു കുഴപ്പവുമില്ല. തുടർന്നാണ് ഇത് തന്റെ കളിപ്പാട്ടങ്ങളിലൊരെണ്ണത്തിന്റെ മൂക്കാണെന്നും, ലെന്നി അത് കടിച്ച് കൊണ്ടിട്ടതാണെന്നും പെൺകുട്ടിക്ക് മനസിലായി.

പട്ടിക്കുട്ടിയുടെയും നിലത്ത് നിന്ന് കിട്ടിയ 'മൂക്കിന്റെയും' ചിത്രങ്ങൾ ജേഡ് കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അത് യഥാർത്ഥത്തിലുള്ള മൂക്ക് പോലുണ്ടെന്നും,തെറ്റിദ്ധരിച്ചതിൽ ജേഡിനെ കുറ്റം പറയാൻ പറ്റില്ലെന്നുമാണ് സോഷ്യൽ ചിത്രങ്ങൾ കണ്ടവർ പറയുന്നത്.