കോഴിക്കോട് കൂടത്തായി കൊലപാതകങ്ങളുടെ അന്വേഷണം തടസപ്പെടുത്താൻ ജോളി നടത്തിയത് വൻനാടകം. കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാൻ ജോളി ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. കല്ലറ തുറന്ന് പരിശോധന നടത്തിയാൽ ആത്മാക്കൾക്ക് പ്രശ്നമുണ്ടാകുമെന്ന് കുടുംബാംഗങ്ങൾക്കിടയിൽ ജോളി പ്രചരിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവഴി വിശ്വാസം മുതലെടുത്ത് അന്വേഷണം തടസപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്നും റൂറൽ എസ്.പി. കെ.ജി സൈമൺ പറഞ്ഞു.
"കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് കൊടുത്തതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. കേരള പോലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊര് കേസ് ഉണ്ടായിട്ടില്ല. ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവർ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കിൽ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു.അതു കൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐ.പി.എസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീർണമാണ് കേസും പ്രതിയും", എസ്.പി സൈമൺ പറഞ്ഞു.
കൂടത്തായിയിലെ കല്ലറ തുറക്കുന്നതിന് ജോളി ഭയപ്പെട്ടിരുന്നുവെന്ന് സുഹൃത്ത് ഏലിയാമ്മയും പറഞ്ഞിരുന്നു. രണ്ടുദിവസം മുമ്പ് തന്നെ താൻ പിടിക്കപ്പെടുമെന്ന് ജോളി പറഞ്ഞിരുന്നു. ജോളി ഭയപ്പെട്ടിരുന്നുവെന്നും പരിഭ്രാന്തി കാണിച്ചിരുന്നുവെന്നും മക്കളുടെ കാര്യത്തിൽ ജോളിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും ഏലിയാമ്മ കൂട്ടിച്ചേർത്തു. കോടഞ്ചേരി പള്ളിയിലെ പൊന്നാമറ്റം കുടുംബത്തിന്റെ കല്ലറകൾ ജില്ലാ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചതോടെയാണ് കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്.