ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് വേദിയായതോടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് മഹാബലിപുരം. ഇന്നലെ ഉച്ചയോടെ ചെന്നൈയിൽ എത്തിയ ഷി ജിൻപിംഗിന് വലിയ സ്വീകരണമാണ് ഒരുക്കിയത്. ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാബലിപുരത്തേക്ക് പോകാൻ തിരഞ്ഞെടുത്തത് ഹെലികോപ്ടറിലാണെങ്കിലും ഷീ ജിൻപിംഗ് തന്റെ യാത്ര റോഡ് മാർഗമാക്കിയത് കൗതുകമുണർത്തുന്ന കാഴ്ചയായി.
ഹെലികോപ്ടർ ഒഴിവാക്കുക എന്ന ചൈനീസ് നയത്തിന്റെ ഭാഗമായിരുന്നു ഷി ജിൻപിംഗ് മഹാബലിപുരത്തേക്കുള്ള 57കിലോമീറ്റർ യാത്ര റോഡ് മാർഗമാക്കിയത്. എന്നാൽ യാത്രക്കായി ഇന്ത്യയിലെ വാഹനങ്ങളെ തിരഞ്ഞെടുക്കാൻ അദ്ദേഹം തയ്യാറായില്ല.
ചൈനീസ് നിർമിത ആഡംബര കാറായ 'ഹോങ്‌ചി'യിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ചൈനീസ് നയത്തിന്റെ ഭാഗമായി ചൈനീസ് നേതാക്കൾ ഹെലികോപ്ടറിൽ സഞ്ചരിക്കാറില്ല. നേതാക്കൾ വിമാനത്തിലും കാറിലും മാത്രമേ സഞ്ചരിക്കാറുള്ളു. ഇക്കാരണത്താലാണ് ഷി കാറിൽ സഞ്ചരിച്ചത്. ജി 20 ഉച്ചക്കോടിക്കെത്തിയപ്പോഴും ചൈനീസ് പ്രസിഡന്റ് ഹെലികോപ്ടർ ഒഴിവാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റുമാർ ഉപയോഗിക്കാറുള്ള കാഡല്ലാക്ക് കമ്പനിയുടെ 'ദി ബീസ്റ്റ്' എന്ന കാറിന് സമാനമാണ് 'ഹോങ്‌ചി'യും.
2014ൽ ന്യൂസിലൻഡ് സന്ദർശിച്ച വേളയിൽ 'ഹോങ്‌ചി'യുടെ എൽ 5 കാറുകളാണ് ഷി ഉപയോഗിച്ചിരുന്നത്. ഈ വർഷം ഏപ്രിൽ മാസത്തിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പസഫിക്ക് രാജ്യങ്ങളിലും സന്ദർശനം നടത്തിയ സമയത്തും 'ഹോങ്‌ചി' യിലായിരുന്നു ഷി സഞ്ചരിച്ചത്. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഹോങ്‌ചി കാറുകൾ ഉപയോഗിക്കുന്നത് കാറിന്റെ അന്താരാഷ്ട്ര പ്രചാരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്. മാവോ സെ തുങിന് ശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവായാണ് ഷി അറിയപ്പെടുന്നത്.
'ഹോങ്‌ചി' അഥവാ ചെങ്കൊടി
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേയശാസ്ത്രമായിട്ടാണ് 'ഹോങ്‌ചി'യെ കണക്കാക്കുന്നത്. 'ഹോങ്‌ചി'എന്ന ചൈനീസ് വാക്കിന്റെ അർത്ഥം ചെങ്കൊടി എന്നാണ്. മാവോ സെ തുങ്ങിന്റെ കാലം മുതൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഉപയോഗിക്കുന്നത് ''ഹോങ്‌ചി' യാണെന്ന പ്രത്യേകതയും ഈ കാറിനുണ്ട്. കൂടാതെ ചൈനയിലെ ഏറ്റവും വിലകൂടിയ കാറുകളിൽ ഒന്നാണിത് . ഏകദേശം ഇന്ത്യൻ രൂപ 56 കോടിയോളം വരും ($801,624). 18 അടി നീളവും 6.5 അടി വീതിയും 3152 കിലോ ഭാരവും ഈ കാറിനുണ്ട്.
മൂന്ന് വേരിയന്റുകളായി എഫ്.എ.ഡബ്യൂ എന്ന കമ്പനിയാണ് 'ഹോങ്‌ചി നിർമ്മിക്കുന്നത്. ഇതിൽ സർക്കാർ വാഹനങ്ങൾക്കായാണ് ഒരു വേരിയന്റ്. 6.0 ലിറ്റർ വി 2 എഞ്ചിനാണ് വാഹനത്തിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. സിക്സ് സ്പീഡ് ആട്ടോമാറ്റിംഗ് ഗിയർ സിസ്റ്റമാണ് വാഹനത്തിലുണ്ട്. 105 ലിറ്റർ ഇന്ധനം ശേഖരിക്കാവുന്ന കാറിൽ ആത്യാധുനിക സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എട്ട് സെക്കന്റ് കൊണ്ട് 100 കിലോ മീറ്റർ വേഗത കാറിന് കൈവരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.