modi

മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ കത്തെഴുതിയെന്നും ധർണ നടത്തിയെന്നും കാണിച്ച് ആറ് വിദ്യാർത്ഥികളെ പുറത്താക്കി മഹാരാഷ്ട്ര, വർദ്ധയിലെ മഹാത്മാ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം. പീഡന കേസുകളിൽ പ്രതികളായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിലും രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിച്ച് വരുന്നതിലും പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികൾ മോദിക്ക് കത്തെഴുതിയത്. 2019ൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിദ്യാർത്ഥികൾ ചട്ടലംഘനം നടത്തിയെന്നാണ് ആക്റ്റിംഗ് രജിസ്ട്രാർ രാജേഷ് സിംഗ് ഒക്ടോബർ ഒൻപതിന് ഇവരെ പുറത്താക്കിക്കൊണ്ട് നൽകിയ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഈ ദിവസമാണ്, ബഹുജൻ നേതാവ് കാൻഷി റാമിന്റെ ചരമവാർഷികത്തിൽ വിദ്യാർഥികൾ ധർണ നടത്തിയത്.

നൂറോളം പേർ പങ്കെടുത്ത ഈ ധർണയിലുണ്ടായിരുന്ന ദളിത്-ഒ.ബി.സി വിഭാഗത്തിൽ പെട്ടവരെ തിരഞ്ഞുപിടിച്ച് സർവകലാശാല പുറത്താക്കിയെന്നും എന്നാൽ മേൽജാതിക്കരെ സൗകര്യപൂർവം സർവകലാശാല പുറത്താക്കലിൽ നിന്നും ഒഴിവാക്കിയെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഈ സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചുകൊണ്ട് വിദ്യാർത്ഥി സംഘടനയായ ആൾ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷൻ(ഐസ) രംഗത്ത് വന്നിട്ടുണ്ട്. വിദ്യാർത്ഥികളെ പുറത്താക്കിയ സർവകലാശാലയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ച സംഘടന, വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെട്ടിക്കുറയ്ക്കുവാൻ കഴിയില്ല എന്നും ഇനിയും ആയിരം പേർ അനീതികളെ കുറിച്ച് സംസാരിക്കുമെന്നും പ്രസ്താവിച്ചു.