ramesh-

ബംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി. പരമേശ്വരയുടെ പേഴ്‌സണൽ അസിസ്റ്റന്റ് രമേശിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബംഗളൂരു സ്വദേശിയായ രമേശിന്റെ മൃതദേഹം ഇന്നലെ രാവിലെ ബംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

പരമേശ്വരയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ആദായനികുതി റെയ്ഡ് നടന്നതിനു പിന്നാലെയാണ് പ്രധാന സഹായിയുടെ ആത്മഹത്യ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രമേശിനെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. റെയ്ഡിൽ 100 കോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനത്തിന്റെ തെളിവുകൾ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. 8.82 കോടി രൂപയുടെ അനധികൃത ആസ്തി കണ്ടെത്തിയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. 4.6 കോടി രൂപയുടെ സ്ഥിരനിക്ഷേപവും കണ്ടെത്തിയിരുന്നു. പരമേശ്വരയുടെയും കോൺഗ്രസ് നേതാവ് ആർ.എൽ. ജാലപ്പയുടെയും ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ ക്രമവിരുദ്ധമായി അനുവദിച്ചതിലൂടെ കോടികൾ നേടിയെന്ന ആരോപണത്തെത്തുടർന്നാണ് റെയ്ഡ് നടത്തിയത്.

റെയ്ഡ് നടക്കുമ്പോൾ രമേശ് ഒപ്പമുണ്ടായിരുന്നതായും ഒന്നും സംഭവിക്കില്ലെന്നും വിഷമിക്കേണ്ടതില്ലെന്നും രമേശിനോടു പറഞ്ഞിരുന്നതായും പരമേശ്വര അറിയിച്ചു. ജീവനൊടുക്കിയത് എന്തിനെന്ന് അറിയില്ല. വേദനാജനകമായി - പരമേശ്വര പറഞ്ഞു.