kanakaraj

മൂന്നാർ: രാജമലയിൽ വാഹനത്തിൽ നിന്നു രാത്രി റോഡിൽ വീണ കുഞ്ഞിനെ രക്ഷിച്ചത് ആട്ടോഡ്രൈവർ കനകരാജാണെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വനംവകുപ്പു ജീവനക്കാർ പേടിച്ചു നോക്കിനിൽക്കെയാണ്‌ കനകരാജ് കുഞ്ഞിനെ രക്ഷിച്ചത്.

റോഡിൽ ഇഴഞ്ഞുനീങ്ങിയ കുട്ടിയെ കനകരാജ് എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ വനംവകുപ്പുദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷിച്ചതെന്ന വാദം പൊളിഞ്ഞു. പ്രേതസാന്നിദ്ധ്യമുള്ള പ്രദേശമാണെന്ന വിശ്വാസവും തല മൊട്ടയടിച്ച് വസ്ത്രം ധരിക്കാത്ത കുഞ്ഞിനെ കണ്ട് പ്രേതമാണെന്ന തെറ്റിദ്ധാരണയിലുണ്ടായ ഭീതിയും കാരണം വാച്ചർമാർ കുഞ്ഞിന്റെ സമീപത്തേക്ക് പോയില്ല. ജീപ്പിൽനിന്നു വീണ കുട്ടി ചെക്‌പോസ്റ്റിന് സമീപത്തേക്ക് മുട്ടിലിഴഞ്ഞെത്തിയിരുന്നു. പിന്നീട് കനകരാജ് കുഞ്ഞിനെ എടുത്ത് വാച്ചർമാരെ ഏൽപ്പിക്കുകയായിരുന്നു.

ആദ്യം പ്രചരിച്ച ദൃശ്യങ്ങളിൽ നിന്ന് കനകരാജ് കുട്ടിയെ എടുത്തുനീങ്ങുന്ന ഭാഗം ഒഴിവാക്കിയിരുന്നു. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ട മൂന്നാമത്തെ വ്യക്തിയെ കുറിച്ചുള്ള അന്വേഷണമാണ് കനകരാജാണ് കുട്ടിയെ രക്ഷിച്ചതെന്ന വിവരം പുറത്തെത്തിച്ചത്.

സെപ്തംബർ എട്ടിനാണ് പഴനിയിൽ പോയി മടങ്ങുകയായിരുന്ന ജീപ്പിൽ നിന്ന് ഒന്നരവയസുകാരി റോഡിലേക്ക് വീണത്. കമ്പളിക്കണ്ടം സ്വദേശികളായ മാതാപിതാക്കൾ സംഭവസ്ഥലത്ത് നിന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞത്. അപ്പോൾ തന്നെ പോലീസിൽ വിവരമറിയിച്ചു. വനംവകുപ്പ് വാച്ചർമാർ പോലീസിന് കൈമാറിയ കുട്ടിയെ സംഭവദിവസം രാത്രി തന്നെ മാതാപിതാക്കൾക്ക് തിരികെ നൽകി.

കമ്പിളിക്കണ്ടം സ്വദേശികളായ സതീഷ്–സത്യഭാമ ദമ്പതികളുടെ കുഞ്ഞായിരുന്നു അത്. രാജമല അഞ്ചാംമൈലിൽ വളവ് തിരിയുന്നതിനിടയിൽ മാതാവിന്റെ കൈയിൽ നിന്നു കുഞ്ഞ് തെറിച്ചു വീഴുകയായിരുന്നു. അതറിയാതെ ജീപ്പ് ഓടിച്ചുപോയി. മൂന്നുമണിക്കൂർ സഞ്ചരിച്ച് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ നഷ്ടമായ വിവരം അറിഞ്ഞത്.