modi-plogging-

മാമല്ലപുരം: മാമല്ലപുരം ബീച്ചിൽ മോദി ഇന്നലെ നടത്തിയ പ്രഭാത സവാരിയുടെയും അതിനിടെ ചവറു പെറുക്കിയതിന്റെയും ദൃശ്യങ്ങൾ

സോഷ്യൽ മീഡിയയിൽ വൈറലായി. കറുത്ത ട്രാക് സ്യൂട്ടും കറുത്ത ടി ഷർട്ടും ധരിച്ചായിരുന്നു അരമണിക്കൂർ നീണ്ട നടത്ത. നടക്കുന്നതിനിടെ ബീച്ചിലെ മാലിന്യങ്ങൾ പെറുക്കി ഒരു സഞ്ചിയിൽ ശേഖരിച്ചു. സഞ്ചി തോളിലിട്ട് നടന്ന മോദി അത് ഒപ്പമുണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരൻ ജയരാജിന് കൈമാറി.

പ്രഭാത സവാരിക്കിടെ 'പ്ലോഗിംഗ് ' നടത്തിയതായി മോദി ട്വിറ്ററിൽ കുറിക്കുകയും ചെയ്‌തു. രാവിലെ ജോഗിംഗിനിടെ പ്രകൃതിസംരക്ഷണ നടപടിയായി മാലിന്യങ്ങൾ പെറുക്കുന്നതിനെയാണ് പ്ലോഗിംഗ് എന്ന് പറയുന്നത്. സ്‌കാൻഡിനേവിയൻ രാജ്യങ്ങളാണ് പ്ലോഗിംഗ് പ്രചരിപ്പിച്ചത്.

പട്ടിൽ പിംഗ്

ചുവന്ന പട്ടിൽ നെയ്‌തെടുത്ത പ്രസിഡന്റ് ഷി ജിൻ പിംഗിന്റെ ചിത്രം മോദി അദ്ദേഹത്തിന് സമ്മാനിച്ചു. കോയമ്പത്തൂരിലെ വിദഗ്ദ്ധ നെയ്‌ത്തുകാരാണ് ചിത്രം നെയ്‌തത്. മോദിയുടെ ഒരു ചിത്രം പിംഗ് മോദിക്കും സമ്മാനിച്ചു.

പിംഗിന്റെ ലിമോസിൻ

രാവിലെ ഹോട്ടലിൽ നിന്ന് മോദിയുമായുള്ള ഉച്ചകോടിക്കായി പിംഗ് സഞ്ചരിച്ചത് ചൈനയിൽ നിന്ന് വിമാനത്തിൽ എത്തിച്ച ഹോംഗ്ക്വി ലിമോസിനിലാണ്. ചൈനീസ് നേതാക്കൾ ഹെലികോപ്റ്ററിൽ സഞ്ചരിക്കാത്തതിനാൽ പോകുന്നിടത്തെല്ലാം ഹ്രസ്വയാത്രകൾക്ക് ഈ ലിമോസിൻ കൊണ്ടു പോകും. ഹോംഗ്ക്വി എന്നാൽ ചെങ്കൊടി എന്നാണ് അർത്ഥം.