sanju-samson

ആളൂർ: വിജയ് ഹസാരെ ട്രോഫിയിൽ ചിരിത്രം കുറിച്ച ഡബിൾ സെഞ്ച്വറി ഇന്നിംഗ്സുമായി ഇന്ത്യൻ ടീമിലേക്കുള്ള വിളിക്ക് കാതോർത്ത് സഞ്ജു സാംസൺ. ഇന്നലെ എലൈറ്റ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ സഞ്ജു സാംസണിന്റെ (പുറത്താകാതെ 212) ഡബിൾ സെഞ്ച്വറിയുടെ പിൻബലത്തിൽ കേരളം ഗോവയെ 104 റൺസിന് കീഴടക്കി. സഞ്ജുവിനെക്കൂടാതെ സച്ചിൻ ബേബി കേരളത്തിനായി (127) സെഞ്ച്വറി നേടി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത അമ്പതോവറിൽ 3 വിക്കറ്ര് നഷ്ടത്തിൽ 373 റൺസാണ് നേടിയിത്. ലിസ്റ്ര് എ മത്സരങ്ങളിൽ കേരളത്തിന്റെ ഏറ്രവും ഉയർന്ന സ്കോറാണിത്. മറുപടിക്കിറങ്ങിയ ഗോവയ്ക്ക് 50 ഓവറിൽ 8 വിക്കറ്ര് നഷ്ടത്തിൽ 273 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

കേരളത്തിന്റെ തുടക്കം തൃപ്തികരമായിരുന്നില്ല. ടീം സ്കോർ 15ൽ വച്ച് നായകൻ റോബിൻ ഉത്തപ്പയെ (10) കേരളത്തിന് നഷ്ടമായി. തുടർന്ന് വിഷ്ണു വിനോദും (7) വലിയ ചെറുത്ത് നില്പില്ലാതെ കൂടാരെ കയറിയതോടെ കേരളം 31/2 എന്ന നിലയിലായി. എന്നാൽ അവിടെ വച്ച് ക്രീസിൽ ഒന്നിച്ച സ‌ഞ്ജുവും സച്ചിനും മത്സരത്തിന്റെ ഗതി മാറ്രുകയായിരുന്നു. ഇരുവരും 3-ാം വിക്കറ്രിൽ 338 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ട് പടുത്തുയർത്തി. 8മത്തെ ഓവറിലെ അവസാന പന്തിൽ ക്രീസിൽ ഒന്നിച്ച ഇരുവരും പിരിയുന്നത് അമ്പതാമത്തെ ഓവറിലെ രണ്ടാം പന്തിലാണ്. സച്ചിനെ കൗതാൻകറുടെ കൈയിൽ എത്തിച്ച് ഗർഗാണ് കൂട്ടുകെട്ട് പൊളിച്ചത്. 135 പന്ത് നേരിട്ട് 7 ഫോറും 4 സിക്സും ഉൾപ്പെടെയാണ് സച്ചിൻ 127 റൺസ് നേടിയത്. സഞ്ജുവിന്റെ ഇന്നിംഗ്സ് 129 പന്തിൽ 21 ഫോറും 10 സിക്സും ഉൾപ്പെട്ടതാണ്. മറുപടിക്കിറങ്ങിയ ഗോവ 153ൽ എത്തിയപ്പോൾ മഴമത്സരം തടസപ്പെടുത്തിയിരുന്നു.

കേരളത്തിനായി സന്ദീപ് വാര്യരും എം.ഡി.നിധീഷും അക്ഷയ് ചന്ദ്രനും രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.