case-diary-

കുന്നംകുളം : തൊഴിയൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ സുനിലിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ. തീവ്രവാദ സംഘടനയായ ജംഇയത്തുൽ ഹിസാനിയയുടെ പ്രവർത്തകനാണ് കൊലയ്ക്ക് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ചാവക്കാട് തിരുവത്ര സ്വദേശി മൊയ്‌നുദ്ദിനാണ് പിടിയിലായത്.

ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് ഏഴ് സി.പി.എം പ്രവർത്തകരെ പ്രതിയാക്കിയിരുന്നു. ഇവരിൽ നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതിയാണ്.

1994 ഡിസംബർ നാലിനായിരുന്നു ആർ.എസ്.എസ് പ്രവർത്തകൻ സുനിലിനെ വീട്ടിൽ കയറി ഒരുസംഘം കൊലപ്പെടുത്തിയത്. കേസിൽ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഏഴ് സി.പി.എം പ്രവർത്തകരും മറ്റുള്ളവർ തിരുത്തൽവാദി വിഭാഗം

കോൺഗ്രസിൽപ്പെട്ടവരുമായിരുന്നു. ഇതിൽ നാല് സി.പി.എം പ്രവർത്തകരെ കീഴ്‌കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചില സുപ്രധാനമായ വെളിപ്പെടുത്തലുണ്ടാവുന്നത്. തീവ്രവാദസ്‌ക്വാഡുകൾ പരിശോധന നടത്തുന്നതിനിടെയാണ് തൊഴിയൂരിലെ കൊലപാതകത്തിന് പിന്നിൽ ജംഇയത്തുൽ ഹിസാനിയുടെ പ്രവർത്തകരാണെന്നറിയുന്നത്. തുടർന്ന് പ്രതികൾ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 2017ലാണ് സർക്കാർ പുനരന്വേഷണത്തിന് ഇത്തരവിട്ടത്.

തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ് സുനിലിനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിക്കു കൈമാറി. ഈ റിപ്പോർട്ട് പരിശോധിച്ച കോടതി സുനിൽവധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ്, റഫീഖ് തുടങ്ങിയവരെ കുറ്റവിമുക്തരാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകർ, ശങ്കരനാരായണൻ എന്നിവർ അടങ്ങിയ ബെഞ്ച് ജംഇയത്തുൽ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ടു കൊലപാതകങ്ങളും പുനരന്വേഷിക്കാൻഉത്തരവിടുകയായിരുന്നു.

രണ്ടുവര്‍ഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയായ മൊയ്‌നുദ്ദീന്‍ പിടിയിലാവുന്നത്. മലപ്പുറത്തുവെച്ചാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുനിലിനെ കൊലപ്പെടുത്തുമ്പോൾ ഇയാൾ കരാട്ടെ അധ്യാപകനായിരുന്നു. ഇപ്പോൾ മലപ്പുറത്ത് ഹോട്ടൽ തൊഴിലാളിയാണ്. കേസിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ചേകന്നൂർ വധക്കേസിലെ മുഖ്യപ്രതിയായ സെയ്ദലവി അൻവരിയാണ് ഈ കേസിലെയും മുഖ്യപ്രതി