palm-malasia-

ന്യൂഡൽഹി,​ മുംബയ്: മലേഷ്യയിൽനിന്നുള്ള പാമോയിൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും മറ്റ് ചില ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനും ഒരുങ്ങി ഇന്ത്യ. കേന്ദ്ര സർക്കാരിന്റെ വ്യാവസായിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീർ വിഷയത്തിൽ പാകിസ്ഥാനൊപ്പം നിന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് യു.എന്നിൽ നടത്തിയ പരാമർശങ്ങൾക്ക് തിരിച്ചടിയെന്നോണമാണ് ഇന്ത്യയുടെ നടപടി.

ജമ്മു കാശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്ന മഹാതിർ മുഹമ്മദിന്റെ പരമാർശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. മലേഷ്യയുടെ പ്രധാന വരുമാനമാർഗമായ പാമോയിൽ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ഇന്ത്യയുടെ തീരുമാനം മലേഷ്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം. പരിഗണനയിലുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു. മലേഷ്യൻ പ്രധാനമന്ത്രി കഴിഞ്ഞ മാസം യു.എന്നിൽ ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിൽ കടുത്ത അതൃപ്തി അറിയിക്കാൻ ആഗ്രഹിക്കുന്നതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മലേഷ്യയെ ഒഴിവാക്കി,​ ഇന്തോനേഷ്യ, അർജന്റീന, ഉക്രെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാമോയിൽ വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. അതേസമയം,​ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് പ്രതിവർഷം 9 ദശലക്ഷം ടണ്ണിലധികം പാമോയിലാണ് ഇന്ത്യ വാങ്ങുന്നത്. മലേഷ്യൻ പാമോയിൽ ബോർഡിന്റെ കണക്കനുസരിച്ച് 2019ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏറ്റവും അധികം പാമോയിൽ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടൺ.

 നോട്ടമിട്ട് ഇന്തോനേഷ്യ

മലേഷ്യയിൽ നിന്നുള്ള പാം ഓയിൽ ഇറക്കുമതി കുറച്ചാൽ ഫലത്തിൽ അത് ഇന്തോനേഷ്യയ്ക്കാണ് നേട്ടമാവുക. ഇന്ത്യ പാമോയിൽ വാങ്ങുന്നത് വർദ്ധിപ്പിക്കണമെന്നാണ് ഇന്തോനേഷ്യയുടെ ആഗ്രഹം. പകരം ഇന്ത്യയിൽ നിന്ന് അവർ പഞ്ചസാര വാങ്ങും.

 നായിക്കിനെച്ചൊല്ലിയും പിണക്കം

മതപ്രഭാഷകൻ സാക്കിർ നായിക്കിനെച്ചൊല്ലി ഇന്ത്യയും മലേഷ്യയും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. അദ്ദേഹത്തെ മലേഷ്യയിൽ നിന്ന് നാടുകടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 2016 ൽ ഇന്ത്യൻ ഭീകരവിരുദ്ധ ഏജൻസി നായിക്കിന്റെ വിദ്വേഷ പ്രഭാഷണം മലേഷ്യ പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ചിരുന്നു.