mahabalipuram

മാമല്ലപുരത്തെ വിശേഷങ്ങളാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിറ‌ഞ്ഞു നിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചെെനീസ് പ്രസിഡന്റ് ഷിജിൻ പിംഗും തമ്മിലുള്ള ഉച്ചകോടി നടന്നത് ഇവിടെയാണ്. മഹാബലിപുരത്തെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി കാഴ്ചകളാണ്. ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായാണ് മഹാബലിപുരം അറിയപ്പെടുന്നത്. സ്മാരകങ്ങളും ഗുഹാസ്മാരകങ്ങളും ശില്പങ്ങളും ഒക്കെയുള്ള ഇവിടം യുനസ്കോയുടെ പൈതൃക സ്ഥാനം കൂടിയാണ്.

മോദിയും ഷിജിൻ പിംഗും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് ഒരു കാലത്ത് പേരുകേട്ട ഈ വ്യാപാര കേന്ദ്രത്തിൽ വച്ചാണ്. മഹാബലിപുരം തീരത്തിനു സമീപം പാറക്കെട്ടുകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മഹാബലിപുരം ലൈറ്റ് ഹൗസ് ഇവിടുത്തെ മനോഹരമായ കാഴ്ചകളിലൊന്നാണ്. മഹാബലിപുരത്ത് സന്ദർശിക്കുവാൻ പറ്റിയ മികച്ച സ്ഥലങ്ങളിലൊന്നാണ് ഇവിടുത്തെ മാരിറ്റൈം ഹെറിറ്റേജ് മ്യൂസിയം. ഈജിപ്ഷ്യൻ പാപ്പിറസ് ബോട്ടുകൾ, വുഡൻ, സ്റ്റീൽ, ജീസൽ കപ്പലുകൾ, പുരാതന കാലത്തെ കടൽവഴികളെ കാണിച്ചിരുന്ന ഭൂപടങ്ങൾ, കടൽ യാത്രയിൽ ആശയ വിനിമയത്തിന് ഉപയോഗിച്ചിരുന്ന മാർഗ്ഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവയൊക്കെ ഇവിടെ കാണുവാൻ സാധിക്കും.

mahabalipuram

കടലും കടൽയാത്രകളും താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടം തന്നെയാണിത്. 96 അടി നീളവും 43 അടി ഉയരവുമുള്ള ഒരു ശിലയാണ് കൃഷ്ണ മണ്ഡപം എന്നറിയപ്പെടുന്നത്. ഇന്ദ്രന്റെ കോപത്തിൽ നിന്ന് ജനത്തെ സംരക്ഷിക്കാനായി ഗോവർദ്ധന പർവതം ഉയർത്തി നിൽക്കുന്ന കൃഷ്ണന്റെ കഥ വിവരിക്കുന്ന മണ്ഡപമാണ് ഇത്. ബുദ്ധിസത്തിനു മേൽ വൈദികബ്രാഹ്മണർ ആധിപത്യം സ്ഥാപിച്ച കാലത്താണ് മാമല്ലപുരം മഹാബലിപുരമായതെന്നും പറയപ്പെടുന്നു. ഇവിടെ പ്രധാനപ്പെട്ടതാണ് ഒറ്റക്കൽ ക്ഷേത്രവും.

പഞ്ചരഥം -അഞ്ചു വ്യത്യസ്ത ഒറ്റക്കൽ ക്ഷേത്രങ്ങൾ. ഏഴാംനൂറ്റാണ്ടിൽ പല്ലവരാജവംശകാലത്ത് ഉണ്ടാക്കിയവ. പഞ്ചപാണ്ഡവരുടെയും ഭാര്യ പാഞ്ചാലിയുടെയും പേരാണ് ഇവയ്ക്കോരോന്നിനും. നകുലനും സഹദേവനുംകൂടി ഒരുരഥമാണുള്ളത്. അഞ്ചുരഥങ്ങൾക്കും നടുവിലായി ആനയുടെയും സിംഹത്തിന്റെയും ശില്പവുമുണ്ട്.


അർജുന തപസ്സ്-ഇടതുകാലിൽ നിന്ന് തപസ്സുചെയ്യുന്ന അർജുനന് വലതുവശത്തായി ശിവന്റെ രൂപവും അഭിമുഖമായി ഏതാനും ദേവതകളുടെ രൂപവും കൂറ്റൻ കല്ലിൽ കൊത്തിയിരിക്കുന്നു. പാശുപതാസ്ത്രം ലഭിക്കുന്നതിനായി അർജുനൻ ശിവനെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തിയെന്ന ഐതിഹ്യമാണ് ഈ ശില്പത്തിനാധാരം. ദൈവങ്ങൾക്കുപുറമേ, വേട്ടക്കാരുടെയും ഋഷിമാരുടെയും മൃഗങ്ങളുടെയും രൂപങ്ങളും കൊത്തിയെടുത്തിട്ടുണ്ട്.

mahabalipuram

കടൽക്കര ക്ഷേത്രം (കടൽക്കരൈ കോവിൽ) -ബംഗാൾ ഉൾക്കടലിനോടു ചേർന്ന് എട്ടാംനൂറ്റാണ്ടിൽ പണിത ക്ഷേത്രം. രണ്ടുശിവക്ഷേത്രങ്ങളും ഒരു വിഷ്ണുക്ഷേത്രവുമാണിവിടെയുള്ളത്. ഇവയെച്ചേർത്ത് കടൽക്കരൈ കോവിൽ എന്നുവിളിക്കുന്നു. 2004-ൽ സുനാമിയുണ്ടായപ്പോൾ ഏതാനും ശില്പങ്ങളും കല്ലുകളും തെളിഞ്ഞുവന്നുവെന്ന് നാട്ടുകാർ പറയുന്നു. കടൽക്കരൈ കോവിലിൽ ഏഴുക്ഷേത്രങ്ങളുണ്ടായിരുന്നെന്നും ആറെണ്ണം കടലിൽ മുങ്ങിപ്പോയെന്നുമാണ് ഐതിഹ്യം.

ചെന്നൈയിൽ നിന്നും 55 കിലോമീറ്റർ അകലെയാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ചെന്നൈയാണ്. ഇവിടെ നിന്നും ബസ് വഴിയും ക്യാബ് മുഖേനെയും മഹാബലിപുരത്തെത്താം. രണ്ടു മണിക്കൂർ സമയമാണ് ബസ് യാത്രയ്ക്ക് എടുക്കുന്നത്. ബംഗാൾ ഉൾക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന മഹാബലിപുരത്ത് വർഷം മുഴുവൻ ഈർപ്പം നിറഞ്ഞ കാലാവസ്ഥയാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുന്നതിന് ഏറ്റവും യോജിച്ചത്.