turkey

ഇസ്‌തംബുൾ: ഇന്ത്യയും തുർക്കിയും തമ്മിൽ വർഷങ്ങളായി വലിയ സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യയെക്കാൾ പാകിസ്ഥാനോടാണ് അന്നും ഇന്നും തുർക്കിക്ക് ബന്ധം. ഇന്ത്യയും​ പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ എപ്പോഴും തുർക്കി പാകിസ്ഥാനൊപ്പമാണ് നിലകൊണ്ടിരുന്നത്.

തുർക്കി സ്ഥിതി ചെയ്യുന്നത് തന്ത്ര പ്രധാനമായ മേഖലയാണ്,​ തുർക്കിയുടെ മഹത്തായ ചരിത്രം ഇതൊക്കെയായിരുന്നു തുർക്കിയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകങ്ങൾ. എന്നാൽ ഇന്ത്യ തുർക്കി ബന്ധം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് ഇതിന്റെ മുഖ്യ കാരണം.

കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമായിരുന്നിട്ട് പോലും ഇന്ത്യ പറയുന്നത് കേൾക്കാനുള്ള സാമാന്യ മര്യാദ പോലും തുർക്കി കാണിച്ചില്ല. പാകിസ്ഥാൻ വാദങ്ങൾ മാത്രം കേട്ട് അവർക്കൊപ്പം നിന്നു. എത്ര അടുത്ത സൗഹൃദമുണ്ടായിരുന്ന രാജ്യമാണെങ്കിലും,നമ്മുടെ ഭാഗം കേൾക്കാതെ നമുക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുമ്പോൾ തള്ളിക്കളയേണ്ട സാഹചര്യമാണ്.

ജമ്മു കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. നമുക്ക് കോടതികളുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും. അതിൽ പുറത്തുനിന്നുള്ള ഒരു രാജ്യം കാര്യം മനസിലാക്കാതെ അഭിപ്രായം പറയേണ്ട സാഹചര്യമില്ല. എന്നിട്ടും അടുത്ത ബന്ധം സൂക്ഷിക്കുന്ന തുർക്കിയുടെ ഭാഗത്ത് നിന്ന് അതുണ്ടായി. പതിനാറായിരം കോടി രൂപയുടെ ഒരു കരാർ പിൻവലിച്ച് കൊണ്ടായിരുന്നു ഇന്ത്യ ആദ്യം തിരിച്ചടി നൽകിയത്. ഐക്യരാഷ്ട്രസഭ പോലും ഇന്ത്യയ്ക്കൊപ്പം നിന്ന സമയത്ത് തുർക്കി ഇന്ത്യ വിരുദ്ധ നടപടി സ്വീകരിച്ചു.

അഭിപ്രായം പറയാൻ നിർബന്ധിതമാകുകയാണെങ്കിൽ മാത്രമേ സാധാരണഗതിയിൽ മറ്റ് രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ ഇന്ത്യ പ്രസ്താവന ഇറക്കാറുള്ളു. അല്ലാത്തപ്പോൾ മൗനം പാലിക്കുകയാണ് പതിവ്. ഇനി സംഭവിക്കാൻ പോകുന്നത് തുർക്കിയുമായി ബന്ധപ്പെടുന്ന കാര്യങ്ങളിൽ ഇന്ത്യയും പ്രസ്താവനകൾ ഇറക്കും. ഇതിന് തുർക്കി മറുപടി പറയുകയും ചെയ്യും. സ്വാഭാവികമായും ബന്ധം കൂടുതൽ വഷളാകും.

സിറിയയയിൽ തുർക്കിയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള വ്യോമാക്രമണമാണ് നടത്തിയിരിക്കുന്നത്. സാധാരണ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാത്ത ഇന്ത്യ,​ തുർക്കിയുടെ നടപടിയെ രൂക്ഷമായി എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ്. ഏകപക്ഷീയമാണ് തുർക്കിയുടെ നടപടിയെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. സിറിയ തുർക്കി വിഷയത്തിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമാന്ത്രാലയം വ്യക്തമാക്കി.

തുർക്കിയുടെ യുദ്ധവിമാനങ്ങൾ വടക്ക് കിഴക്കൻ സിറയയുടെ ഭാഗങ്ങളിലെല്ലാം വ്യോമാക്രമണം നടത്തിയിരുന്നു. അമേരിക്കപോലും ശക്തമായ താക്കീത് തുർക്കിക്ക് നൽകിയിട്ടുണ്ട്. ഇത് അമേരിക്കയും തുർക്കിയുമായുള്ള ബന്ധത്തെ ബാധിക്കും.