ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സഹോദരന്റെ മകളായ ദമയന്തി ബെൻ മോദിയുടെ പേഴ്‌സും മൊബൈലും കവർച്ചാ സംഘം തട്ടിയെടുത്തു. പഞ്ചാബിലെ അമൃത്സറിൽ നിന്നും ഇന്ന് രാവിലെ ഡൽഹിയിലെത്തിയ ദമയന്തി അവിടെയുള്ള ഗുജറാത്തി സമാജ് ഭവനിൽ മുറി ബുക്ക് ചെയ്തിരുന്നു. സിവിൽ ലൈനിലുള്ള സമാജ് ഭവനിലേക്ക് ഓട്ടോയിൽ വന്നിറങ്ങുമ്പോൾ കെട്ടിടത്തിന്റെ ഗേറ്റിന് മുൻപിൽ വച്ചായിരുന്നു ബൈക്കിലെത്തിയ കവർച്ചക്കാർ ദമയന്തിയുടെ 56,000 രൂപ അടങ്ങുന്ന പേഴ്‌സും മൊബൈൽ ഫോണും പിടിച്ചുപറിച്ചത്. ഓൾഡ് ദൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ദമയന്തി സമാജ് ഭവനിലേക്ക് ഓട്ടോ പിടിച്ചത്.
കവർച്ചക്കാർ തട്ടിയെടുത്ത തന്റെ പേഴ്‌സിൽ വിലപ്പെട്ട ഏതാനും രേഖകൾ ഉണ്ടായിരുന്നുവെന്നാണ് ദമയന്തി ഡൽഹി പൊലീസിനോട് പറഞ്ഞത്. ഡൽഹി മുഖ്യമന്ത്രീ അരവിന്ദ് കേജരിവാളിന്റെയും ഡൽഹി ഗവർണറുടെയും വസതികൾക്ക് അടുത്തായാണ് ഗുജറാത്തി സമാജ് ഭവൻ സ്ഥിതി ചെയ്യുന്നത്. ദമയന്തിയിൽ നിന്നും പരാതി സ്വീകരിച്ചതായും വിഷയത്തിൽ തങ്ങൾ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ നിന്നും സിവിൽ ലൈൻ വരെ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ തങ്ങൾ പരിശോധിച്ച് വരികയാണെന്നും അധികം താമസിയാതെ തന്നെ പ്രതികളെ പിടികൂടാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഡൽഹി പൊലീസ് പറയുന്നു.