venue

കൊച്ചി: ഇന്ത്യയിലെ ആദ്യ 'കണക്‌ടഡ് എസ്.യു.വി" എന്ന പെരുമയുമായി വിപണിയിലെത്തിയ ഹ്യുണ്ടായിയുടെ പുത്തൻ കോംപാക്‌റ്റ‌് എസ്.യു.വിയായ വെന്യൂ,​ യൂട്ടിലിറ്റി വാഹന ശ്രേണിയിൽ ഏറ്റവുമധികം വില്‌പന നേടുന്ന താരമായി. നടപ്പുവർഷം മേയ് - സെപ്‌തംബർ കാലയളവിൽ 42,​681 യൂണിറ്റ് വില്‌പനയുമായാണ് ഈ നേട്ടം വെന്യൂ സ്വന്തമാക്കിയതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വ്യക്തമാക്കി.

ബ്ളൂലിങ്ക് ടെക്‌നോളജി,​ ആകർഷകമായ രൂപകല്‌പന,​ മികച്ച പെർഫോമൻസ് തുടങ്ങിയ മികവുകളുള്ള വെന്യൂ ഇതിനകം 75,​000 ബുക്കിംഗുകളും നേടിയിട്ടുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ്.ജെ. ഹാ പറഞ്ഞു. മേയിൽ വിപണിയിലെത്തിയ വെന്യൂവിന്റെ എക്‌സ്‌ഷോറൂം വില 6.50 ലക്ഷം രൂപ മുതൽ 11.1 ലക്ഷം രൂപവരെയാണ്. പെട്രോളിൽ രണ്ടും ഡീസലിൽ ഒന്നും എൻജിൻ ഓപ്‌ഷനുകൾ വെന്യൂവിനുണ്ട്.

ഡ്യുവൽ ക്ളച്ച് ട്രാൻസ്‌മിഷനും 6-സ്‌പീഡ് മാനുവൽ യൂണിറ്റോടും കൂടിയ 1.0 ലിറ്റർ,​ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ,​ 5-സ്‌പീഡ് മാനുവൽ ഗിയർ ബോക്‌സുള്ള,​ 1.2 ലിറ്രർ,​ 4-സിലിണ്ടർ പെട്രോൾ എൻജിൻ,​ 6-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനോട് കൂടിയ,​ 1.4 ലിറ്റർ,​ 4-സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എൻജിൻ എന്നിവയാണ് വെന്യൂവിനുള്ളത്.