dis

തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി, ഭിന്നശേഷിയുള്ളവരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പുനരധിവാസത്തിനും അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമായി തിരുവനന്തപുരത്ത് സർവകലാശാല വരുന്നു. ഇതിനായി നിയമസഭയിൽ ബിൽ അവതരിപ്പിക്കും.

ഏതുതരം ശാരീരിക - മാനസിക വൈകല്യമുള്ളവർക്കും ഉപജീവനമാർഗം കണ്ടെത്താനുള്ള കോഴ്സുകളും പുനരധിവാസ പദ്ധതികളും സർവകലാശാലയിലുണ്ടാവും. അടുത്തവർഷം കേന്ദ്രാനുമതിക്കായി അപേക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസ് അറിയിച്ചു.

സാമൂഹ്യനീതിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ, ആരോഗ്യസർവകലാശാല വി. സി ഡോ.എം.കെ.സി.നായർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ബാബുജോർജ് എന്നിവരുടെ സമിതി മൂന്ന് മാസത്തിനകം പുതിയ സർവകാലാശാലയ്‌ക്കുള്ള ബിൽ തയ്യാറാക്കും.

ആക്കുളത്തെ നിഷിനെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്) കേന്ദ്ര ഭിന്നശേഷി പുനരധിവാസ സർവകലാശാലയാക്കാൻ കേന്ദ്രസർക്കാർ ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സർവകലാശാലയ്‌ക്കായി ബിൽ തയ്യാറാക്കിയെങ്കിലും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചില്ല. നിഷിനെ കേന്ദ്രസർവകലാശാലയാക്കുമെന്നും ഇതിനായി 1700 കോടി നീക്കിവച്ചെന്നുമുള്ള 2015-16ലെ കേന്ദ്ര ബഡ്‌ജറ്റ് പ്രഖ്യാപനവും വെറുംവാക്കായി. 'നാഷണൽ യൂണിവേഴ്സിറ്റി ഫോർ റീഹാബിലിറ്റേഷൻ സയൻസ് ആൻഡ് ഡിസെബിലിറ്റി സ്റ്റഡീസ് ' എന്നായിരുന്നു കേന്ദ്രസർവകലാശാലയുടെ പേര്. ഇത് പിന്നീട് അസാമിന് അനുവദിച്ചു. യു.ഡി.എഫ് ഭരണകാലത്ത് നിഷിനെ സർവകലാശാലയാക്കാൻ കരട് ബിൽ വരെ തയ്യാറാക്കിയെങ്കിലും കേന്ദ്രസർവകലാശാലാ പ്രഖ്യാപനം വന്നതോടെ തുടർനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

പുതിയ സർവകലാശാല ഇങ്ങനെ

വിതുരയിൽ സർക്കാർ ഏറ്റെടുക്കുന്ന 50ഏക്കറിലാവും സർവകലാശാല

അഞ്ചേക്കറുള്ള ആക്കുളത്തെ 'നിഷ് ' സർവകലാശാലയുടെ ഭാഗമാകും.

നിഷിലെ ബിരുദ, ബിരുദാനന്തര, ആരോഗ്യ കോഴ്‌സുകൾ ഭിന്നശേഷിക്കാരുടെ സർവകലാശാലയിലാവും.

ഓട്ടിസം, കാഴ്ച, കേൾവി, സംസാര തകരാറുകൾ, ശാരീരിക, മാനസിക വെല്ലുവിളികൾ, ന്യൂറോ തകരാറു കാരണമുള്ള പഠനവൈകല്യം തുടങ്ങിയവ ഉള്ളവർക്കായി കോഴ്സുകൾ

പഠനം പൂർത്തിയാക്കുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉറപ്പാക്കും.തൊഴിലവസരങ്ങൾ കണ്ടെത്തും. റിക്രൂട്ട്മെന്റ് നടത്താം

അഫിലിയേറ്റഡ് കോളേജുകളും പ്രാദേശിക കേന്ദ്രങ്ങളും ആരംഭിക്കാംവിദൂരവിദ്യാഭ്യാസവും സാദ്ധ്യം

4000

വിദ്യാർത്ഥികൾക്ക് പഠന,

പരിശീലന സൗകര്യം

''ഭിന്നശേഷിക്കാരുടെ ഉപരിപഠനത്തിനും പുനരധിവാസത്തിനും അവസരമുണ്ടാവും. നിരവധി സാദ്ധ്യതകളുള്ള സർവകലാശാലയാണിത്.''

-ഡോ.എം.കെ.സി.നായർ

വൈസ്ചാൻസലർ

ആരോഗ്യസർവകലാശാല