ന്യൂഡൽഹി: ജമ്മുകാശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണച്ച മലേഷ്യയ്ക്ക് ചുട്ട മറുപടി നൽകാനൊരുങ്ങി ഇന്ത്യ. മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന പാം ഓയിൽ ഉൾപ്പടെയുള്ള എണ്ണ ഉത്പന്നങ്ങളുടെ നിയന്ത്രണമേർപ്പെടുത്തിയാണ് ഇന്ത്യ മറുപടി നൽകുന്നതെന്ന് കേന്ദ്ര സർക്കാർ-വ്യവസായ വൃത്തങ്ങൾ നൽകുന്ന വിവരം. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനെ ഉദ്ധരിച്ച് അൽ-ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിൽ നടത്തിയ പരമാർശമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. വാണിജ്യ- വ്യവസായ മന്ത്രാലയങ്ങൾ തമ്മിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഒൗദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി പ്രതികരിച്ചു. മലേഷ്യയിൽ നിന്ന് പാം ഓയിൽ നിർത്തി ഇന്തോനേഷ്യ, അർജന്റീന, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാം ഓയിൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും പാം ഓയിൽ ആണ്.
എന്നാൽ മലേഷ്യയിൽ നിന്ന് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തിയാലും ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മലേഷ്യൻ പാം ഓയിൽ കയറ്റുമതിയിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കുന്നതിന് അർജന്റീനയിൽ നിന്നുള്ള സോയോയിൽ, യുക്രെയിനിൽ നിന്നുള്ള സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി വർധിപ്പിച്ചാൽ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മലേഷ്യയിൽ നിന്നുള്ള പാം ഓയിൽ ഇറക്കുമതി കുറച്ചാൽ ഫലത്തിൽ അത് ഇന്തോനേഷ്യയ്ക്കും നേട്ടമായേക്കും. ഇന്ത്യ പാം ഓയിൽ വാങ്ങുന്നത് വർധിപ്പിക്കണമെന്ന് ഇന്തോനേഷ്യ ആഗ്രഹിക്കുന്നു. പകരമായി ഇന്ത്യയിൽ നിന്ന് ഇന്തോനേഷ്യ പഞ്ചസാര വാങ്ങും.
ഇന്ത്യ കാശ്മീരിൽ അധിനിവേശം നടത്തിയെന്നും പാകിസ്ഥാനുമായി ചർച്ച നടത്തണമെന്നുമായിരുന്നു മലേഷ്യൻ പ്രധാനമന്ത്രിയുടെ പരാമർശം. എന്നാൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചിന്തിക്കണം. പരാമർശങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തയ്യാറാവണമെന്നുമായിരുന്നു ഇന്ത്യൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം. മലേഷ്യൻ പ്രധാനമന്ത്രിയോടൊപ്പം തുർക്കിയും ഇന്ത്യയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ എല്ലാ നാട്ടുരാജ്യങ്ങളെ പോലെ തന്നെയാണ് ജമ്മു കാശ്മീരും ഉടമ്പടിയിലൊപ്പു വച്ച് ഇന്ത്യയുടെ ഭാഗമായത്. പാകിസ്ഥാനാണ് കാശ്മീരിൽ അധിനിവേശം നടത്തിയത്. മലേഷ്യൻ സർക്കാർ രണ്ട് രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം കണക്കിലെടുത്ത് ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽ നിന്നും വിട്ടു നിൽക്കണം' വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.