rajan

ന്യൂയോർക്ക്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിക്ഷേപം,​ ഉപഭോഗം,​ കയറ്റുമതി,​ ബാങ്കിതര ധനകാര്യ സ്ഥാപനം (എൻ.ബി.എഫ്.സി)​ തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം തിരിച്ചടി നേരിടുകയാണെന്നും ഇതിനു വഴിവച്ചത് മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ നോട്ട് അസാധുവാക്കലും ജി.എസ്.ടിയുമാണെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ പറഞ്ഞു. സ്വയം അധികാര കേന്ദ്രീകൃതമായി കേന്ദ്രസർക്കാർ എടുക്കുന്ന ഏകപക്ഷീയ - രാഷ്‌ട്രീയ - നടപടികൾ സമ്പദ്‌വ്യവസ്ഥയ്ക്ക് അതീവ ഗുരുതരമായി മാറിയേക്കും.

സാമ്പത്തിക രംഗത്ത് തളർച്ച പ്രകടമായി തുടങ്ങിയ വേളയിലാണ് കൂടുതൽ തിരിച്ചടിയുമായി നോട്ട് അസാധുവാക്കലും ജി.എസ്.ടിയും എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബ്രൗൺ യൂണിവേഴ്‌സിറ്രിയിൽ 'ഒ.പി. ജിൻഡാൽ" പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്പദ്‌വളർച്ചയ്ക്ക് പകരം സാമൂഹിക ക്ഷേമത്തിനാണ് മോദി സർക്കാർ ഊന്നൽ നൽകിയത്. സർക്കാരിന്റെ വരുമാനം ഇത്തരത്തിൽ കുറയുമ്പോൾ സമ്പദ്‌‌രംഗം തളരും.

കേന്ദ്രസർക്കാരിന്റെ ധനക്കമ്മിയിൽ 'ഒളിഞ്ഞിരിക്കുന്ന" ഒട്ടേറെ കാര്യങ്ങളുണ്ട്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയെ അത് കൂടുതൽ തളർത്തിയേക്കാം. 2016ലെ ഒമ്പത് ശതമാനം ജി.ഡി.പി വളർച്ചയിൽ നിന്നാണ് ഇന്ത്യയുടെ വീഴ്‌ച. കേന്ദ്രസർക്കാരിന് വളർച്ച സംബന്ധിച്ച് മികച്ച കാഴ്‌ചപ്പാടില്ലെങ്കിൽ അത് സ്ഥിതി കൂടുതൽ മോശമാക്കും.

ഇന്ത്യയെ പോലുള്ള വലിയ സമ്പദ്‌വ്യവസ്ഥയെ കേന്ദ്രത്തിലെ അധികാരത്തിലൂടെ മാത്രം നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഇതാണ് വ്യക്തമാക്കിയത്. വിമർശനങ്ങളെ ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ സർക്കാർ തയ്യാറാകണമെന്നും സത്യം ഏറെക്കാലം മൂടിവയ്‌ക്കാൻ കഴിയില്ലെന്നും രാജൻ പറഞ്ഞു.

''സമ്പദ്‌വളർച്ചയിൽ ശ്രദ്ധിക്കേണ്ടതിന് പകരം നരേന്ദ്ര മോദി സർക്കാർ ഊന്നൽ നൽകിയത് ജനങ്ങളുടെ ക്ഷേമത്തിനാണ്. അത്,​ സർക്കാരിന്റെ വരുമാനത്തെ ബാധിച്ചു. ജനക്ഷേമ പദ്ധതികൾക്കായി കൂടുതൽ പണം ചെലവഴിക്കുമ്പോൾ സമ്പദ്‌വളർച്ച ത്യജിക്കേണ്ടി വരും"",​

ഡോ. രഘുറാം രാജൻ,​

റിസർവ് ബാങ്ക് മുൻ ഗവർണർ

വിമർശനത്തിന് പിന്നിൽ

നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കാൻ റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജനെ പ്രേരിപ്പിച്ച സമീപകാല ഘടകങ്ങൾ ഇവയാണ്:

5%

നടപ്പു സാമ്പത്തിക വർഷത്തെ (2019-20)​ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ജി.ഡി.പി വളർച്ച 5 ശതമാനത്തിലേക്ക് കുറഞ്ഞു.

6 വർഷം

കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും താഴ്‌ന്ന വളർച്ചയാണിത്.

5.3%

ജൂലായ് - സെപ്‌തംബറിൽ വളർച്ചാ പ്രതീക്ഷ 5.3 ശതമാനം.

1.1%

ആഗസ്‌റ്റിൽ വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി)​ ഏഴു വർഷത്തെ താഴ്‌ചയായ 1.1 ശതമാനമായി കുറഞ്ഞു.

5.8%

ധനകാര്യ സ്ഥാപനമായ മൂഡീസ് നടപ്പുവർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ 6.2ൽ നിന്ന് 5.8 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു.

6.1%

നടപ്പുവർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ റിസർവ് ബാങ്ക് നേരത്തേ വിലയിരുത്തിയ ഏഴ് ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചു.