മുൻ ക്രിക്കറ്റ് താരമായ എസ്.ശ്രീശാന്ത് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. ഹൊററും കോമഡിയും ഒത്തുചേർന്ന ചിത്രത്തിൽ ശ്രീശാന്തിനോടൊപ്പം എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ നടി ഹൻസികയാണ്. നായികാ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ ഇരട്ടസംവിധായകരായ ഹരിശങ്കറും ഹരീഷ് നാരായണനും ചേർന്നായിരിക്കും. ഇരുവരും തമിഴിലെ ആദ്യ സ്റ്റീരിയോസ്കോപിക് ത്രീ ഡി ചിത്രമായ 'അമ്പുലി' സംവിധാനം ചെയ്ത് പേരെടുത്തവരാണ്. ആ, ജംബുലിംഗം എന്നീ ചിത്രങ്ങൾക്ക് പിന്നിലും ഈ സംവിധാന കൂട്ടായ്മയാണ്. ഏതാനും മാസങ്ങളായി ശ്രീശാന്ത് അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു.
മുൻപ്, ഹിന്ദിയിലും മലയാളത്തിലും ശ്രീശാന്ത് തന്റെ അഭിനയത്തിലുള വാസന പ്രകടമാക്കിയിട്ടുണ്ട്. അക്‌സർ 2. ടീം 5 എന്നിവയാണ് യഥാക്രമം അദ്ദേഹമഭിനയിച്ച ഹിന്ദി, മലയാളം ചിത്രങ്ങൾ. എന്നാൽ ഇതാദ്യമായാണ് ശ്രീശാന്ത് ഒരു തമിഴ് സിനിമയുടെ ഭാഗമാകുന്നത്. ഹൻസികയോടൊപ്പം ശ്രീശാന്ത് എത്തുന്ന ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അണിയറപ്രവർത്തകർ പരസ്യമാക്കിയിട്ടില്ല. ഐ.പി.എല്ലിൽ ഒത്തുകളിച്ചുവെന്ന് ആരോപിച്ച് ശ്രീശാന്തിന് മേൽ ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് ആ വിലക്ക് സുപ്രീംകോടതി വെട്ടിച്ചുരുക്കിയത്. 2020 മുതൽ ശ്രീശാന്ത് കളിക്കളത്തിലിറങ്ങും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ.