"എന്റെ മനസ് ഇപ്പോൾ ബറോസിന്റെ ലഹരിയിലാണ്. ഒരുപാട് ദൂരങ്ങൾ താണ്ടാനുണ്ട്. പല കാര്യങ്ങൾ ചെയ്യാനുണ്ട്". മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ വാക്കുകളാണിത്. "ബറോസ്" എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായമണിയുകയാണ് താരം. സിനിമാ രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ സൂപ്പർസ്റ്റാർ സംവിധാനത്തിനൊരുങ്ങുന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈഡിയർ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് "ബറോസ്–ഗാഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ" ഒരുങ്ങുന്നത്.
നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഫിലിം മേക്കർ എന്ന പേരിലാണ് ജിജോ മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ കൂടാതെ മലയാളത്തിലെ ആദ്യ 70 എം.എം ചിത്രമായ ‘പടയോട്ടം’വും പിറന്നത് ജിജോയുടെ സംവിധാന മികവിൽ തന്നെയാണ്. ഇന്ത്യൻ സിനിമയുടെ ലാൻഡ് മാർക്കെന്നു വിശേഷിപ്പിക്കാവുന്നതാണ് ഈ രണ്ടു ചിത്രങ്ങളും.
‘മൈ ഡിയർ കുട്ടിച്ചാത്തനിൽ’ ജിജോ പുന്നൂസിന്റെ കൂടെ സഹസംവിധായകനായിട്ട് അന്നുണ്ടായിരുന്നത് രാജീവ് കുമാറായിരുന്നു. അദ്ദേഹം ആദ്യമായി സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ചാണക്യൻ, ക്ഷണക്കത്ത്, ഒറ്റയാൾ പട്ടാളം,പവിത്രം,കണ്ണെഴുതി പൊട്ടുംതൊട്ട്, ജലമർമ്മരം തുടങ്ങിയചിത്രങ്ങളിലൂടെ സംവിധാനമികവ് തെളിയിച്ച രാജീവ് കുമാറിന് ജിജോ ഒരു ഗുരുതുല്യൻ കൂടിയായിരുന്നു. ജിജോയിൽ കൂടിയാണ് തന്റെ സിനിമാ പഠനമെന്നും അദ്ദേഹം പറയുന്നു. ശരിക്കും മെെഡിയർ കുട്ടിച്ചാത്തനാണ് സിനിമയിലേക്കുള്ള വഴിതുറന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
"പുതിയൊരു സിനിമയ്ക്കായി തയ്യാറെടുക്കുകയാണെന്നും അതിന്റെ തുടക്കത്തിൽ നിൽക്കുകയാണെന്നും ജിജോയാണ് പറഞ്ഞത്. ചിത്രത്തിൽ നിങ്ങൾക്കും സഹകരിക്കാമെന്ന് പറഞ്ഞ് അദ്ദേഹം കൂടെക്കൂട്ടി. അങ്ങനെയാണ് ഉദയ സ്റ്റുഡിയോയിൽ ചെല്ലുന്നത്. ജിജോ പറഞ്ഞു ത്രിഡിയിലാണ് സിനിമ ചെയ്യുന്നതെന്ന്. സംഭവം ആദ്യം എനിക്ക് മനസിലായില്ല. മനസിലാവാൻ വേണ്ടി അമേരിക്കയിൽ നിന്നും കുറച്ച് ക്ലിപ്പിംഗ് കൊണ്ടുവന്നിട്ടുണ്ട്. അത് ആദ്യം കാണാമെന്നും ശേഷം സിനിമയെ കുറിച്ച് സംസാരിക്കാമെന്നും ജിജോ പറഞ്ഞു.
ആദ്യം ഒരു കണ്ണാടിയാണ് ജിജോ കയ്യിൽ തരുന്നത്. ഈ കണ്ണാടി വച്ചാലെ സിനിമ കാണാൻ സാധിക്കൂള്ളൂ എന്ന് പറയുമ്പോൾ വല്ലാത്ത അത്ഭുതമായിരുന്നു. സിനിമ തന്നെ അത്ഭുതമാണ്. അതിനിടയിൽ കണ്ണാടികൂടി വന്നപ്പോൾ ഇരട്ടി അത്ഭുതംപോലെ തോന്നി. ക്ലിപ്പിംഗ് കണ്ടപ്പോൾ ദൃശ്യങ്ങൾ പുറത്തേക്കിറങ്ങി വരുമ്പോലെയാണ് ആദ്യം തോന്നിയത്. ആ മൂന്ന് മിനിറ്റുള്ള ക്ലിപ്പിംഗ് ആശ്ചര്യം തന്നെയായിരുന്നു.
ജിജോ ശരിക്കും ഒരു ഗുരു എന്നതിലുപരി അദ്ദേഹത്തെ നിരീക്ഷിച്ച് തന്നെയായിരുന്നു ഞാൻ പഠിച്ചത്. സിനിമയെ കുറിച്ച് പറഞ്ഞുതരലൊന്നുമല്ല, അദ്ദേഹത്തെ നിരീക്ഷിച്ച് തന്നെയായിരുന്നു പഠിച്ചത്. അദ്ദേഹത്തിന്റെ പ്രവൃത്തികൾ മാത്രം ഫോളോ ചെയ്താൽ ആർക്കും പഠിക്കാൻ സാധിക്കും. കഠിനാധ്വാനിയും, സിനിമയെ കുറിച്ച് കൃത്യമായി ഹോംവർക്ക് ചെയ്യുന്ന വ്യക്തിയായിരുന്നു ജിജോ. അദ്ദേഹത്തിനു പിന്നാലെ നടന്നു ജിജോയെ കുറിച്ച് ഒബ്സേർവ് ചെയ്തു. അതാണ് എന്റെ സിനിമാ പഠനം"-രാജീവ് കുമാർ പറയുന്നു.