savvy-short-film

ഷോർട്ട് ഫിലിമുകൾക്ക് ഇക്കാലത്ത് ഒരു പഞ്ഞവുമില്ല. സാങ്കേതിക വിദ്യ ആർക്കും ലഭിക്കാവുന്നതായി മാറിയതോടെ നാടെങ്ങും ഹ്രസ്വചിത്ര സംവിധായകരാണ്. തുടക്കത്തിൽ വിജയം കണ്ട പല പരീക്ഷണങ്ങളുടെയും തുടർച്ചയാണ് ഇപ്പോൾ കണ്ട് വരുന്നത്. ആവർത്തനവിരസതയുടെ അരങ്ങായി മാറിയ ഷോർട്ട് ഫിലിമുകളിൽ ചിലതൊക്കെ ഇപ്പോഴും മികച്ചതാണെന്നതും അംഗീകരിക്കേണ്ടതാണ്.

ഹ്രസ്വചിത്ര സംവിധായകരുടെ സ്ഥിരം കഥാവിഷയം പ്രണയവും തമാശയുമൊക്കെയാണ്. ഇത്തരം സബ്ജക്ടുകൾ പെട്ടെന്ന് ശ്രദ്ധ നേടും എന്നത് തന്നെയാണ് കൂടുതൽ പേരെയും എന്റെർടെയിനറുകളിലേക്ക് ആകർഷിപ്പിക്കുന്ന ഘടകം. ഈ ഒരു പ്രവണതയ്ക്കിടയിൽ വേറിട്ട് നിൽക്കുകയാണ് രാംഗോപാൽ എന്ന യുവസംവിധായകന്റെ ഇംഗ്ളീഷ് ഹ്രസ്വചിത്രം 'സാവി?​' തന്റെ മനസിലെ കാൻവാസിൽ തെളിഞ്ഞ ചിത്രങ്ങൾ പ്രേക്ഷക മനസിലേക്ക് കോരിയിട്ട് അവരിൽ നിന്ന് പല തരം കഥകൾ മെനയുകയാണ് സംവിധായകൻ.

ചിത്രത്തിന്റെ കഥ ഇതാണ് എന്ന് ആർക്കും അവകാശപ്പെടാനാകാത്ത വിധമാണ് സാവിയുടെ മേക്കിംഗ്. 'ടിബറ്റൻ ബുക്ക് ഓഫ് ദ ഡെഡ്' എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'സാവി' തയ്യാറാക്കിയിരിക്കുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള പ്രയാണമാണ് ഇതിവൃത്തം. സാവി എന്ന ഒരു വാടക കൊലയാളിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അയാൾ കാണുന്ന മിഥ്യയെന്നോ സ്വപ്നമെന്നോ യാഥാർത്ഥ്യമെന്നോ പ്രേക്ഷകന്റെ യുക്തി അനുസരിച്ച് മനസിലാക്കാം.

സംവിധായകൻ രാം ഗോപാൽ 'സാവി?' ഒരു ക്രൈം ഫാന്റസി എന്നാണ് വിശേഷിപ്പിക്കുന്നത്.

"സാവി ഒരു പരീക്ഷണ ചിത്രമാണ്. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണെങ്കിലും ഇതൊരു സ്ഥിരം ക്രൈം ത്രില്ലറല്ല. മറിച്ച് ഇതൊരു ക്രൈം ഫാന്റസിയാണെന്ന് പറയാം. ചിത്രത്തിലെ വളരെ കുറച്ച് സംഭാഷണങ്ങളെയുള്ളു. അവ ഇംഗ്ലീഷിലാണ്",​ രാംഗോപാൽ പറയുന്നു.

ഇത്തരമൊരു ചിത്രമെടുക്കാൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടതായി സംവിധായകൻ പറയുന്നുണ്ട്. "ഒരുപാട് കടമ്പകൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഒരു ചിത്രം ഒരു കൂട്ടായ്മുടെ പ്രയത്നത്തിന്റെ ഫലമാണ് എന്ന ഉത്തമവിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് പോയി", രാംഗോപാൽ കൂട്ടിച്ചേർത്തു.

നിരവധി ദേശീയ അന്തർദേശീയ ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ സാവി? പ്രദർശിപ്പിച്ചു കഴിഞ്ഞു. ഒൻപതാമത് ദാദാ സാബേബ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തിന് പ്രത്യേക പരാമർശം ലഭിച്ചു. അന്തർദേശീയ ചലച്ചിത്രോത്സവങ്ങളായ ഡ്രൂക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,​ ഫെസ്റ്റിവൽ ഇൻ ബൂട്ടാൻ, ചിലിയിലെ​ സൗത്ത് ഫിലിം ആൻഡ് ആർട്സ് അക്കാദമി ഫിലിം ഫെസ്റ്റിവൽ,​ ദില്ലിയിലെ കോൺഫ്ലുവൻസ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,​ കൊൽക്കത്ത ഷോർട്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,​ ക്രൗൺവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2019,​ ബൊളീവിയയിൽ നടന്ന ഫൈവ് കോണ്ടിനന്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2019,​ യു.കെയിലെ ലിഫ്റ്റ് ഓഫ് സെഷൻസ് 2019 തുടങ്ങി പ്രമുഖ മേളകളിലേക്ക ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതിൽ പല ചലച്ചിത്രമേളകളിലും സംവിധായകനും ചിത്രത്തിനുമായി നിരവധി പുരസ്കാരങ്ങളും സാവി?​ വാരിക്കൂട്ടി.

മിഡിൽ റോഡ് സിനിമയും ബാക്ക് എൻ‌‌ഡ് പ്രൊ‌ഡക്ഷൻസും ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. ടീം ജാംഗോ സ്പേസ് എന്ന യൂടൂബ് ചാനലിൽ ചിത്രം കാണാവുന്നതാണ്.